നാട്ടുകാരിയുടെ പോരാട്ടം അതിജീവിച്ച് നയോമി ഒസാക്ക രണ്ടാം റൗണ്ടിൽ, കൊക്കോ ഗോഫ്‌ പുറത്ത്

- Advertisement -

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ സ്വന്തം നാട്ടുകാരിയായ മിസാക്കി ഡോയിയുടെ പോരാട്ടം അതിജീവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി ജപ്പാൻ താരവും നാലാം സീഡുമായ മുൻ ജേതാവ് നയോമി ഒസാക്ക. പൂർണ്ണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലാത്ത ഒസാക്ക നേരത്തെ സിൻസിനാറ്റി ഫൈനലിൽ നിന്നു വിട്ട് നിന്നിരുന്നു. അതിനാൽ തന്നെ ഒസാക്കക്ക് മത്സരം എളുപ്പമല്ലായിരുന്നു. ആദ്യ സെറ്റ് 6-2 നു നേടിയ ഒസാക്ക രണ്ടാം സെറ്റിൽ ആദ്യമേ തന്നെ ബ്രൈക്ക് വഴങ്ങി ഒരുപാട് പിന്നിലേക്ക് പോയി. എന്നാൽ തിരിച്ചു വരവ് നടത്തിയ ഒസാക്കക്ക് എതിരെ വിട്ട് കൊടുക്കാതെ പൊരുതിയ ഡോയ് രണ്ടാം സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന ഒസാക്ക 6-2 നു സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ട് ഉറപ്പിച്ചു.

ഏഴ് തവണ ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വർഗ്ഗക്കാരനു നേരെ അമേരിക്കൻ പോലീസ് വെടി ഉതിർത്തതിന്റെ പ്രതിഷേധം അറിയിക്കാൻ ഏഴ് മാസ്ക്കുകളിൽ പോലീസ് ക്രൂരതക്ക് ഇറയായവരുടെ പേര് എഴുതി ആയിരുന്നു ഒസാക്ക കളത്തിലെത്തിയത്. മത്സരശേഷം വംശീയതക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു ഒസാക്ക. അതേസമയം അമേരിക്കയുടെ യുവ താരം കൊക്കോ ഗോഫ്‌ ആദ്യ റൗണ്ടിൽ പുറത്തായി. 31 സീഡ് സെവറ്റോവക്ക് എതിരെ മൂന്ന് സെറ്റ് പോരാട്ടത്തിൽ ആണ് ഗോഫ്‌ തോറ്റത്. 13 ഇരട്ട സർവീസ് പിഴവുകൾ വരുത്തിയ യുവ താരം 6-3, 5-7, 6-4 എന്ന സ്കോറിന് ആണ് പരാജയം വഴങ്ങിയത്.

Advertisement