
ലോക രണ്ടാം നമ്പർ താരവും അഞ്ച് തവണ യുഎസ് ഓപ്പൺ ചാമ്പ്യനുമായ സ്വിറ്റ്സർലാന്റിന്റെ ഇതിഹാസ താരം റോജർ ഫെഡറർ യുഎസ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ അഞ്ച് സെറ്റ് നീണ്ട കടുത്തൊരു പോരാട്ടത്തെ അതിജീവിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ നെക്സ്റ്റ് ജനറേഷൻ എടിപി താരം പത്തൊമ്പത് വയസ്സുകാരൻ തിയാഫോയെ ആണ് ഫെഡററെ ആദ്യ റൗണ്ടിൽ തന്നെ വെള്ളം കുടിപ്പിച്ചത്.
കഴിഞ്ഞ സിൻസിനാറ്റിയിൽ അലക്സാണ്ടർ സ്വരേവിനെ തോല്പിച്ച ആത്മവിശ്വാസവുമായാണ് തിയാഫോ ഇറങ്ങിയത്. ആദ്യ സെറ്റ് 6-4 ന് നേടിയ താരം പക്ഷേ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും നിറം മങ്ങി. എന്നാൽ നാലാം സെറ്റിൽ ഫെഡററെ നിഷ്പ്രഭനാക്കി 6-1 എന്ന സ്കോറിന് സെറ്റ് സ്വന്തമാക്കി മത്സരം അവസാന സെറ്റിലേക്ക് നീട്ടി. അവസാന സെറ്റിൽ നിർണ്ണായക ബ്രേക്ക് സ്വന്തമാക്കിയ ഫെഡറർ മാച്ചിനായി സർവ്വ് ചെയ്തെങ്കിലും തിയാഫോ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു.
പക്ഷേ ബ്രേക്ക് തിരികെ നേടി 4-5 എന്ന സ്കോറിൽ നിന്ന് സർവ്വ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടതോടെ കൂടുതൽ പരിക്കുകളില്ലാതെ ഫെഡറർ രക്ഷപ്പെട്ടു എന്നുതന്നെ പറയാം. ഇതിന് മുൻപ് 2003 ഫ്രഞ്ച് ഓപ്പണിലാണ് ഫെഡറർ ഒരു ഗ്രാൻഡ്സ്ലാമിന്റെ ആദ്യ റൗണ്ടിൽ പുറത്തായിട്ടുള്ളത്. മറ്റുമത്സരങ്ങളിൽ ഒന്നാം സീഡ് റാഫേൽ നദാൽ, അലക്സാണ്ടർ സ്വരേവ് എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

വനിതകളിൽ മുൻ ഒന്നാം നമ്പർ താരവും നിലവിലെ ആറാം സീഡുമായ കെർബറെ സീഡില്ലാ താരം ഒസാക്ക നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചു. സ്കോർ 6-1, 6-3. അമേരിക്കയുടെ മാഡിസൻ കീസ്, സ്ട്രൈക്കോവ, വിക്ക്മേയർ എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മഴ മൂലം ഉപേക്ഷിച്ച മത്സരങ്ങൾ ഇന്ന് നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial