യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ കാസ്പർ റൂഡ്, മറ്റെയോ ബരെറ്റിനി പോരാട്ടം

Wasim Akram

20220905 012802

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി നോർവീജിയൻ താരം കാസ്പർ റൂഡ്. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കോരന്റിൻ മൗറ്ററ്റയെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് റൂഡ് മറികടന്നത്. ആദ്യ രണ്ടു സെറ്റുകളിൽ സമ്പൂർണ ആധിപത്യം നേടിയ റൂഡ് 6-1, 6-2 എന്ന സ്കോറിന് സെറ്റുകൾ ജയിച്ചു മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. എന്നാൽ മൂന്നാം സെറ്റ് ടൈബ്രൈക്കറിൽ(7-6/7-4) ഫ്രഞ്ച് താരം സ്വന്തമാക്കി. എന്നാൽ നാലാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച നോർവീജിയൻ താരം സെറ്റ് 6-2 നു നേടി അവസാന എട്ടിലേക്ക് ടിക്കറ്റ് എടുത്തു.

മത്സരത്തിൽ 7 തവണയാണ് എതിരാളിയെ റൂഡ് ബ്രൈക്ക് ചെയ്തത്. കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്. ജയത്തോടെ ലോക ഒന്നാം നമ്പർ ആവാം എന്ന പ്രതീക്ഷയും റൂഡ് നിലനിർത്തി. അതേസമയം സ്പാനിഷ് താരം അലഹാൻഡ്രോ ഡേവിഡോവിച് ഫോകിനയിൽ നിന്നു 5 സെറ്റ് കടുത്ത പോരാട്ടം ആണ് 13 സീഡ് മറ്റെയോ ബരെറ്റിനി നേരിട്ടത്. ഏതാണ്ട് നാലു മണിക്കൂറിന് അടുത്ത് സമയം തുടർന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് 6-3 നു സ്പാനിഷ് താരം ആണ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റ് ടൈബ്രൈക്കറിൽ നേടിയ ബരെറ്റിനി മത്സരത്തിൽ ഒപ്പമെത്തി.

യു.എസ് ഓപ്പൺ

മൂന്നാം സെറ്റ് 6-3 നു നേടിയ ഇറ്റാലിയൻ താരം ക്വാർട്ടർ ഫൈനൽ ഒരു സെറ്റ് മാത്രം അകലെയാക്കി. എന്നാൽ 6-4 നു നാലാം സെറ്റ് നേടിയ സ്പാനിഷ് താരം എളുപ്പം കീഴടങ്ങാൻ തയ്യാറായില്ല. അവസാന സെറ്റിൽ കൂടുതൽ ഊർജ്ജം മത്സരത്തിൽ കൊണ്ടു വന്ന ഇറ്റാലിയൻ താരം സെറ്റ് 6-2 നു നേടി അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ബരെറ്റിനി 17 ഏസുകൾ ആണ് ഉതിർത്തത്. പങ്കെടുത്ത തുടർച്ചയായ അഞ്ചാം ഗ്രാന്റ് സ്‌ലാമിലും അവസാന എട്ടിൽ എത്താൻ ഇതോടെ ബരെറ്റിനിക്ക് ആയി.