
വിലക്കിന് ശേഷം പങ്കെടുത്ത ആദ്യ ഗ്രാൻഡ്സ്ളാം ടൂർണമെന്റിൽ തന്നെ ലോക രണ്ടാം നമ്പർ താരമായ സിമോണ ഹാലെപ്പിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തകർത്ത് മരിയ ഷറപ്പോവ വരവറിയിച്ചു സ്കോർ (6-4, 4-6, 6-3). 19 മാസത്തെ ഇടവേളയിൽ വെറും 11 മത്സരങ്ങൾ മാത്രമാണ് വൈൽഡ് കാർഡ് എൻട്രിയുമായി വന്ന ഷറപ്പോവ കളിച്ചിട്ടുള്ളത്. മത്സരത്തിൽ 60 വിന്നറുകളാണ് ഷറപ്പോവ പായിച്ചത്. തിരിച്ചുവരവിൽ പരിക്കിന്റെ പിടിയിലായിരുന്നു ഷറപ്പോവ, എന്നാൽ അതിനെയെല്ലാം മറികടക്കുന്ന പ്രകടനമായിരുന്നു ഇന്നലെ. ഇതോടെ ഹാലെപ്പിനെതിരെ കളിച്ച 7 മത്സരങ്ങളും വിജയിക്കാൻ ഷറപ്പോവക്കായി.
മറ്റുമത്സരങ്ങളിൽ വിംബിൾഡൺ ചാമ്പ്യനായ മുഗുറുസ, വീനസ് വില്ല്യംസ്, ക്വിവിറ്റോവ, വോസ്നിയാക്കി തുടങ്ങിയ പ്രമുഖർ ജയിച്ച് കയറിയപ്പോൾ അഞ്ചാം സീഡ് ബ്രിട്ടന്റെ കോണ്ടയെ സീഡില്ലാ താരം ക്രുണിച്ച് അട്ടിമറിച്ചു.
പുരുഷവിഭാഗത്തിൽ അമേരിക്കയുടെ ഇസ്നർ, ജോൺസൺ, സാം ക്യൂറേ എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്പെയിനിന്റെ 21 നമ്പർ സീഡ് ഡേവിഡ് ഫെററർ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. മിഖായേൽ കുഷ്കിനാണ് നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ സ്പെയിൻ താരത്തിനെ അട്ടിമറിച്ചത്.
സോങ്ങ, സിലിച്ച്, മിഷ സ്വരേവ് എന്നിവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. പുരുഷവിഭാഗത്തിൽ യഥാക്രമം ഒന്നാം സീഡും രണ്ടാം സീഡുമായ റാഫേൽ നദാലും, റോജർ ഫെഡററും ഇന്നിറങ്ങും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial