5 സെറ്റ് നീണ്ട ബെലാറസ് താരത്തിന്റെ വെല്ലുവിളി അതിജീവിച്ചു യാനിക് സിന്നർ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി 11 സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ. ഇതോടെ കരിയറിൽ എല്ലാ ഗ്രാന്റ് സ്‌ലാമുകളുടെയും ക്വാർട്ടർ ഫൈനലിൽ എത്താൻ താരത്തിന് ആയി. ബെലാറസ് താരം ഇല്യ ഇവാഷ്ക ഉയർത്തിയ കടുത്ത വെല്ലുവിളി സിന്നർ അതിജീവിക്കുക ആയിരുന്നു. ആദ്യ സെറ്റ് അനായാസം 6-1 നു സിന്നർ നേടി എന്നാൽ രണ്ടാം സെറ്റ് 7-5 നു നേടി ബെലാറസ് താരം തിരിച്ചടിച്ചു.

മൂന്നാം സെറ്റ് 6-2 നു നേടിയ സിന്നർ മത്സരത്തിൽ വീണ്ടും മുൻതൂക്കം കണ്ടത്തിയെങ്കിലും ഇല്യ നാലാം സെറ്റ് 6-4 നു നേടിയതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റിൽ ആദ്യം ബ്രൈക്ക് വഴങ്ങി 3-1 നു പിറകിലായി സിന്നർ. എന്നാൽ തുടർന്ന് ബ്രൈക്കുകൾ തുടർച്ചയായി നേടിയ സിന്നർ സെറ്റ് 6-3 നു നേടി അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിൽ 14 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ സിന്നർ 8 തവണ ബ്രൈക്ക് ചെയ്യപ്പെട്ടു എങ്കിലും എതിരാളിയെ 12 തവണ താരം ബ്രൈക്ക് ചെയ്തു. ക്വാർട്ടർ ഫൈനലിൽ അൽകാരസ്, ചിലിച് മത്സരവിജയിയെ ആവും സിന്നർ നേരിടുക.