
അന്യഭാഷകളെപ്പോലെയാണ് എല്ലാ കായിക ഇനങ്ങളും. സംസാരിച്ചാലേ ഭാഷ നല്ലപോലെ വഴങ്ങൂ എന്നപോലെ കളിച്ചാലും കണ്ടാലുമൊക്കെ മാത്രമേ അതല്ലാമങ്ങോട്ട് മനപ്പാഠമാകൂ. നമ്മുടെ സ്വന്തം ഭാഷ പോലെ ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍ എന്നിവയിലെ നിയമങ്ങളൊന്നും ആരും നമ്മളെ പഠിപ്പിച്ചതല്ല സ്വയം കണ്ടും ശേഷം കളിച്ചും നമ്മള് പോലും അറിയാതെ തന്നെ ഉള്ളിലേക്ക് കയറിയവയാണ്. ടെന്നീസും ഗോള്‍ഫും പോലുള്ള ചുരുക്കം ചില കളികള്‍ കളിക്കാന്‍ ഒരവസരം ഇല്ലാത്തത് കൊണ്ട് ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുന്നെന്ന് മാത്രം. വൈകുന്നേരം ടിവി റിമോട്ട് കിട്ടാന്‍ അമ്മമാരേയും പെങ്ങന്മാരേയും എന്തിന് അമ്മൂമ്മമാരെ വരെ ക്രിക്കറ്റ് പഠിപ്പിച്ച നമ്മളിൽ പലരേയും പോലെ അറിയാത്തവരെ ടെന്നീസിലെ പ്രധാനമായ ചില കാര്യങ്ങൾ പഠിപ്പിക്കുകയെന്ന ശ്രമകരമായ ഒരു പണിയാണ് ഈ ലേഖനം കൊണ്ട് ഞാനും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എന്നാപ്പിന്നെ സമയം കളയാതെ ടെന്നീസ് കോര്‍ട്ടിലേക്ക് പോവല്ലേ?
ക്രിക്കറ്റ് പോലെത്തന്നെ ഇംഗ്ലണ്ടില്‍ ജനിച്ച കളിയാണ് ടെന്നീസും. ഇതിലും ഒരു (ചെയർ) അമ്പയറും കുറച്ച് ലൈൻസ്മാൻമാരും പിന്നെ ബോൾ ബോയ്സുമുണ്ട്. പ്രധാനമായും ഹാര്‍ഡ്കോര്‍ട്ട് (ഓസ്ട്രേലിയൻ ഓപ്പണും, യുഎസ് ഓപ്പണും നടക്കുന്ന കോർട്ട്) ഗ്രാസ്സ്കോര്ട്ട് (വിംബിൾഡൺ) ക്ലേ കോർട്ട് (ഫ്രഞ്ച് ഓപ്പൺ) എന്നിങ്ങനെ മൂന്നുതരം കോര്‍ട്ടുകള്‍ ആണ് ടെന്നീസിനുള്ളത്.
അളവുകളിലെ വ്യത്യാസവും, ബേസ് ലൈനിന് ഇരുവശത്തുമായി ചെറിയ ചതുരങ്ങളും ഇല്ലെന്നതൊഴിച്ച് നിര്‍ത്തിയാല്‍ ഒറ്റനോട്ടത്തില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടും ടെന്നീസ് കോര്‍ട്ടും കണ്ടാല്‍ ഒരമ്മ പെറ്റ മക്കളാന്നേ തോന്നൂ (അളവുകള്‍ ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്). ബാഡ്മിന്റണിലെപ്പോലെ ഇതിലേയും ഗോള്‍ഡന്‍ റൂള്‍ ‘ALL LINES ARE IN’ എന്നത് തന്നെയാണ്. ഒരു കൊല്ലത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളും, എണ്ണിയാല്‍ തീരാത്ത ചലഞ്ചര്‍,മാസ്റ്റേഴ്സ് തുടങ്ങിയ മറ്റു ടൂര്‍ണമെന്റുകളുമാണ് ടെന്നീസിലുള്ളത്. ഗ്രാന്‍ഡ്സ്ലാം പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ അഞ്ച് സെറ്റുകളും, മറ്റുള്ളവയില്‍ മൂന്ന് സെറ്റുകളുമാണ് ഉണ്ടാവുക. വനിതകളുടെ ടെന്നീസില്‍ എല്ലാത്തിലും 3 സെറ്റുകള്‍ മാത്രമേ ഉണ്ടാകൂ. അവര്‍ക്ക് പുരുഷന്റെ അത്ര ശാരീരിക ക്ഷമത ഇല്ലല്ലോ! (ഫെമിനിസ്റ്റുകള്‍ എന്നോട് പൊറുക്കട്ടെ).
