എഡ്മണ്ടിന്റെ വെല്ലുവിളി മറികടന്ന് ജ്യോക്കോവിച്ച്, 2020 തിലെ ജയക്കുതിപ്പ് തുടരുന്നു

- Advertisement -

യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ നൊവാക് ജ്യോക്കോവിച്ച്. ബ്രിട്ടീഷ് താരം കെയിൽ എഡ്മണ്ടിനെ 4 സെറ്റ് പോരാട്ടത്തിൽ ആണ് സെർബിയൻ താരം ജയം കണ്ടത്. 2020 തിൽ കളിച്ച 25 മത്തെ മത്സരത്തിലും ഇതോടെ ജ്യോക്കോവിച്ച് ജയം കണ്ടു. ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസ് ഗെയിമുകൾ കൈവിടാതിരുന്നപ്പോൾ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. തുടർച്ചയായി ടൈബ്രേക്കറുകൾ ജയിച്ച് വന്ന ജ്യോക്കോവിച്ച് തുടക്കത്തിൽ ടൈബ്രേക്കറിൽ ലീഡ് കണ്ടത്തിയെങ്കിലും എഡ്മണ്ട് തിരിച്ചു വന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ബ്രിട്ടീഷ് താരത്തിന്.

എന്നാൽ രണ്ടാം സെറ്റ് മുതൽ തിരിച്ചു വരുന്ന ജ്യോക്കോവിച്ചിനെ ആണ് മത്സരത്തിൽ കണ്ടത്. രണ്ടാം സെറ്റിൽ മത്സരത്തിലെ ആദ്യ ബ്രൈക്ക് കണ്ടത്തിയ ലോക ഒന്നാം നമ്പർ 6-3 നു സെറ്റ് കയ്യിലാക്കി മത്സരത്തിൽ ഒപ്പമെത്തി. തുടർന്നു മൂന്നാം സെറ്റിലും സമാനമായ പ്രകടനം പുറത്ത് എടുത്ത നൊവാക് 6-4 നു സെറ്റ് നേടി ജയത്തിനു അരികിൽ എത്തി. നാലാം സെറ്റ് 6-2 നു സ്വന്തമാക്കി മത്സരം സ്വന്തം കയ്യിലാക്കിയ നൊവാക് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഒന്നാം സെറ്റിൽ നേരിട്ട ബുദ്ധിമുട്ട് ഒഴിച്ചാൽ മത്സരത്തിൽ നൊവാക് ആധിപത്യം പുലർത്തി. 2020 തിൽ ജ്യോക്കോവിച്ച് തോൽവി വഴങ്ങുമോ എന്നത് തന്നെയാവും യു.എസ് ഓപ്പണിലെ പ്രധാന ചോദ്യം.

Advertisement