യുഎസ് ഓപ്പൺ പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് രോഹന്‍ ബൊപ്പണ്ണ സഖ്യം

യുഎസ് ഓപ്പൺ 2023ന്റെ പുരുഷ ഡബിള്‍സ് സെമിയിലെത്തി രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ഡന്‍ സഖ്യം. 15ാം സീഡ് ലാമൺസ് – വിത്രോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് ബൊപ്പണ്ണയും പങ്കാളിയും പരാജയപ്പെടുത്തിയത്. ആദ്യ സെറ്റിൽ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി അതിജീവിച്ചുവെങ്കില്‍ രണ്ടാം ഗെയിമിൽ അനായാസ വിജയം ആണ് ടീം നേടിയത്.

7-6, 6-1 എന്ന സ്കോറിനാണ് രോഹന്‍ – എബ്ഡന്‍ ജോഡി വിജയിച്ചത്. രോഹന്‍ ബൊപ്പണ്ണ യുഎസ് ഓപ്പൺ പുരുഷ ഡബിള്‍സിൽ ഇത് രണ്ടാം തവണയാണ് സെമിയിലെത്തുന്നത്.

രോഹൻ ബൊപണ്ണ യു എസ് ഓപ്പൺ ക്വാർട്ടറിൽ

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലിയൻ കാഷിനെയും ഹെൻറി പാറ്റനെയും തോൽപ്പിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ഡനും യുഎസ് ഓപ്പണിൽ പുരുഷ ഡബിൾസ് ക്വാർട്ടറിലെത്തി.

ആറാം സീഡായ ഇന്തോ-ഓസ്‌ട്രേലിയൻ ജോഡി ബ്രിട്ടീഷ് ജോഡികളായ ക്യാഷ് ആൻഡ് പാറ്റൻ സഖ്യത്തിൽ നിന്ന് വലിയ വെല്ലുവിളി തന്നെ നേരിട്ടു. 6-4, 6-7(5), 7-6(10-6) എന്ന സ്കോറിനായിരുന്നു വിജയം. രണ്ട് മണിക്കൂറിനും 22 മിനുട്ടും മത്സരം നീണ്ടു നിന്നു.

ടോപ്പ് സീഡുകളായ നെതർലൻഡ്‌സിന്റെ വെസ്‌ലി കൂൾഹോഫും യുണൈറ്റഡ് കിംഗ്‌ഡത്തിന്റെ നീൽ സ്‌കുപ്‌സ്‌കിയും പ്രാദേശിക ജോഡികളായ നഥാനിയൽ ലാമൺസും ജാക്‌സൺ വിത്രോയും തമ്മിലുള്ള മൂന്നാം റൗണ്ട് മത്സരത്തിലെ വിജയികളെ ആകും ബൊപ്പണ്ണ ഇനി നേരിടുക.

എതിരാളിക്ക് പരിക്ക്, കാർലോസ് അൽകാരസ് യു എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക്

യുഎസ് ഓപ്പണിൽ, നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അദ്ദേഹത്തിന്റെ എതിരാളി ഡൊമിനിക് കോഫെർ കണങ്കാലിന് പരിക്കേറ്റതിനാൽ കളിക്കിടയിൽ റിട്ടയർ ചെയ്യാൻ നിർബന്ധിതനായതിനാൽ അൽകാരസ് അടുത്ത റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.

അൽകാരാസ് ഒരു ഷോട്ട് മടക്കാൻ പിന്നിലേക്ക് നീങ്ങുന്നതിനിടയിൽ ഇടത് കണങ്കാലിന് പരിക്കേൽക്കുകയാണ്. കോർട്ടിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, 29 കാരനായ കോഫെർ രണ്ടാം സെറ്റിന്റെ പകുതിയിൽ വെച്ച് പിന്മാറാനുള്ള തീരുമാനമെടുത്തു. 6-2, 3-2 എന്ന നിലയിൽ ആയിരുന്നു അപ്പോൾ സ്കോർ.

രണ്ടാം റൗണ്ടിൽ ദക്ഷിണാഫ്രിക്കൻ താരം ലോയ്ഡ് ഹാരിസിനെ ആകും അൽകാരസ് നേരിടുക.

യു എസ് ഓപ്പൺ, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അങ്കിത പുറത്ത്

ഇന്ത്യയുടെ അങ്കിത റെയ്‌ന 2023 യുഎസ് ഓപ്പൺ യോഗ്യതാ റൗണ്ടിൽ അവസാന ഘട്ടത്തിൽ പുറത്തായി. ഡബ്ല്യുടിഎ റാങ്കിങ്ങിൽ 155-ാം സ്ഥാനത്തുള്ള സ്വീഡിഷ് പ്രതിഭ മിർജാം ബ്ജോർക്ലണ്ടിനെ നേരിട്ട അങ്കിത റെയ്ന നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. 2-6, 2-6 എന്നായിരുന്നു സ്കോർ. ഇതോടെ യു എസ് ഓപ്പൺ സിംഗിൾസ് മെയിൻ ഡ്രോയിൽ ഒരു ഇന്ത്യൻ താരവും ഉണ്ടാകില്ല എന്ന് ഉറപ്പായി. അങ്കിത ആയിരുന്നു ഇന്ത്യയുടെ അവസാന പ്രതീക്ഷ‌.

അങ്കിത ഒതുവരെ ഒരു ഗ്രാന്റ്സ്ലാമിന്റെയും മെയിൻ ഇവന്റിന്റെ ഭാഗമായിട്ടില്ല. കഴിഞ്ഞ റൗണ്ടിൽ സ്‌പെയിനിന്റെ അലിയോണ ബോൾസോവ സാഡോയ്‌നോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിക്കാൻ അങ്കിതക്ക് ആയിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പറാണ് അങ്കിത റെയ്‌ന

യു എസ് ഓപ്പൺ യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടത്തിലേക്ക് മുന്നേറി അങ്കിത റെയ്ന

ഇന്ത്യയുടെ അങ്കിത റെയ്‌ന 2023 യുഎസ് ഓപ്പൺ യോഗ്യതാ റൗണ്ടിൽ അവസാന ഘട്ടത്തിലേക്ക് എത്തി. ഇനി ഒരു മത്സരം കൂടെ ജയിച്ചാൽ അങ്കിതയ്ക്ക് യു എസ് ഓപ്പൺ മെയിൻ ഇവന്റിലേക്ക് യോഗ്യത നേടാം. അങ്കിത ഒതുവരെ ഒരു ഗ്രാന്റ്സ്ലാമിന്റെയും മെയിൻ ഇവന്റിന്റെ ഭാഗമായിട്ടില്ല. സ്‌പെയിനിന്റെ അലിയോണ ബോൾസോവ സാഡോയ്‌നോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ന് അങ്കിത പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒന്നാം നമ്പറായ റെയ്‌ന 6-4, 6-3 എന്ന സ്കോറിനായിരുന്നു ജയിച്ചത്.

ബോൾസോവയ്‌ക്കെതിരായ അങ്കിതയുടെ ആദ്യ വിജയമാണിത്. മുൻ മീറ്റിംഗുകളും അങ്കിത അവരോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് അങ്കിത റെയ്‌ന ഏതെങ്കിലും ഗ്രാൻഡ് സ്ലാമിന്റെ ഫൈനൽ യോഗ്യതാ റൗണ്ടിൽ എത്തുന്നത്, രണ്ട് വർഷം മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പണിലും അങ്കിത യോഗ്യത റൗണ്ടിന്റെ അവസാന റൗണ്ടിൽ എത്തിയിരുന്നു. ഡബ്ല്യുടിഎ റാങ്കിങ്ങിൽ 155-ാം സ്ഥാനത്തുള്ള സ്വീഡിഷ് പ്രതിഭ മിർജാം ബ്ജോർക്ലണ്ടിനെയാണ് അവസാന യോഗ്യതാ റൗണ്ടിൽ അങ്കിത നേരിടുക.

