മകളെ സാക്ഷിയാക്കി ആദ്യ സെറ്റ് വഴങ്ങിയ ശേഷം തിരിച്ചു വന്നു ജയം കണ്ട് സെറീന വില്യംസ്

- Advertisement -

യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ 2017 ലെ ജേതാവ് സ്ലോലെന സ്റ്റീഫൻസിനെ മറികടന്നു നാലാം റൗണ്ടിലേക്ക് മുന്നേറി ആറു തവണ ജേതാവ് ആയ സെറീന വില്യംസ്. ആദ്യ സെറ്റ് തോറ്റ ശേഷം ആയിരുന്നു മൂന്നാം സീഡ് ആയ സെറീന നാട്ടുകാരി കൂടിയായ ഇരുപത്തി ആറാം സീഡ് സ്റ്റീഫൻസിന് മേൽ ജയം കാണുന്നത്. ആദ്യ സെറ്റിൽ രണ്ടു ബ്രൈക്ക് വഴങ്ങി 6-2 നു സെറ്റ് കൈവിട്ട സെറീന തന്റെ വിശ്വരൂപം പുറത്ത് എടുക്കുന്നത് ആണ് രണ്ടാം സെറ്റ് മുതൽ കാണാൻ ആയത്. 12 ഏസുകൾ ഉതിർത്ത സെറീന അടുത്ത 2 സെറ്റുകളിലായി 4 തവണ സ്റ്റീഫൻസിനെ ബ്രൈക്ക് ചെയ്തു.

ഗാലറിയിൽ ഉണ്ടായിരുന്ന ഭർത്താവിനെയും മകളെയും സാക്ഷിയാക്കി രണ്ടും മൂന്നും സെറ്റുകൾ ഏതാണ്ട് സമാനമായ വിധം 6-2, 6-2 എന്ന സ്കോറിന് ജയിച്ച് സെറീന നാലാം റൗണ്ട് പ്രവേശനം സാധ്യമാക്കി. ആദ്യ സെറ്റിൽ പതറി എങ്കിലും കിരീടം തന്നെയാണ് തന്റെ ലക്ഷ്യം എന്ന വ്യക്തമായ സൂചന സെറീന ഇന്ന് നൽകി. നാലാം റൗണ്ടിൽ 22 സീഡ് അമേരിക്കൻ താരം അമാന്ത അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു വരുന്ന പതിനഞ്ചാം സീഡ് മരിയ സക്കാരി ആണ് സെറീനയുടെ എതിരാളി. സൊറന ക്രിസ്റ്റിയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്ന ചെക് താരവും ഇരുപതാം സീഡുമായ കരോളിന മുച്ചോവയും നാലാം റൗണ്ടിലേക്ക് മുന്നേറി.

Advertisement