യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യൻ താരം സുമിത് നഗാൽ

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യൻ താരം സുമിത് നഗാൽ. കഴിഞ്ഞ വർഷം സാക്ഷാൽ റോജർ ഫെഡറർക്ക് എതിരെ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ താരം ഇത്തവണ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ബ്രോഡിലി ക്ളാനെ ആണ് മറികടന്നത്. 4 സെറ്റ് നീണ്ട പോരാട്ടത്തിൽ തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു ഇന്ത്യൻ താരം. എതിരാളിയുടെ സർവീസ് 6 തവണ ബ്രൈക്ക് ചെയ്ത ഇന്ത്യൻ താരം മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തി. ആദ്യ സെറ്റിൽ അമേരിക്കൻ താരത്തെ അക്ഷരാർത്ഥത്തിൽ തകർത്ത നഗാൽ 6-1 നു ആണ് സെറ്റ് കയ്യിലാക്കിയത്.

രണ്ടാം സെറ്റിലും സമാനമായ ഫോമിലായിരുന്ന താരം 6-3 ആ സെറ്റ് സ്വന്തമാക്കി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ മൂന്നാം സെറ്റിൽ മത്സരത്തിൽ ആദ്യമായി ബ്രൈക്ക് വഴങ്ങിയ നഗാൽ സെറ്റ് 6-3 കൈവിട്ടു. എന്നാൽ നാലാം സെറ്റിൽ അതിശക്തമായി തിരിച്ചു വന്ന ഇന്ത്യൻ താരം തുടർച്ചയായ ബ്രൈക്കുകൾ നേടി എതിരാളിയെ സമ്മർദത്തിലാക്കി. 6-1 നു നാലാം സെറ്റ് നേടിയ താരം മത്സരവും രണ്ടാം റൗണ്ട് പ്രവേശനവും എളുപ്പമാക്കി. ഇന്നത്തെ മികച്ച ഫോമിൽ തുടരാൻ ആവും രണ്ടാം റൗണ്ടിലും നഗാൽ ശ്രമിക്കുക. കഴിഞ്ഞ 7 വർഷത്തിനിടയിൽ സിംഗിൾസിൽ ഒരു ഗ്രാന്റ് സ്‌ലാം മത്സരം ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് നഗാൽ.