പരിക്ക് അതിജീവിച്ച് ദ്യോക്കോവിച്ച്, യു.എസ് ഓപ്പൺ ജയങ്ങളിൽ സാമ്പ്രസിനൊപ്പം

മികച്ച പോരാട്ടം പുറത്തെടുത്ത അർജന്റീനയുടെ യുവാൻ ഇഗ്നാസിയ ലോന്റേറോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ഒന്നാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ദ്യോക്കോവിച്ച് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ രണ്ട് സെറ്റുകളിൽ മികച്ച പോരാട്ടം നടത്തിയ അർജന്റീന താരത്തിന് എതിരെ ആദ്യമെ തന്നെ സർവീസ് നഷ്ടപ്പെടുത്തിയ ദ്യോക്കോവിച്ച്‌ പിറകിലായി. അതിനിടയിൽ ഇടത് ഷോൾഡറിനു പരിക്കേറ്റ നൊവാക് ഡോക്ടറുടെ സഹായവും തേടി. എന്നാൽ തിരിച്ചു വന്നു അർജന്റീന താരത്തിന്റെ സർവീസ് ഭേദിച്ച നൊവാക് ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം ആണ് അർജന്റീന താരം നടത്തിയത്.

എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റിൽ തന്റെ മികവ് ടൈബ്രേക്കറിലേക്ക് കൊണ്ട് വന്ന നൊവാക് രണ്ടാം സെറ്റ് 7-6 നു സ്വാന്തമാക്കി മത്സരം കയ്യെത്തും ദൂരത്താക്കി. മൂന്നാം സെറ്റിൽ എതിരാളിയെ നിലം തൊടാൻ കൂടി സമ്മതിച്ചില്ല ലോക ഒന്നാം നമ്പർ. 6-1 നു മൂന്നാം സെറ്റും മത്സരവും നോവാക്കിന്‌ സ്വന്തം. ജയത്തോടെ യു.എസ് ഓപ്പണിൽ 71 ജയങ്ങൾ കുറിച്ചു നൊവാക്. 5 തവണ യു.എസ് ഓപ്പൺ ജേതാവ് ആയ പീറ്റ്‌ സാമ്പ്രസിന്റെ യു.എസ് ഓപ്പൺ ജയങ്ങൾക്ക് ഒപ്പം എത്താനും ഇതോടെ സെർബിയൻ താരത്തിന് ആയി. ഏറ്റവും കൂടുതൽ യു.എസ് ഓപ്പൺ ജയങ്ങളിൽ ഇപ്പോൾ അഞ്ചാമത് ആണ് ഇരു താരങ്ങളും. ഏറ്റവും കൂടുതൽ യു.എസ് ഓപ്പൺ ജയങ്ങൾ എന്ന റെക്കോർഡ് ജിമ്മി കോർണേഴ്സിനാണ്, രണ്ടാമത് റോജർ ഫെഡററും.

Previous articleഇന്ത്യ എ യുടെ ബൗളിംഗ് പരിശീലകനായി രമേഷ് പവാര്‍ എത്തി
Next articleയു എസ് ഓപ്പണിൽ 100 മത്സരങ്ങൾ തികച്ച് റോജർ ഫെഡറർ