മൂന്നാം റൗണ്ടിലേക്ക് മുന്നേറി മെദ്വദേവും റൂബ്ലേവും, ഫെലിക്‌സും, അഗ്യുറ്റും! കാസ്പർ റൂഡ്, ദിമിത്രോവ് പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ തന്റെ മികവ് തുടർന്ന് രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്. സീഡ് ചെയ്യാത്ത ജർമ്മൻ താരം ഡൊമിനിക് കോഫറെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരം തകർത്തത്. ആദ്യ സെറ്റിൽ ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത ലോക രണ്ടാം നമ്പർ താരം 8 ഏസുകൾ ആണ് ഉതിർത്തത്. 6-4, 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു മെദ്വദേവിന്റെ ജയം. മറ്റൊരു റഷ്യൻ താരമായ അഞ്ചാം സീഡ് ആന്ദ്ര റൂബ്ലേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്പാനിഷ് താരം പെട്ര മാർട്ടിനസിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് റൂബ്ലേവ് വീഴ്ത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ റൂബ്ലേവ് രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ടു. എന്നാൽ മൂന്നും നാലും സെറ്റുകൾ 6-1, 6-1 എന്ന സ്കോറിന് നേടിയ റൂബ്ലേവ് മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 18 ഏസുകൾ ഉതിർത്ത റൂബ്ലേവ് 6 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്‌തത്‌.

സ്പാനിഷ് താരം സാപ്റ്റ മിറാലസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത 12 സീഡ് ഫെലിക്‌സ് ആഗർ അലിയാസമെയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 12 ഏസുകൾ ഉതിർത്ത ഫെലിക്‌സ് 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഫെലിക്‌സ് രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-2 നും നേടി മത്സരം സ്വന്തം പേരിലാക്കി. എമിലിനെ ആധികാരികമായി തകർത്താണ് 18 സീഡ് ആയ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിയെ 8 തവണ ബ്രൈക്ക് ചെയ്ത അഗ്യുറ്റ് 6-1, 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്തിയത്.

രണ്ടാം റൗണ്ടിൽ അട്ടിമറികളും കണ്ടപ്പോൾ എട്ടാം സീഡ് കാസ്പർ റൂഡിനെ സീഡ് ചെയ്യാത്ത ഡച്ച് താരം ബോട്ടിക് വാൻ ഡെ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-3 നു നേടിയ ശേഷം ആണ് റൂഡ് മത്സരത്തിൽ തോൽവി വഴങ്ങിയത്. 6-4, 6-3, 6-4 എന്ന സ്കോറിന് പിന്നീടുള്ള സെറ്റുകൾ കയ്യിലാക്കിയ ഡച്ച് താരം അട്ടിമറി പൂർത്തിയാക്കി. ആദ്യ രണ്ടു സെറ്റുകൾ ടൈബ്രേക്കറിലൂടെ ഓസ്‌ട്രേലിയൻ താരം അലക്‌സി പോപ്പരിനോട് നഷ്ടമായ 15 സീഡ് ഗ്രിഗോർ ദിമിത്രോവ് മൂന്നാം സെറ്റിൽ 4-0 നു പിന്നിൽ നിൽക്കുമ്പോൾ മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. സ്വിസ് താരം ഹെൻറിയോട് 6-3, 6-7, 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെട്ട 16 സീഡ് ക്രിസ്റ്റിയൻ ഗാരിനും രണ്ടാം റൗണ്ടിൽ പുറത്തായി. അമേരിക്കൻ താരം മാർക്കോസിനെ നാലു സെറ്റിൽ തോൽപ്പിച്ച 24 സീഡ് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ് അതേസമയം മൂന്നാം റൗണ്ടിൽ എത്തി.