അങ്കിത റെയ്‌ന യു എസ് ഓപ്പൺ 2023 യോഗ്യതാ റൗണ്ട് 2ലേക്ക് മുന്നേറി

യുഎസ് ഓപ്പൺ 2023 വനിതാ സിംഗിൾസ് യോഗ്യതാ മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ ടെന്നീസ് സെൻസേഷൻ അങ്കിത റെയ്‌നക്ക് വിജയം. റൊമാനിയയുടെ മിറിയം ബൾഗാരുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് അങ്കിത പുറത്താക്കി. 6-3, 7-5 എന്ന സ്‌കോറിനാണ് രാജ്യത്തിന്റെ ഒന്നാം റാങ്കിലുള്ള താരം വിജയിച്ചത്.

യോഗ്യത റൗണ്ടിന്റെ രണ്ടാം ഘട്ടത്തിൽ 14-ാം സീഡായ സ്പെയിനിൽ നിന്നുള്ള ബോൾസോവയെ ആകും അങ്കിത നേരിടുക. 114ആം റാങ്കുകാരിയാണ് സ്പാനിഷ് താരം. യോഗ്യതാ റൗണ്ടിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ സിംഗിൾസ് താരമാണ് അങ്കിത. രണ്ട് വിജയങ്ങൾ കൂടെ നേടിയാൽ അങ്കിത യു എസ് ഓപ്പൺ മെയിൻ ഡ്രോക്ക് യോഗ്യത നേടും‌.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു, വാക്സിൻ എടുക്കാതെ തന്നെ ജോക്കോവിചിന് യു എസ് ഓപ്പൺ കളിക്കാം

ജോക്കോവിചിന് ഇനി യു എസ് ഓപ്പണിൽ പങ്കെടുക്കാം. കോവിഡ് -19 നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സെനറ്റിന്റെ വോട്ടിനെ തുടർന്ന് അമേരിക്കയിൽ നീണ്ടകാലമായി നിലനിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതാവുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം വാക്സിൻ എടുക്കാത്ത ജോക്കോവിചിന് 2021 ലെ യുഎസ് ഓപ്പൺ ഫൈനലിനു ശേഷം യുഎസിൽ ടെന്നീസ് കളിക്കാൻ ആയിരുന്നില്ല.

22 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ജോക്കോവിച് തുടക്കം മുതൽ വാക്സിന് എതിരായ നിലപാട് ആയിരുന്നു എടുത്തിരുന്നത്‌. ഈ വർഷം ഓഗസ്റ്റിൽ ആണ് യുഎസ് ഓപ്പൺ നടക്കുന്നത്. ജോക്കോവിച്ചിന് 2022ലെ സീസണിലെ യു എസ് ഓപ്പണും മിയാമി ഓപ്പണിനും ബിഎൻപി പാരിബാസ് ഓപ്പണിനുമായി ന്യൂയോർക്കിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ജോക്കോവിച്ച് മൂന്ന് തവണ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്.

യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ അൽകാരസിനെ അഭിനന്ദിച്ചു റാഫേൽ നദാൽ

യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ തന്റെ നാട്ടുകാരൻ ആയ കാർലോസ് അൽകാരസിനെ ഉടൻ അഭിനന്ദിച്ചു റാഫേൽ നദാൽ രംഗത്ത്. ട്വിട്ടറിൽ ആണ് താരത്തെ നദാൽ പ്രകീർത്തിച്ചത്. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടത്തിനും ലോക ഒന്നാം നമ്പർ ആയതിനും അൽകാരസിനെ നദാൽ പ്രകീർത്തിച്ചു.

