ഒസാക്ക! വീണ്ടുമൊരു യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക

മൂന്നു വർഷത്തിനിടയിൽ മൂന്നാം ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക. നാലാം സീഡും 2018 ലെ യു.എസ് ഓപ്പൺ ജേതാവും ആയ ഒസാക്ക അപ്രതീക്ഷിതമായി സെമിയിൽ എത്തിയ ഇരുപത്തി എട്ടാം സീഡ് അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ ആണ് സെമിയിൽ മറികടന്നത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ഒസാക്കക്ക് ഒപ്പം പിടിച്ചു നിൽക്കാൻ പലപ്പോഴും ബ്രാഡിക്ക് ആയി. ആദ്യ സെറ്റിൽ ബ്രൈക്ക് പോയിന്റ് രക്ഷിച്ച ഒസാക്ക സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ഒരു താരങ്ങളും സർവീസ് കൈവിടാതിരുന്നപ്പോൾ 48 മിനിട്ടുകൾക്ക് ശേഷം ആയിരുന്നു ടൈബ്രേക്കറിലേക്ക് സെറ്റ് എത്തിയത്.

ടൈബ്രേക്കറിൽ ബ്രാഡി പിഴവുകൾ വരുത്തിയപ്പോൾ ഇത് മുതലെടുത്ത ഒസാക്ക ആദ്യ സെറ്റ് സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ വീണ്ടുമൊരു ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച ബ്രാഡി ഇത്തവണ ഒസാക്കയുടെ സർവീസ് ഭേദിക്കുക തന്നെ ചെയ്തു. 6-3 നു രണ്ടാം സെറ്റ് കയ്യിലാക്കിയ അമേരിക്കൻ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ തികച്ചും വ്യത്യസ്തമായ ഒസാക്കയെ ആണ് കാണാൻ സാധിച്ചത്. ആദ്യം മുതലെ ബ്രാഡിയുടെ സർവീസുകൾക്ക് ഒസാക്ക പ്രശ്നങ്ങൾ സൃഷ്ടിച്ചു.

ഇതിന്റെ ഫലമായി മൂന്നാം സെറ്റിലെ ബ്രാഡിയുടെ രണ്ടാമത്തെ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഒസാക്ക സെറ്റിൽ മുൻതൂക്കം നേടി. തുടർന്നും ഒസാക്ക ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും ബ്രാഡി പ്രതിരോധിച്ചു. എന്നാൽ തന്റെ സർവീസ് നിലനിർത്തിയ ഒസാക്ക സെറ്റ് 6-3 നു നേടി ഫൈനലിലേക്ക് മുന്നേറി. തന്റെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഒസാക്ക ഫൈനലിൽ ഇതിഹാസ താരം വിക്ടോറിയ അസരങ്കയോ നേരിടും.