ഐതിഹാസിക ഫൈനലിൽ മെദ്വദേവിനെ മറികടന്ന് 19 ഗ്രാന്റ്‌ സ്‌ലാം ഉയർത്തി നദാൽ

ഹോ, എന്തൊരു ഫൈനൽ ആയിരുന്നു അത്. എന്തൊരു പോരാട്ടം ആയിരുന്നു അത്, എന്തൊരു ടെന്നീസ് മത്സരം ആയിരുന്നു അത്. അക്ഷരാർത്ഥത്തിൽ ടെന്നീസ് ആരാധകർക്ക് വിരുന്ന് സമ്മാനിച്ച ഫൈനൽ ആണ് യു.എസ് ഓപ്പൺ ഫൈനലിൽ 33 കാരൻ റാഫേൽ നദാലും 23 കാരൻ ഡാനിൽ മെദ്വദേവും സമ്മാനിച്ചത്. ഈ വർഷത്തെ രണ്ടാം ഗ്രാന്റ്‌ സ്‌ലാമും തന്റെ നാലാം യു.എസ് ഓപ്പണും 19 മത്തെ ഗ്രാന്റ്‌ സ്‌ലാം കിരീടവും ലക്ഷ്യമിട്ട് കളത്തിൽ ഇറങ്ങിയ രണ്ടാം സീഡ് റാഫാ നദാൽക്ക് എതിരാളിയായി എത്തിയത് അഞ്ചാം സീഡും ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനൽ കളിക്കുന്നതും ആയ റഷ്യയുടെ ഡാനിൽ മെദ്വദേവ്‌. നീണ്ട റാലികളും അസാമാന്യ ഷോട്ടുകളും ഒരിക്കലും അണയാത്ത പോരാട്ടവീര്യവും ആയി ഇരു താരങ്ങളും കളം നിറഞ്ഞപ്പോൾ പിറന്നത് 5 സെറ്റ് നീണ്ട 4 മണിക്കൂർ 52 മിനിറ്റു നീണ്ടു നിന്ന ഐതിഹാസികം എന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടം. ഒടുവിൽ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞ മത്സരം നദാൽ സ്വന്തമാക്കുമ്പോൾ ടെന്നീസ് ആരാധകർ ഭ്രാന്തിന്റെ വക്കിൽ എത്തിയിരുന്നു.

ആദ്യ സെറ്റിൽ തന്നെ നീണ്ട റാലികൾ കണ്ട മത്സരത്തിൽ നദാലിന്റെ രണ്ടാം സർവീസ് തന്നെ റഷ്യൻ താരം ബ്രൈക്ക് ചെയ്തപ്പോൾ നദാൽ ആരാധകർ ഒന്നു ഞെട്ടി. എന്നാൽ മെദ്വദേവിന്റെ തൊട്ടടുത്ത സർവീസ് ബ്രൈക്ക് ചെയ്തു സെറ്റിൽ ഓപ്പമെത്തിയ നദാൽ പിന്നീട് വലിയ അവസരം ഒന്നും റഷ്യൻ താരത്തിന് നൽകിയില്ല. പിന്നീട് ഒരിക്കൽ കൂടി മെദ്വദേവിന്റെ സർവീസ് ഭേദിച്ച നദാൽ 7-5 നു ആദ്യ സെറ്റ് സ്വന്തമാക്കി. ഏതാണ്ട് ഒരുമണിക്കൂർ നീണ്ടു നിന്ന ആദ്യ സെറ്റ് വരാനിരിക്കുന്ന മത്സരത്തിന്റെ സൂചനയായിരുന്നു. രണ്ടാം സെറ്റിൽ തന്റെ രണ്ടാം സർവീസിൽ 4 ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ മെദ്വദേവിനു ആയെങ്കിലും മൂന്നാം സർവീസ് ബ്രൈക്ക് ചെയ്തു നദാൽ രണ്ടാം സെറ്റിൽ ആധിപത്യം നേടി. 6-3 നു രണ്ടാം സെറ്റ് നേടിയ നദാൽ യു.എസ് ഓപ്പൺ കിരീടത്തിലേക്ക് അടുത്തു. എന്നാൽ തുടർന്ന് കണ്ടത് മെദ്വദേവിന്റെ അസാമാന്യ തിരിച്ചു വരവ് ആയിരുന്നു.