ഉറപ്പായിട്ടും ഇതിൽ കൂടുതൽ കിരീടങ്ങൾ അൽകാരസ് നേടും എന്നു തനിക്ക് ഉറപ്പ് ഉണ്ടെന്നും നദാൽ പറഞ്ഞു. അൽകാരസിന്റെ മികച്ച വർഷത്തെ പൊൻതൂവൽ ആണ് ഈ കിരീടം എന്നും നദാൽ പറഞ്ഞു. ഫൈനലിൽ പരാജയപ്പെട്ട തന്റെ അക്കാദമി താരമായ കാസ്പർ റൂഡിനെ ആശ്വസിപ്പിക്കാനും നദാൽ മറന്നില്ല. റൂഡിൽ അഭിമാനിക്കുന്നത് ആയി പറഞ്ഞ നദാൽ മികച്ച ടൂർണമെന്റും സീസണും ആയി റൂഡിൽ നിന്നു ഉണ്ടായത് എന്നും പറഞ്ഞു. ഈ മികവ് റൂഡ് തുടരട്ടെ എന്നും നദാൽ കൂട്ടിച്ചേർത്തു.

അൽകാരസ് യുഗത്തിലേക്ക് സ്വാഗതം! യു.എസ് ഓപ്പൺ കിരീടം നേടി 19 കാരൻ! ലോക ഒന്നാം നമ്പർ ആവുന്ന ആദ്യ ടീനേജർ

ടെന്നീസിന്റെ ഭാവി താൻ തന്നെയാണ് എന്നു ഉറപ്പിച്ച പ്രകടനവും ആയി 19 കാരൻ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ യു.എസ് ഓപ്പൺ കിരീടം ഉയർത്തി. മൂന്നാം സീഡ് ആയ അൽകാരസ് അഞ്ചാം സീഡ് കാസ്പർ റൂഡിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ ആയും അൽകാരസ് മാറി. പുരുഷ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമായും ഇതോടെ അൽകാരസ്. 19 വയസ്സും നാലു മാസവും 6 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ആണ് അൽകാരസ് ചരിത്രം തിരുത്തി എഴുതിയത്. 2005 ൽ നദാലിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ അൽകാരസ്, 1990 ലെ പീറ്റ് സാമ്പ്രസിന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ യു.എസ് ഓപ്പൺ ചാമ്പ്യനും ആയി മാറി.

ചരിത്രത്തിൽ ആദ്യമായി ആണ് ടീനേജ് താരം പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആവുന്നത്. മികച്ച മത്സരം ആണ് ആർതർ ആഷെ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ആദ്യ സെറ്റിൽ തന്നെ ബ്രേക്ക് പോയിന്റുകൾ രക്ഷിച്ച അൽകാരസ് ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ചിലത് രക്ഷിക്കാൻ റൂഡിന് ആയെങ്കിലും ഒടുവിൽ ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 6-4 നു സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ എന്നാൽ റൂഡ് ശക്തമായി തിരിച്ചു വന്നു. കളം മുഴുവൻ നിറഞ്ഞു കളിച്ച റൂഡ് ഒടുവിൽ ഒരു ബ്രേക്ക് നേടി. ഇടക്ക് തന്റെ മികവ് കൈവിട്ട അൽകാരസിനെ ഈ സെറ്റിൽ ഒരിക്കൽ കൂടി ബ്രേക്ക് ചെയ്ത റൂഡ് സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ അവിശ്വസനീയ ഷോട്ട് ഉതിർത്ത അൽകാരസ് റൂഡിനെ ബ്രേക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രേക്ക് ചെയ്ത റൂഡ് തിരിച്ചടിച്ചു.

തുടർന്ന് രണ്ടു തവണ തന്റെ സർവീസിൽ സെറ്റ് പോയിന്റുകൾ വഴങ്ങിയ അൽകാരസ് ഇത് രണ്ടും കടുത്ത സമ്മർദ്ദത്തിലും രക്ഷിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ അവിശ്വസനീയ മികവ് കാണിച്ച അൽകാരസ് മൂന്നാം സെറ്റ് 7-6(7-1) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു. നാലാം സെറ്റിൽ തുടക്കത്തിൽ ഇരു താരങ്ങൾക്കും സർവീസ് നിലനിർത്താൻ ആയി. എന്നാൽ തുടർന്ന് ബ്രേക്ക് കണ്ടത്തിയ അൽകാരസ് മത്സരം 2 ഹോൾഡ് മാത്രം അകലെയാക്കി. തുടർന്ന് തന്റെ സർവീസ് നിലനിർത്തിയ അൽകാരസ് ചരിത്രം സൃഷ്ടിച്ചു. ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും സെറ്റ് 6-3 നു കൈവിട്ട റൂഡ് മത്സരം അടിയറവ് പറഞ്ഞു.

മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത അൽകാരസ് നാലാം സെറ്റിൽ അടക്കം സമ്മർദ്ദത്തിൽ തന്റെ സർവീസ് മികവ് ഉയർത്തി. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിന് മുന്നിൽ പരാജയം ഏറ്റു വാങ്ങിയ റൂഡ് യു.എസ് ഓപ്പൺ ഫൈനലിലും പരാജയപ്പെട്ടു. എങ്കിലും ലോക രണ്ടാം റാങ്കിൽ എത്താൻ നോർവീജിയൻ താരത്തിന് ആയി. ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ, 19 മത്തെ വയസ്സിൽ യു.എസ് ഓപ്പൺ കിരീടം അടക്കം നേടിയ അൽകാരസ് ടെന്നീസിന്റെ ഭാവി താൻ എന്നു തന്നെ ഉറപ്പിച്ചു പറയുകയാണ്. ഒരു ഗ്രാന്റ് സ്‌ലാം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കളത്തിൽ സമയം ചിലവഴിക്കുന്ന റെക്കോർഡും താരം സ്വന്തം പേരിലാക്കി. ബിഗ് 3 യുഗത്തിന് ശേഷം കാർലോസ് അൽകാരസ് യുഗം ആണ് വരാൻ ഇരിക്കുന്നത് എന്ന സൂചന തന്നെയാണ് ഈ യു.എസ് ഓപ്പൺ നൽകുന്നത്.

തിരിച്ചു വന്നു യു.എസ് ഓപ്പൺ വനിത ഡബിൾസിൽ ജയം കണ്ടു ചെക് സഖ്യം, കരിയർ ഗോൾഡൻ സ്‌ലാം പൂർത്തിയാക്കി

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ കിരീടം നേടി ചെക് റിപ്പബ്ലിക് സഖ്യമായ ബാർബോറ ക്രജികോവ, കാതറിന സിനിയകോവ സഖ്യം. മൂന്നാം സീഡ് ആയ അവർ സീഡ് ചെയ്യാത്ത അമേരിക്കൻ സഖ്യം കാത്തി മക്നല്ലി, ടെയ്‌ലർ തൗസന്റ് സഖ്യത്തെ തിരിച്ചു വന്നു തോൽപ്പിച്ചു ആണ് ജയം കണ്ടത്. ആദ്യ സെറ്റ് 6-3 നു കൈവിട്ട അവർ രണ്ടാം സെറ്റിൽ ഒരുഘട്ടത്തിൽ 4-1 നു പിറകിൽ ആയിരുന്നു. എന്നാൽ അവിടെ നിന്നു സെറ്റ് 7-5 നു നേടിയ ചെക് സഖ്യം മൂന്നാം സെറ്റിൽ എതിരാളികൾക്ക് ഒരവസരവും നൽകിയില്ല.

വലിയ ആധിപത്യത്തോടെ 6-1 നു മൂന്നാം സെറ്റ് നേടി ചെക് റിപ്പബ്ലിക് സഖ്യം കരിയർ ഗോൾഡൻ സ്‌ലാം യു.എസ് ഓപ്പൺ കിരീടത്തോടെ പൂർത്തിയാക്കുക ആയിരുന്നു. മുൻ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് ചാമ്പ്യൻ കൂടിയാണ് ക്രജികോവ. ഈ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടം ഒഴിച്ചു മൂന്നു ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ചെക് സഖ്യം ആയിരുന്നു നേടിയത്. 2018, 2021 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ, 2018, 2022 വർഷങ്ങളിൽ വിംബിൾഡൺ, 2022 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഇപ്പോൾ യു.എസ് ഓപ്പൺ എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ ക്രജികോവ,സിനിയകോവ സഖ്യം 2020 ടോക്കിയോ ഒളിമ്പിക്സിൽ സ്വർണവും നേടിയിരുന്നു. ഈ വർഷം ഗ്രാന്റ് സ്ളാമിൽ കളിച്ച 18 കളികളിലും ചെക് സഖ്യം ജയം നേടിയിരുന്നു.

