ആവേശപോരാട്ടത്തിൽ ശരീരത്തെയും ഷപോവലോവിനെയും തോൽപ്പിച്ച് ബുസ്റ്റ സെമിഫൈനലിൽ

Wasim Akram

യു.എസ് ഓപ്പണിൽ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പന്ത്രണ്ടാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവിനെയും ഇടക്ക് നേരിട്ട ശാരീരിക ബുദ്ധിമുട്ടിനെയും അതിജീവിച്ച് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റ സെമിഫൈനലിൽ. ജ്യോക്കോവിച്ച് പുറത്താക്കപ്പെട്ടതോടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ ഇരുപതാം സീഡ് ആയ ബുസ്റ്റ അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ആണ് സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ 5 തവണ ബ്രൈക്ക് വഴങ്ങിയ ഷപോവലോവ് 8 തവണയാണ് ബുസ്റ്റയെ ബ്രൈക്ക് ചെയ്‌തത്‌. ഒപ്പം 26 ഏസുകളും നേടി എങ്കിലും തോൽക്കാൻ ആയിരുന്നു കനേഡിയൻ താരത്തിന്റെ വിധി.

11 തവണ ഇരട്ടപ്പിഴവുകൾ വരുത്തിയ ഷപോവലോവ് നിർണായക സമയത്ത് സർവീസ് കൈവിട്ടു. ആദ്യ സെറ്റ് 6-3 നു നേടി മത്സരത്തിൽ മുൻതൂക്കം നേടിയ കനേഡിയൻ താരത്തിനു എതിരെ അടുത്ത രണ്ടു സെറ്റുകൾ ടൈബ്രേക്കറിലൂടെ നേടി മത്സരത്തിൽ അതിശക്തമായി തിരിച്ചു വന്നു ബുസ്റ്റ. എന്നാൽ ശാരീരിക ക്ഷമത അലട്ടിയപ്പോൾ നാലാം സെറ്റിൽ ബേഗൽ വഴങ്ങിയ സ്പാനിഷ് താരം സെറ്റ് 6-0 ത
ത്തിനു കൈവിട്ടു. തുടർന്ന് വൈദ്യസഹായം തേടിയ സ്പാനിഷ് താരം അതിനായി ഇടവേളയും എടുത്തു.

സമ്പൂർണമായി തകർന്ന നാലാം സെറ്റിൽ നിന്നു അത്ഭുതകരമായി കരകയരുന്ന ബുസ്റ്റയെ ആണ് അവസാന സെറ്റിൽ കാണാൻ ആയത്. ഷപോവലോവിന്റെ സർവീസിൽ പിഴവ് കണ്ടത്തി ബ്രൈക്ക് നേടിയ ബുസ്റ്റ തന്റെ സർവീസുകളും മെച്ചപ്പെടുത്തി. അഞ്ചാം സെറ്റ് 6-3 നു സ്വന്തമാക്കി യു.എസ് ഓപ്പണിലെ തന്റെ രണ്ടാം സെമിഫൈനൽ ബുസ്റ്റ ഉറപ്പാക്കി. സെമിഫൈനലിൽ അഞ്ചാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവ് ആണ് ബുസ്റ്റയുടെ എതിരാളി. സെരവിനെയും സമാനമായ പ്രകടനം നടത്തി ഞെട്ടിക്കാൻ ആവും ബുസ്റ്റ സെമിഫൈനലിൽ ശ്രമിക്കുക.