അവിശ്വസനീയം മെദ്വദേവ്!!!! ചരിത്രം തേടിയ ജ്യോക്കോവിച്ചിനു മുന്നിൽ മതിലായി ഡാനിൽ മെദ്വദേവ്!!!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസ് ലോകം കാത്തിരുന്ന നൊവാക് ജ്യോക്കോവിച്ചിന്റെ കലണ്ടർ സ്‌ലാമിനും 21 ഗ്രാന്റ് സ്‌ലാം ചരിത്ര നേട്ടത്തിനും മുന്നിൽ മതിലായി മാറി ഡാനിൽ മെദ്വദേവ്. ലോക രണ്ടാം നമ്പർ താരമായ 25 വയസ്സുകാരൻ റഷ്യൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ചിനെ തോൽപ്പിച്ചു തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയത്. മറ്റാർക്കും എത്തിപ്പിടിക്കാൻ ആവാത്ത ചരിത്രം തേടിയ ജ്യോക്കോവിച്ചിനു മുന്നിൽ അവിശ്വസനീയം എന്നു വിളിക്കാവുന്ന പ്രകടനം ആണ് രണ്ടാം യു.എസ് ഓപ്പൺ ഫൈനൽ കളിക്കുന്ന മെദ്വദേവ് ആർതർ ആഷെ സ്റ്റേഡിയത്തിൽ നടത്തിയത്. മത്സരത്തിൽ ആദ്യ സർവീസ് ഗെയിമിൽ തന്നെ പതിവിൽ നിന്നു വ്യത്യസ്തമായി കാണികളുടെ നിറഞ്ഞ പിന്തുണ ലഭിച്ച ജ്യോക്കോവിച്ചിന്റെ സർവീസ് മെദ്വദേവ് ബ്രൈക്ക് ചെയ്തു. മികച്ച സർവീസുകളുമായി അനായാസം പോയിന്റുകൾ നേടാൻ തുടങ്ങിയ മെദ്വദേവ് ജ്യോക്കോവിച്ചിനു തന്റെ സർവീസിൽ വലിയ അവസരവും നൽകിയില്ല. Img 20210913 Wa0145

ജ്യോക്കോവിച്ചിന്റെ സർവീസിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച മെദ്വദേവിനു എതിരെ ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ പിന്നീട് ജ്യോക്കോവിച്ചിനു ആയി. ഒന്നാം സെറ്റിൽ അവിശ്വസനീയ കൃത്യതയോടെ സർവീസുകൾ ഉതിർത്ത മെദ്വദേവ് വലിയ അവസരം ഒന്നും ജ്യോക്കോവിച്ചിനു തന്റെ സർവീസിൽ നൽകിയില്ല. 8 ഏസുകൾ ആദ്യ സെറ്റിൽ ഉതിർത്ത മെദ്വദേവ് 6-4 നു സെറ്റ് നേടി മത്സരത്തിൽ മുൻതൂക്കം നേടി. ടൂർണമെന്റിൽ ഉടനീളം സമാനമായ രീതിയിൽ ആദ്യ സെറ്റ് കൈവിട്ട ജ്യോക്കോവിച്ചിന്റെ തിരിച്ചു വരവ് ആണ് കാണികൾ പ്രതീക്ഷിച്ചത്. രണ്ടാം സെറ്റിലെ ആദ്യ സർവീസിൽ 40-0 ൽ നിന്നു 3 ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച മെദ്വദേവ് തുടർന്ന് ബ്രൈക്ക് പോയിന്റ് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇത് ജ്യോക്കോവിച്ച് രക്ഷിച്ചു. ഇടക്ക് നിരാശ കാരണം ദേഷ്യം സഹിക്കാൻ വയ്യാത്ത ജ്യോക്കോവിച്ച് തന്റെ റാക്കറ്റ് നിലത്ത് അടിച്ചു തകർക്കുന്നതും കണ്ടു.

