ഒരേയൊരു ജയം അകലെ എല്ലാം! ഒളിമ്പിക്സ് തോൽവിക്ക് പ്രതികാരം ചെയ്തു ജ്യോക്കോവിച്ച് ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടും ഒരിക്കൽ കൂടി ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു ഗ്രാന്റ് സ്‌ലാം മത്സരത്തിൽ ജയം കണ്ടു നൊവാക് ജ്യോക്കോവിച്ച് യു.എസ് ഓപ്പൺ ഫൈനലിൽ. ഈ വർഷം ഇത് പത്താം തവണയാണ് ജ്യോക്കോവിച്ച് ഇങ്ങനെ ജയിക്കുന്നത്, ഓപ്പൺ യുഗത്തിൽ ഒരു വർഷം ആദ്യ സെറ്റ് കൈവിട്ട ശേഷം ഇത്തരത്തിൽ ഏറ്റവും കൂടുതൽ ജയം കാണുന്ന താരമായും ജ്യോക്കോവിച്ച് മാറി. നാലാം സീഡ് ആയ അലക്‌സാണ്ടർ സാഷ സെരവിനോട് ഒളിമ്പിക്സ് സെമിഫൈനലിലേറ്റ തോൽവിക്ക് പ്രതികാരം ചെയ്താണ് 5 സെറ്റ് നീണ്ട മത്സരത്തിൽ ജ്യോക്കോവിച്ച് ജയം കണ്ടത്. ഗ്രാന്റ് സ്‌ലാമിൽ തുടർച്ചയായ 27 ജയം കുറിച്ച ജ്യോക്കോവിച്ച് തുടർച്ചയായ ഏഴാം 5 സെറ്റ് മത്സരം ആണ് ജയിച്ചത്. ഇതോടെ കലണ്ടർ സ്‌ലാം എന്ന അവിസ്മരണീയ നേട്ടത്തിനും 21 മത്തെ ഗ്രാന്റ് സ്‌ലാം എന്ന റെക്കോർഡ് നേട്ടത്തിനും മുന്നിൽ ഒരേയൊരു മത്സരം മാത്രം അകലെയായി ജ്യോക്കോവിച്ച്. ഫൈനലിൽ രണ്ടാം സീഡ് ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്വദേവ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി.20210911 092000

ജ്യോക്കോവിച്ച് കളിക്കാൻ പോകുന്ന ഒമ്പതാം യു.എസ് ഓപ്പൺ ഫൈനൽ ആയിരിക്കും ഞായറാഴ്ച നടക്കുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ, യു.എസ് ഓപ്പൺ ഇങ്ങനെ 2 ഗ്രാന്റ് സ്‌ലാമുകളിൽ 9 ഫൈനൽ കളിക്കുന്ന ആദ്യ പുരുഷ താരമായും ജ്യോക്കോവിച്ച് മാറി. 31 മത്തെ ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് താരത്തിന് ഇത്. ഈ ടൂർണമെന്റിൽ ഏതാണ്ട് എല്ലാ മത്സരങ്ങളിലും കണ്ട പോലെ ആദ്യ സെറ്റിൽ ബ്രൈക്ക് വഴങ്ങി സെറ്റ് 6-4 കൈവിട്ടു കൊണ്ടാണ് ജ്യോക്കോവിച്ച് മത്സരം തുടങ്ങിയത്. എന്നാൽ രണ്ടാം സെറ്റിൽ ജ്യോക്കോവിച്ച് തിരിച്ചടിച്ചു. 6-2 സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും തന്റെ ആധിപത്യം തുടർന്ന ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി ജയം ഒരു സെറ്റ് മാത്രം അകലെയാക്കി. എന്നാൽ നാലാം സെറ്റിൽ മികച്ച ഫോമിലുള്ള ജർമ്മൻ താരം തിരിച്ചടിച്ചു. 6-4 നു നാലാം സെറ്റ് നേടിയ സെരവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

10 വയസ്സ് കൂടുതൽ ആയിരുന്നിട്ടും തന്റെ എല്ലാ മികവും കളത്തിലേക്ക് കൊണ്ടു വന്ന ജ്യോക്കോവിച്ച് അഞ്ചാം സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുന്നത് ആണ് മത്സരത്തിൽ പിന്നീട് കണ്ടത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് 3 തവണയാണ് ബ്രൈക്ക് വഴങ്ങിയത് അതേസമയം 16 ഏസുകൾ ഉതിർത്തു 8 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ സെരവിന്റെ സർവീസ് ജ്യോക്കോവിച്ച് 6 തവണ ബ്രൈക്ക് ചെയ്തു. 12 തവണ ബ്രൈക്ക് അവസരം വഴങ്ങിയിട്ടും അതിൽ 9 എണ്ണവും രക്ഷിക്കാൻ ആയത് ജ്യോക്കോവിച്ചിന്റെ അവിശ്വസനീയമായ പ്രതിരോധത്തിനു വീണ്ടും ഉദാഹരണമായി. തന്റെ കരിയറിലെ അവസാന മത്സരം എന്ന പോലെ എല്ലാം നൽകി ആയിരിക്കും താൻ ഫൈനൽ മത്സരം കളിക്കുക എന്നു ജ്യോക്കോവിച്ച് മത്സരശേഷം പറഞ്ഞു. 31 ഗ്രാന്റ് സ്‌ലാം ഫൈനലുകൾ എന്ന റോജർ ഫെഡററിന്റെ റെക്കോർഡിനു ഒപ്പമെത്തിയ ജ്യോക്കോവിച്ച് ഇനി ലക്ഷ്യം വക്കുന്നത് സാക്ഷാൽ ഫെഡറർ, നദാൽ എന്നിവർക്ക് പോലും സാധിക്കാത്ത ഒരു വർഷം നാലു ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന കലണ്ടർ സ്‌ലാമും 21 ഗ്രാന്റ് സ്‌ലാം നേട്ടവും ആണ്.