മൂന്നാം സീഡ് മരിയ സക്കറി യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്ത്, ഒൻസ്, കൊക്കോ തുടങ്ങിയവർ മുന്നോട്ട്

20220901 045631

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ വമ്പൻ അട്ടിമറി. മൂന്നാം സീഡ് ആയ ഗ്രീക്ക് താരം മരിയ സക്കറിയെ ചൈനീസ് താരം ഷി വാങ് രണ്ടാം റൗണ്ടിൽ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ 7-5, 7-5 എന്ന സ്കോറിന് നേടി ആണ് ചൈനീസ് താരം ജയം പിടിച്ചെടുത്തത്. ഇറ്റാലിയൻ താരം കാമില ജോർജിയെ 6-4, 5-7, 7-6 എന്ന സ്കോറിന് വീഴ്ത്തി 20 സീഡ് മാഡിസൺ കീയ്സ്, നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച 18 സീഡ് വെറോണിക എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

യു.എസ് ഓപ്പൺ

അമേരിക്കൻ താരം എലിസബത്ത് മാണ്ടിലികിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആണ് അഞ്ചാം സീഡ് ഒൻസ് ജെബ്യുർ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് അമേരിക്കൻ താരത്തിന്റെ പോരാട്ടം അതിജീവിച്ചു 7-5 നു നേടിയ ഒൻസ് രണ്ടാം സെറ്റ് 6-2 നു ആണ് നേടിയത്. റോമാനിയൻ താരം എലേന ഗബ്രിയേല റൂസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 12 സീഡ് കൊക്കോ ഗോഫ് മറികടന്നത്. ആദ്യ സെറ്റ് 6-2 നു നേടിയ അമേരിക്കൻ താരം രണ്ടാം സെറ്റ് ടൈബ്രൈക്കറിലൂടെ നേടി മൂന്നാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.