താൻ മാനസികസമ്മർദ്ദത്തിൽ ആണെന്ന് സ്റ്റിസിപാസ്

ഇന്ന് യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ സ്റ്റെഫനോസ് സ്റ്റിസിപാസ് താൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്ന് വ്യക്തമാക്കി. ആന്ദ്ര റൂബ്ളേവിനെതിരായ മത്സരത്തിനിടയിൽ അമ്പയറെ പോലും അപമാനിക്കുന്ന സ്റ്റിസിപാസിന്റെ മറ്റൊരു മുഖം ആണ് ലോകം കണ്ടത്. ടെന്നീസിന്റെ ഭാവി സൂപ്പർ താരങ്ങളിൽ ഒരാൾ എന്നു പലരും പ്രവചിക്കുന്ന 21 കാരനായ സ്റ്റിസിപാസിന്റെ അമ്പയറെ അപമാനിച്ചുള്ള പരാമർശം ഭയങ്കര വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. നിങ്ങളൊക്കെ കോമാളികൾ ആണെന്നായിരുന്നു അമ്പയറോട് സ്റ്റിസിപാസ് പറഞ്ഞത്. പലപ്പോഴും അമ്പയർ തനിക്ക് എതിരായിരുന്നു എന്നും ഗ്രീക്ക് താരം കുറ്റപ്പെടുത്തി.

എന്നാൽ ഈ വർഷം തന്നെ 20 തിലേറെ ടൂർണമെന്റുകളിൽ പങ്കെടുത്ത സ്റ്റിസിപാസ് പിന്നീട് നടത്തിയ വാർത്തസമ്മേളനത്തിൽ തന്റെ മാനസിക സമ്മർദ്ദത്തെ കുറിച്ച് തുറന്നു പറഞ്ഞു. പലപ്പോഴും ആവർത്തന വിരസത തനിക്ക് അനുഭവപ്പെടുന്നതായി പറഞ്ഞ സ്റ്റിസിപാസ് തന്റെ ശരീരത്തിനൊത്ത് മനസ്സ് എത്തുന്നില്ല എന്നും കൂട്ടിച്ചേർത്തു. താൻ എന്തിനെങ്കിലും ആയി കളിക്കുന്നു എന്ന ചിന്ത തനിക്ക് നഷ്ടമായെന്നും താൻ അത്രയൊന്നും പ്രചോദിനൻ അല്ലെന്നും ഗ്രീക്ക് താരം പറഞ്ഞു. എന്നാൽ ഈ പ്രതിസന്ധി താൽക്കാലികമാണെന്നും സ്റ്റിസിപാസ് ശക്തമായി തിരിച്ചെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Previous article“നെയ്മറും റൊണാൾഡോയുമല്ല ലാ ലീഗയുടെ പ്രതീകം ലയണൽ മെസ്സി”
Next articleപൊരുതി ജയിച്ച് അയാക്സ് ചാമ്പ്യൻസ് ലീഗിലേക്ക്