മൂന്നാം സെറ്റിൽ ബേസ് ലൈനിൽ നിന്ന് കേറി വന്ന് നെറ്റിനെ കൂടുതൽ ആക്രമിക്കുന്ന മെദ്വദേവിനെ ആണ് കാണാൻ സാധിച്ചത്. സെറ്റിൽ മെദ്വദേവിന്റെ മൂന്നാം സർവീസ് ബ്രൈക്ക് ചെയ്ത നദാൽ കിരീടം കയ്യെത്തും ദൂരെയാക്കി. എന്നാൽ നദാലിന്റെ തൊട്ടടുത്ത സർവീസ് ഭേദിച്ച മെദ്വദേവ് വിട്ട് കൊടുക്കാൻ തയ്യാറായില്ല. ഇരു താരങ്ങളും കടുത്ത പോരാട്ടം തന്നെ സെറ്റിൽ പുറത്തെടുത്തു എന്നാൽ പിന്നീട് ഒരിക്കൽ കൂടി നദാലിന്റെ സർവീസ് ഭേദിച്ച മെദ്വദേവ് സെറ്റ് 7-5 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. സെറ്റിൽ സർവ്വം മറന്നു പോരാടിയ മെദ്വദേവിനായി ടൂർണമെന്റിൽ ഉടനീളം തിരിഞ്ഞ കാണികൾ കയ്യടികളുമായി എത്തിയതും കൗതുകമായി. നാലാം സെറ്റിൽ നദാലിനായി വീണ്ടും കാണികൾ ആർത്തു വിളിച്ചു. സെറ്റിൽ ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് പോയിന്റ് അതിജീവിച്ച നദാൽക്ക് മെദ്വദേവിന്റെ മൂന്നാം സർവീസിൽ ബ്രൈക്ക് ചെയ്യാൻ ലഭിച്ച രണ്ട് അവസരങ്ങളും മുതലാക്കാൻ ആയില്ല. കൂടുതൽ അക്രമകാരിയായ മെദ്വദേവ് നദാലിന്റെ സർവീസ് ബ്രൈക്ക് ചെയ്ത് സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

അഞ്ചാം സെറ്റിന്റെ തുടക്കത്തിൽ തന്റെ ആദ്യ സർവീസിൽ അതിഭയങ്കരമായ സമ്മർദനത്തിനിടയിലും മൂന്ന് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചെടുത്ത നദാൽ താൻ കീഴങ്ങാൻ ഇല്ലെന്ന വ്യക്തമായ സൂചന റഷ്യൻ താരത്തിന് നൽകി. മെദ്വദേവിന്റെ മൂന്നും നാലും സർവീസിൽ ബ്രൈക്ക് നേടിയ സ്പാനിഷ് താരം തന്റെ മത്സരത്തിലെ ആധിപത്യം തിരിച്ചു പിടിച്ചു. മത്സരം ഒരു സർവീസ് അകലെയുള്ള സമയത്ത് നദാലിന് സമയം ദീർഘിപ്പിച്ചതിനു ആദ്യ സർവീസ് പിഴയിട്ട റഫറിയുടെ തീരുമാനങ്ങളും സമ്മർദവും വിനയായപ്പോൾ ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു മെദ്വദേവ്. തുടർന്ന് തന്റെ സർവീസിൽ രണ്ട് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ രക്ഷിച്ചെടുത്തു മെദ്വദേവ്. എന്നാൽ തന്റെ അടുത്ത സർവീസിൽ അഞ്ചാം സെറ്റ് 6-4 നു നേടിയ നദാൽ തന്റെ നാലാം യു.എസ് ഓപ്പൺ കിരീടം എന്ന നേട്ടം സ്വന്തമാക്കി. 19 ഗ്രാന്റ്‌ സ്‌ലാം നേട്ടത്തോടെ ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങളിൽ ഫെഡററുമായുള്ള അകലം വെറും ഒരെണ്ണം ആയി കുറക്കാനും നദാൽക്ക് സാധിച്ചു. എത്ര അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാലും മതിവരാത്ത പ്രകടനം തന്നെയാണ് ശരീരം ബുദ്ധിമുട്ടിക്കുമ്പോഴും നദാൽ ഇന്ന് നടത്തിയത്. അതേസമയം ഫെഡറർക്കും നദാൽക്കും ദ്യോക്കോവിച്ചിനും ശേഷം താൻ ആണ് എന്ന് പറയാതെ പറയുന്ന പ്രകടനം ആണ് മെദ്വദേവിൽ നിന്നുണ്ടായത്. എന്നാൽ ബിഗ് 3 യുടെ ആധിപത്യം സമീപവർഷങ്ങളെ പോലെ ഇത്തവണയും തുടർന്നു എന്നതും വസ്‌തുതയാണ്. യു.എസ് ഓപ്പൺ ചരിത്രതത്തിലെ തന്നെ മികച്ച ഫൈനലുകളിൽ ഒന്നായി ഇത് അടയാളപ്പെടുത്തും എന്നുറപ്പാണ്.