ക്രിക്കറ്റിലെപ്പോലെ ടോസ്സ് നേടുന്ന കളിക്കാരന് സർവ്വ് ചെയ്യണോ അതോ സർവ്വ് സ്വീകരിക്കണോ എന്ന് തീരുമാനിക്കാം. സര്‍വ്വ് ചെയ്യുമ്പോള്‍ എതിരാളിയുടെ മൂന്നരയടി മാത്രമുള്ള നെറ്റിനോട് ചേര്‍ന്ന് കാണുന്ന ചെറിയ ബോക്സില്‍ കുത്തിക്കണം. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ ഒരിക്കല്‍ കൂടെ ശ്രമിക്കാം. നെറ്റില്‍ തട്ടിയാല്‍ വീണ്ടും സര്‍വ്വ് ചെയ്യണം (നെറ്റില്‍ തട്ടുന്നത് കണ്ടുപിടിക്കാന്‍ മെഷീനുണ്ട്). സര്‍വ്വ് ബോക്സിന് പുറത്തേക്ക് എവിടേലും പോയാല്‍ അത് ഫോള്‍ട്ടാണ്. അങ്ങനെ രണ്ട് ഫോള്‍ട്ടുകള്‍ അടുപ്പിച്ച് വന്നാല്‍ ഡബിള്‍ ഫോള്‍ട്ട് ആവുകയും സര്‍വ്വ് ചെയ്യുന്നയാള്‍ക്ക് ഒരു പോയിന്റ് നഷ്ടപ്പെടുകയും ചെയ്യും. ആദ്യം നേടുന്ന പോയിന്റ് 15 അടുത്തത് 30 പിന്നെ 40 പിന്നത്തെ പോയിന്റിന് ഗെയിം ഇതാണ് ടെന്നീസിലെ പോയിന്റ് രീതി. സര്‍വ്വ് ചെയ്യുമ്പോള്‍ സ്കോര്‍ 40-40 എത്തിയാല്‍ അതിനെ ഡ്യൂസ് എന്ന് പറയും. പിന്നെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടുന്നയാള്ക്കുള്ളതാണ് ആ ഗെയിം. 40ല്‍ നിന്ന് ആദ്യ പോയിന്റ് നേടുന്ന കളിക്കാരന് അഡ്വാണ്ടേജ് ലഭിക്കുകയും തുടര്‍ന്ന് ഒരു പോയിന്റ് കൂടെ നേടിയാല്‍ ആ ഗെയിം സ്വന്തമാവുകയും ചെയ്യും. ഇങ്ങനെ ആദ്യം ആറു ഗെയിമുകള്‍ സ്വന്തമാക്കുന്നയാള്‍ക്ക് സെറ്റ് സ്വന്തമാവും. ഇനി ഒരു കളിക്കാരൻ 6ഉം എതിര്ക്കളിക്കാരന് 5ഉം എത്തിയാല്‍ ഏഴ് എത്തുന്ന വരെ കളിക്കേണ്ടി വരും. 6-6 എന്ന സ്കോറിന് തുല്യത പാലിച്ചാൽ പിന്നെ ടൈബ്രേക്കറിലേക്ക് കടക്കും. ടൈബ്രേക്കറിൽ ആദ്യം സര്‍വ്വ് ചെയ്യുന്നയാള്‍ക്ക് ഒരു സര്‍വ്വും പിന്നെ രണ്ട് സര്വ്വുകളുമാണ് ലഭിക്കുക. ഓരോ സര്വ്വിനും ഓരോ പോയിന്റ് ലഭിക്കും. അങ്ങനെ എതിരാളിയുമായി രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ആദ്യം 7 എത്തുന്നയാള്‍ക്ക് ആ സെറ്റ് സ്വന്തമാക്കാം. ഇങ്ങനെ കളിക്കുന്ന അഞ്ച് സെറ്റുകളിൽ മൂന്ന് സെറ്റുകൾ നേടുന്ന കളിക്കാരൻ വിജയിക്കും.
