ഒന്നാം സ്ഥാനം ഫോട്ടോ ഫിനിഷിലേക്ക്

- Advertisement -

ലണ്ടൻ: ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ജോക്കോവിച്ചും, നിലവിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന ആന്റി മറെയും എടിപി വേൾഡ് ടൂർ ഫൈനൽസിന്റെ സെമിയിൽ പ്രവേശിച്ചതോടെ ഈ വർഷത്തെ അവസാന ടൂർണമെന്റായ എടിപി വേൾഡ് ടൂർ ഫൈനൽസിൽ ആവേശപ്പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. സെമി ഫൈനലിൽ ജോക്കോവിച്ച് ജപ്പാന്റെ നിഷികോരിയേയും, ആന്റി മറെ കാനഡയുടെ മിലോസ്‌ റയോനിച്ചിനേയും നേരിടും. റൗണ്ട് റോബിൻ ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് ജോക്കോവിച്ചും, മറെയും സെമിയിൽ കടന്നത്. നിലവിലെ സാഹചര്യത്തിൽ രണ്ടുപേരും സെമിയിൽ തോറ്റു പുറത്തായാൽ ആന്റി മറെ വർഷാവസാനം റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പതിനേഴാമത്തെ താരമാകും. രണ്ടുപേരും ഫൈനലിൽ കടന്നാൽ വിജയിക്കുന്ന ആൾ ഒന്നാം നമ്പറാകും എന്നിരിക്കേ ടൂർ ഫൈനൽസിന്റെ ചരിത്രത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നിർണ്ണയിക്കുക ഈ ഫൈനലായിരിക്കും എന്നൊരു പ്രത്യേകത കൂടിയാവും. ഫോം കണക്കിലെടുക്കുമ്പോൾ കൂടുതൽ സാധ്യതയും ഒന്നാം നമ്പറും രണ്ടാം നമ്പറും തമ്മിലുള്ള മത്സരത്തിന് തന്നെയാണ്. ഡബിൾസ് വിഭാഗത്തിൽ ആന്റി മറെയുടെ സഹോദരൻ ജെയ്മി മുറെ അടങ്ങിയ സഖ്യം ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച് സെമിയിൽ കടന്നതോടെ വർഷാവസാന റാങ്കിങ്ങിൽ ടീമിനത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

Advertisement