യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു, സ്റ്റിസിപാസ്, അഗ്യൂറ്റ് ആദ്യ റൗണ്ടിൽ പുറത്ത്

യു.എസ് ഓപ്പണിൽ അട്ടിമറികൾ ഇന്നും തുടർന്നപ്പോൾ അടിപതറി വലിയ സീഡുകാർ. പലരും പ്രതീക്ഷിച്ച പോലെ സീഡ് ചെയ്യാത്ത റഷ്യൻ താരം ആന്ദ്ര റൂബ്ളേവിനു മുന്നിൽ ഗ്രീക്ക് താരവും എട്ടാം സീഡുമായ സ്റ്റെഫനോസ് സ്റ്റിസിപാസ് വീണു. 21 വയസ്സുകാർ തമ്മിലുള്ള പോരാട്ടത്തിൽ രണ്ട് ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 4 സെറ്റുകൾക്ക് ഒടുവിൽ 6-4,6-7,7-6,7-5 എന്ന സ്കോറിന് ആയിരുന്നു റൂബ്ളേവ് ജയം കണ്ടത്. മത്സരത്തിൽ മികച്ച പോരാട്ടം ആണ് ഇരു താരങ്ങളും പുറത്ത് എടുത്തത്, എന്നാൽ മത്സരത്തിനിടെ അമ്പയറോട് പോലും കയർത്ത സ്റ്റിസിപാസിന് മുകളിൽ ആധിപത്യം നേടാൻ റഷ്യൻ താരത്തിനു ആയപ്പോൾ മത്സരം റൂബ്ളേവിനു സ്വന്തം. ആദ്യ സെറ്റിൽ റൂബ്ളേവ് ആധിപത്യം നേടിയപ്പോൾ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ സ്റ്റിസിപാസ് നേടി. എന്നാൽ സ്റ്റിസിപാസിന്റെ കനത്ത വെല്ലുവിളി അടുത്ത രണ്ടു സെറ്റിലും അതിജീവിച്ച റഷ്യൻ താരം 2017 നു ശേഷം യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് പ്രേവേശനം നേടി.

അതേസമയം കസാഖ് താരം മിഖായേൽ കുഷ്കിനോട് 5 സെറ്റ് നീണ്ട പോരാട്ടത്തിൽ തോറ്റ 10 സീഡും ഈ വർഷത്തെ വിംബിൾഡൺ സെമി ഫൈനലിസ്റ്റും ആയ 31 കാരൻ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റും യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ആദ്യ സെറ്റ് 6-3 നു നേടി നന്നായി തുടങ്ങിയ സ്പാനിഷ് താരത്തിനു അടുത്ത രണ്ടു സെറ്റ് നേടി മറുപടി നൽകിയ കസാഖ് താരം നാലാം സെറ്റ് കൈവിട്ടു എങ്കിലും അഞ്ചാം സെറ്റിൽ ശക്തമായി തിരിച്ചെത്തി മത്സരം സ്വന്തം പേരിൽ ആക്കി. സ്‌കോർ 3-6,6-1,6-4,3-6,6-3. അതേസമയം സെർബിയൻ താരം മാർട്ടി ക്ലിസാനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു 22 സീഡ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചും തോബിയോസ് കാമ്കയെ 4 സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ച് സ്പാനിഷ് താരം 32 സീഡ് ഫെർണാണ്ടോ വെർഡാസ്കോയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

Previous articleയൂറോ യോഗ്യതക്കുള്ള വെയിൽസ് ടീമിൽ നിന്ന് ആരോൺ റമ്സി പിന്മാറി
Next articleനാലാം സീഡ് ഡൊമിനിക് തീമും യു.എസ് ഓപ്പണിൽ നിന്ന് പുറത്ത്