ജ്യോക്കോവിച്ച് മറ്റ് താരങ്ങളോട് ചെയ്യുന്ന പോലെ ജ്യോക്കോവിച്ചിനോട് ചെയ്ത മെദ്വദേവ് നീളൻ റാലികൾ വിട്ട് കൊടുക്കാതെ ജയിക്കുന്നതും കാണാൻ ആയി. എന്നാൽ രണ്ടാം സെറ്റിലും ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് 6-4 നു രണ്ടാം സെറ്റും നേടി യു.എസ് ഓപ്പൺ കിരീടം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് ബ്രൈക്ക് ചെയ്ത മെദ്വദേവ് അക്ഷരാർത്ഥത്തിൽ ജ്യോക്കോവിച്ചിനു മേൽ ആധിപത്യം സ്ഥാപിച്ചു. തുടർന്ന് ഒരിക്കൽ കൂടി ബ്രൈക്ക് നേടിയ റഷ്യൻ താരം 4-0 നു മൂന്നാം സെറ്റിൽ മുന്നിലെത്തി. എന്നാൽ 5-2 ൽ ചാമ്പ്യൻഷിപ്പിന് ആയി സർവീസ് ചെയ്യാൻ ഇറങ്ങിയ മെദ്വദേവിനെ വലിയ കൂവലുകളും ആയാണ് ആരാധകർ സ്വീകരിച്ചത്. എങ്കിലും ചാമ്പ്യൻഷിപ്പ് പോയിന്റ് സൃഷ്ടിക്കാൻ റഷ്യൻ താരത്തിന് ആയി. എന്നാൽ കാണികളുടെ കൂവലുകൾക്ക് മുന്നിൽ പിഴച്ച മെദ്വദേവ് 2 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയപ്പോൾ മത്സരത്തിൽ ആദ്യമായി ജ്യോക്കോവിച്ച് ബ്രൈക്ക് നേടി. Img 20210913 Wa0144

തുടർന്ന് സർവീസ് നിലനിർത്തിയ ജ്യോക്കോവിച്ച് സമ്മർദം മെദ്വദേവിനു നൽകി. ഏതാണ്ട് നാണക്കേട് ആവുന്ന വിധം നീണ്ട കൂവലുകൾക്ക് ഇടയിൽ പക്ഷെ ഇത്തവണ ഒരു സർവീസ് ഇരട്ടപ്പിഴവ് വരുത്തിയെങ്കിലും മികച്ച സർവീസിലൂടെ സെറ്റ് 6-4 നു ജയിച്ചു മെദ്വദേവ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. ജയത്തിനു ശേഷം വിശ്വസിക്കാൻ ആവാതെ നിലത്ത് കിടക്കുന്ന മെദ്വദേവിനെ ആണ് കാണാൻ ആയത് ഡൊമനിക് തീമിനു ശേഷം 1990 കളിൽ ജനിക്കുന്ന ആദ്യ പുരുഷ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ മെദ്വദേവ് തന്റെ മൂന്നാം ഫൈനലിൽ ആണ് സ്വപ്നം യാഥാർത്ഥ്യം ആക്കിയത്. മത്സരത്തിൽ 16 ഏസുകൾ അടിച്ച മെദ്വദേവ് 4 തവണയാണ് ജ്യോക്കോവിച്ചിനെ ബ്രൈക്ക് ചെയ്തത്.സമീപകാലത്ത് ഗ്രാന്റ് സ്‌ലാം വേദിയിൽ ജ്യോക്കോവിച്ചിനു മേൽ ഇത്രയും ആധിപത്യം പുലർത്തിയ പ്രകടനം ആരും നടത്തിയിട്ടില്ല എന്നത് മെദ്വദേവിന്റെ ജയത്തിന്റെ മാറ്റ് കൂട്ടുന്നു. തുടർച്ചയായ 27 ഗ്രാന്റ് സ്‌ലാം ജയങ്ങളുമായി 21 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ, കലണ്ടർ സ്‌ലാം എന്നീ സ്വപ്നങ്ങൾ തേടിയ ജ്യോക്കോവിച്ച് നിരാശപ്പെട്ടു കണ്ണീർ അണിയുന്നതും മത്സരശേഷം കാണാൻ ആയി. എന്നാൽ ഈ നിരാശ 2022 ൽ തീർക്കാൻ ആവും സെർബിയൻ താരത്തിന്റെ ശ്രമം. അതേസമയം അടുത്ത തലമുറ പുരുഷ ടെന്നീസിൽ ശരിക്കും വരവ് അറിയിച്ചു എന്ന പ്രഖ്യാപനം ആണ് ഡാനിൽ മെദ്വദേവ് നടത്തിയത്.