ജ്യോക്കോവിച്ചിനെ ആദ്യം ഞെട്ടിച്ചു പിന്നെ കീഴടങ്ങി ബ്രുക്സ്ബി,ക്വാർട്ടറിൽ വിംബിൾഡൺ ഫൈനൽ ആവർത്തനം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പണിൽ യോഗ്യത നേടി എത്തിയ സീഡ് ചെയ്യാത്ത അമേരിക്കൻ യുവ താരം ജെൻസൻ ബ്രുക്സ്ബിയെ മറികടന്നു നൊവാക് ജ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ. ആർതർ ആഷെ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ പതിനായിരക്കണക്കിന് ആരാധകരുടെ പിന്തുണയിൽ കളിക്കാൻ ഇറങ്ങിയ ബ്രുക്സ്ബി 6-1 നു ആദ്യ സെറ്റ് നേടി ആരാധകരെയും ജ്യോക്കോവിച്ചിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എന്നാൽ തുടർന്ന് തന്റെ താളം കണ്ടത്തിയ ജ്യോക്കോവിച്ച് 6-3, 6-2, 6-2 എന്ന തുടർന്നുള്ള സെറ്റുകൾ നേടി മത്സരം സ്വന്തം പേരിലാക്കി. 21 മത്തെ ഗ്രാന്റ് സ്‌ലാമും കലണ്ടർ സ്‌ലാമും ലക്ഷ്യമിട്ട് യു.എസ് ഓപ്പണിൽ ഇറങ്ങുന്ന ജ്യോക്കോവിച്ച് തനിക്ക് എതിരെ തിരിഞ്ഞ ആരാധകരെ ഒരിക്കൽ കൂടി നിശ്ശബ്ദമാക്കി. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് ബ്രുക്സ്ബിയെ ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തത്.

ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ വിംബിൾഡൺ ഫൈനലിൽ ജ്യോക്കോവിച്ച് തോൽപ്പിച്ച ഇറ്റാലിയൻ താരവും ആറാം സീഡുമായ മറ്റെയോ ബരെറ്റിനി ആണ് താരത്തിന്റെ എതിരാളി. സീഡ് ചെയ്യാത്ത ജർമ്മൻ താരം ഓസ്കാർ ഓട്ടെയെ നാലു സെറ്റിൽ ആണ് ബരെറ്റിനി വീഴ്ത്തിയത്. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത ഇറ്റാലിയൻ താരം ആദ്യ സെറ്റ് 6-4 നു നേടിയെങ്കിലും രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ തുടർന്നുള്ള രണ്ടു സെറ്റും 6-3, 6-2 എന്ന സ്കോറിന് ജയം കണ്ട ബരെറ്റിനി ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. ക്വാർട്ടറിൽ ജ്യോക്കോവിച്ചിനോട് പ്രതികാരം ചെയ്യാൻ ഇറ്റാലിയൻ ഒന്നാം നമ്പറിന് ആവുമോ എന്നു കണ്ടറിയാം.