മൂന്നാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡ് ക്വിറ്റോവയും എട്ടാം സീഡ് മാർട്ടിച്ചും ഒപ്പം കെർബറും

- Advertisement -

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ആറാം സീഡും ചെക് താരവും ആയ പെട്ര ക്വിറ്റോവ. ഉക്രൈൻ താരം കാദറെയ്നെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് യു.എസ് ഓപ്പണിൽ തന്റെ 10 മത്തെ മൂന്നാം റൗണ്ട് പ്രവേശനം ക്വിറ്റോവ ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ പക്ഷെ സെറ്റ് ചെക് താരം സ്വന്തമാക്കി. രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം നേടിയ ക്വിറ്റോവ 6-2 നു സെറ്റ് നേടി മത്സരം സ്വന്തം പേരിലാക്കി. അതേസമയം മറ്റൊരു ഉക്രൈൻ താരം ബോണ്ടരെങ്കോയെ 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് എട്ടാം സീഡ് ആയ ക്രൊയേഷ്യൻ താരം പെട്ര മാർട്ടിച്ച് രണ്ടാം റൗണ്ടിൽ മറികടന്നത്. 8 ഏസുകൾ ആണ് ക്രൊയേഷ്യൻ താരം മത്സരത്തിൽ ഉതിർത്തത്.

മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 17 സീഡുമായ ജർമ്മൻ താരം ആഞ്ചലിക്ക കെർബറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നാട്ടുകാരിയായ അന്ന ലെനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കെർബർ മറികടന്നത്. ആദ്യ സെറ്റ് 6-3 നു നേടിയ കെർബർ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. റഷ്യൻ താരവും 12 സീഡുമായ വോണ്ടറസോവയെ സീഡ് ചെയ്യാത്ത സാസ്നോവിച്ച് അട്ടിമറിച്ചു. 6-1,6-2 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ പരാജയം. അതിനിടെയിൽ 14 സീഡ് അന്നറ്റ് കൊണ്ടവെയ്റ്റ്, 28 സീഡ് ജെന്നിഫർ ബ്രാഡി എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Advertisement