ഫൈനലിൽ തോൽക്കില്ല എന്ന പതിവ് തുടർന്ന് ഇഗ! യു.എസ് ഓപ്പൺ നേടുന്ന ആദ്യ പോളണ്ട് വനിത

യു.എസ് ഓപ്പൺ കിരീടം നേടി ഇഗ സ്വിറ്റക്. ടുണീഷ്യൻ താരവും അഞ്ചാം സീഡും ആയ ഒൻസ് യാബ്യുറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ലോക ഒന്നാം നമ്പർ ആയ പോളണ്ട് താരം കിരീടം ഉയർത്തിയത്. ഓപ്പൺ യുഗത്തിൽ യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമായ ഇഗ കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ആണ് നേടിയത്. 2020, 2022 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ നേടിയ 21 കാരിയായ ഇഗക്ക് ഇത് ഫ്രഞ്ച് ഓപ്പണിനു പിറകെ ഇത് ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം കൂടിയാണ്.

കഴിഞ്ഞ കളിച്ച 18 ഫൈനലുകളിലും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച ഇക്കുറിയും ആ പതിവ് തുടർന്നു. ആദ്യ സെറ്റിൽ ഇഗയുടെ ആധിപത്യം ആണ് കാണാൻ ആയത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ ഇഗ 6-2 നു സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റ് കൂടുതൽ നാടകീയം ആയിരുന്നു. ആദ്യം തന്നെ സെറ്റിൽ ഇഗ ബ്രേക്ക് കണ്ടത്തിയെങ്കിലും ഒൻസ് ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് 2 തവണ കൂടി ബ്രേക്ക് വഴങ്ങിയ ഒൻസ് രണ്ടു തവണയും ബ്രേക്ക് തിരിച്ചു പിടിച്ചു.

തന്റെ സർവീസിൽ ചാമ്പ്യൻഷിപ്പ് പോയിന്റ് രക്ഷിച്ച ഒൻസ് രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടു പോയി. എന്നാൽ ടൈബ്രേക്കറിൽ പതുക്കെ ഇഗ ആധിപത്യം കണ്ടത്തി. ഒടുവിൽ ഒരിക്കൽ കൂടി ചാമ്പ്യൻഷിപ്പ് പോയിന്റ് കണ്ടത്തിയ ഇഗ സെറ്റ് 7-6(7-5) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു യു.എസ് ഓപ്പൺ കിരീടം സ്വന്തമാക്കി. ഈ വർഷം ഇഗ നേടുന്ന രണ്ടാമത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഇത്. അതേസമയം ഈ വർഷം വിംബിൾഡൺ ഫൈനലിൽ തോറ്റ ഒൻസിന് യു.എസ് ഓപ്പൺ ഫൈനലിലും പരാജയം തന്നെ നേരിടേണ്ടി വന്നു.

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടി ഓസ്‌ട്രേലിയൻ സഖ്യം

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഓസ്‌ട്രേലിയൻ സഖ്യമായ നാലാം സീഡ് ജോൺ പീർസ്, സ്റ്റോം സാന്റേഴ്‌സ് സഖ്യത്തിന്. സൂപ്പർ ടൈബ്രേക്കറിൽ ആണ് ഓസ്‌ട്രേലിയൻ സഖ്യം മത്സരം ജയിച്ചത്.

ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങി 6-4 കൈവിട്ട ഓസ്‌ട്രേലിയൻ സഖ്യം രണ്ടാം സെറ്റിൽ നിർണായക ബ്രേക്ക് നേടി സെറ്റ് 6-4 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. തുടർന്ന് സൂപ്പർ ടൈബ്രേക്കർ 10-7 നു നേടിയാണ് യു.എസ് ഓപ്പൺ കിരീടം ഓസ്‌ട്രേലിയൻ സഖ്യം ആദ്യമായി സ്വന്തം പേരിൽ കുറിച്ചത്.

Exit mobile version