എതിരാളി പിന്മാറി,നദാൽ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ, സിലിച്ച്,ക്യൂരിയോസ് മൂന്നാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ എതിരാളി പരിക്കേറ്റു പിന്മാറിയതോടെ റാഫേൽ നദാൽ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം കോക്കിനാക്സിന് എതിരെ ആയിരുന്നു നദാലിന്റെ മത്സരം. എന്നാൽ മത്സരം ആരംഭിക്കുന്നതിനു മുമ്പ് രണ്ടാം സീഡായ താരത്തിന് എതിരായ മത്സരത്തിൽ നിന്നു ഓസ്‌ട്രേലിയൻ താരം പിന്മാറുകയായിരുന്നു. മൂന്നാം റൗണ്ടിൽ നാട്ടുകാരനും 32 സീഡുമായ ഫെർണാണ്ടോ വേർഡാസ്ക്കോയെ അട്ടിമറിച്ച് എത്തുന്ന ദക്ഷിണ കൊറിയൻ താരം ഹാൻ ചങ് ആവും നദാലിന്റെ എതിരാളി. ആദ്യ രണ്ട് സീറ്റുകൾ 6-1,6-2 എന്ന സ്കോറിന് സ്വന്തമാക്കി അനായാസജയത്തിലേക്ക്‌ എന്ന സൂചന നൽകിയ വേർഡാസ്ക്കോയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊറിയൻ താരം. മൂന്നാം സെറ്റ് 7-5 നും നാലാം സെറ്റ് 6-3 നും നേടി മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയ താരം അഞ്ചാം സെറ്റ് ടൈബ്രേക്കറിലൂടെ 7-6 നും സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം 22 സീഡ് ക്രൊയേഷ്യയുടെ മാരിൻ സിലിച്ചും യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ജർമ്മൻ താരം സ്റ്റബയോട് ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം ആയിരുന്നു സിലിച്ചിന്റെ തിരിച്ച് വരവ്. ആദ്യ സെറ്റിന് ശേഷം എതിരാളിക്ക് വലിയ അവസരം ഒന്നും സിലിച്ച് നൽകിയില്ല. രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 7-5 നും നേടിയ താരം നാലാം സെറ്റ് 6-3 നു നേടി മൂന്നാം റൗണ്ടിൽ കടന്നു. മൂന്നാം റൗണ്ടിൽ വലിയ സർവീസുകൾക്ക് പേരു കേട്ട അമേരിക്കൻ താരം ജോൺ ഇസ്‌നർ ആണ് സിലിച്ചിന്റെ എതിരാളി. ജർമ്മൻ താരം സ്റ്ററഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇസ്നർ മറികടന്നത്. അതേസമയം ആന്റോൺ ഹോങിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു 28 സീഡ് നിക്ക് ക്യൂരിയോസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. എ. ടി. പി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നു പറഞ്ഞു പുതിയ വിവാദത്തിൽ കുടുങ്ങിയ ഓസ്‌ട്രേലിയൻ താരം 6-4,6-2,6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. മൂന്നാം റൗണ്ടിൽ എതിരാളി ഗിൽസ് സിമോൺ പിന്മാറിയതോടെ മൂന്നാം റൗണ്ടിൽ എത്തിയ റഷ്യയുടെ ആന്ദ്ര റൂബ്ളേവ് ആണ് ക്യൂരിയാസിന്റെ എതിരാളി.