ആദ്യ റൗണ്ടിൽ അനായാസ ജയവുമായി സെറീനയും, കെനിനും, അസരങ്കയും

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡും ഇതിഹാസതാരവും ആയ സെറീന വില്യംസ്. നാട്ടുകാരി ആയ സീഡ് ചെയ്യാത്ത ക്രിസ്റ്റിക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന ജയം കണ്ടത്. മത്സരത്തിൽ ആദ്യ സെറ്റിൽ സെറീനക്ക് വെല്ലുവിളി ഉയർത്താൻ എതിരാളിക്ക് ആയി എങ്കിലും സെറീനയുടെ മികവിന് മുന്നിൽ സെറ്റ് 7-5 നു എതിരാളി അടിയറവ് പറഞ്ഞു. രണ്ടാം സെറ്റിൽ കൂടുതൽ അപകടകാരിയായ സെറീന 6-3 നു സെറ്റും മത്സരവും സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 ഏസുകൾ ആണ് സെറീന ഉതിർത്തത്. അതേസമയം യു.എസ് താരവും ഗ്രാന്റ് സ്‌ലാം ജേതാവുമായ രണ്ടാം സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ബെൽജിയം താരം യാനിന വിക്മേയറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആയിരുന്നു കെനിന്റെയും മുന്നേറ്റം. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ അമേരിക്കൻ താരം ഇരു സെറ്റുകളിൽ ആയി 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തു. 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു കെനിന്റെ ജയം. ഈ വർഷം സിൻസിനാറ്റി ഓപ്പണിൽ ജയം കണ്ട് റാങ്കിംഗിൽ ആദ്യ 30 തിൽ എത്തിയ വിക്ടോറിയ അസരങ്കയും ആദ്യ റൗണ്ടിൽ അനായാസജയം നേടി. ബാർബറ ഹാസിനെ 6-1, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് അസരങ്ക മറികടന്നത്.