ഓരോ സെറ്റിലും മൂന്ന് ചലഞ്ചുകള്‍ ഓരോ കളിക്കാരനും ചെയ്യാം (തെറ്റിയില്ലെങ്കിൽ എത്ര ചലഞ്ച് വേണമെങ്കിലും ചെയ്യാം). ടൈബ്രേക്കറില്‍ കടന്നാല്‍ ഒരു ചലഞ്ച് കൂടെ അധികം ലഭിക്കും. പോയിന്റുകള്ക്കിടയ്ക്കൊരു കാരണവശാലും ശരീരമോ റായ്ക്കറ്റോ നെറ്റില്‍ സ്പര്‍ശിക്കാന്‍ പാടില്ല, സര്വ്വുകള്ക്കിടയ്ക്ക് നിര്ദ്ദിഷ്ടസമയത്തേക്കാള് അധികം എടുക്കരുത്, ബേസ് ലൈനിന് പുറത്ത് നിന്ന് വേണം സര്‍വ്വ് ചെയ്യാന്‍, വിംബിൾഡണിൽ ഒഴികെ ഇഷ്ടമുള്ള നിറങ്ങളിൽ വസ്ത്രം ധരിക്കാം എന്നിങ്ങനെയുള്ള ചെറിയ ചെറിയ നിയമങ്ങള്‍ വേറെയും ഉണ്ടെന്നതൊഴിച്ചാല്‍ ടെന്നീസ് വളരെ സിമ്പിളാണ് പവർഫുള്ളും.
അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ബേസിക്കായ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഇവിടെ പരാമർശിച്ചിട്ടുള്ളൂ. വായിച്ചറിയുന്നതിൽ ഒരു പരിമിധിയുണ്ടെന്നതും കുറച്ചൊക്കെ സ്വയം മനസ്സിലാക്കുന്നതാണതിന്റെയൊരു രസം എന്നതും തന്നെ കാര്യം. ബോക്സിംഗ് കഴിഞ്ഞാല്‍ ഒറ്റയ്ക്കൊറ്റയ്ക്കുള്ള മത്സരങ്ങളിലെ ഏറ്റവും വാശിയേറിയത് എന്ന് വേണമെങ്കിൽ ടെന്നീസിനെ വിശേഷിപ്പിക്കാം. ഒരു ഗെയിമിൽ അല്ലെങ്കിൽ ഒരു സെറ്റിൽ മോശമായാലും അടുത്തതിൽ തിരിച്ചുവരാനുള്ള സാധ്യതകൾ ഈ ഗെയിമിലുണ്ട്. ക്രിക്കറ്റിനെപ്പോലെയോ, ഫുട്ബോളിനെപ്പോലെയോ ടെന്നീസിലൊരു രണ്ടാം ചാൻസില്ല. വർഷാവസാനം നടക്കുന്ന എടിപി ടൂർ ഫൈനൽസിലൊഴികെയുള്ള എല്ലാ ടൂർണമെന്റുകളിലും ആദ്യ കളി മുതലേ നോക്കൗട്ടാണ്. ആരും എപ്പോൾ വേണമെങ്കിലും തോറ്റ് പുറത്താകാം. ഈയൊരു അനിശ്ചിതത്വം തന്നെയാണ് ടെന്നീസെന്ന കളിയുടെ രസവും.തുടക്കം മുതൽ അവസാന പോയിന്റ് വരെ ഒരേ നിലവാരത്തോടെ കളിക്കേണ്ടി വരും എന്നതുകൊണ്ട് തന്നെ നല്ല മനോബലവും, കായികക്ഷമതയും ധാരാളം ആവശ്യപ്പെടുന്ന കായിക ഇനമാണ് ടെന്നീസ്.
എന്തെങ്കിലുമൊക്കെ അവിടിവിടെ മനസ്സിലായെന്ന് തോന്നുന്നുണ്ടെങ്കിൽ ധൈര്യായി കളി കണ്ടു തുടങ്ങാം. ഒരൊറ്റ മാച്ചോടെ തന്നെ എല്ലാം മനസ്സിലാവും. സംഭവം ഇഷ്ടപ്പെട്ടാൽ വീട്ടുകാരെ ഇതും കൂടെ പഠിപ്പിച്ച് ആ സമയം കൂടെ സീരിയലിൽ നിന്ന് ഒരു മോചനം കൊടുക്കാം ആ വഴിക്ക് അല്പം പുണ്യവും കൂടെ നേടാം.
PS: കേട്ടറിവിനേക്കാള് വലുതാണ് ടെന്നീസെന്ന കളി