ഇന്ത്യയുടെ 20 വയസ്സുകാരിയായ ടെന്നീസ് താരം വൈഷ്ണവി അഡ്കർ ലോക യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതാ സിംഗിൾസ് വിഭാഗത്തിൽ മെഡൽ ഉറപ്പിച്ച് ചരിത്രം കുറിച്ചു. സെമിഫൈനലിൽ പ്രവേശിക്കുന്നതിനായി അഡ്കർ ആതിഥേയ താരമായ ജർമ്മനിയുടെ സിന ഹെർമാനെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ, നടന്നുകൊണ്ടിരിക്കുന്ന ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം മെഡലാണ് അഡ്കർ ഉറപ്പിച്ചത്.
Category: Tennis
ഒളിമ്പിക് ചാമ്പ്യൻ സെങ് ക്വിൻവെൻ യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി
വലത് കൈമുട്ടിന് ശസ്ത്രക്രിയയെ തുടർന്ന് സുഖം പ്രാപിക്കുന്നതിനാൽ ചൈനീസ് ടെന്നീസ് താരവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ സെങ് ക്വിൻവെൻ വരാനിരിക്കുന്ന യുഎസ് ഓപ്പണിൽ നിന്ന് ഔദ്യോഗികമായി പിന്മാറി. ടൂർണമെന്റ് സംഘാടകർ തിങ്കളാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള സെങ്ങിന് ഇത് നിരാശാജനകമായ ഒരു തിരിച്ചടിയാണ്. 22 കാരിയായ സെങ്, കഴിഞ്ഞ ആഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ വലത് കൈമുട്ടിലെ തുടർച്ചയായ വേദനയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത് മത്സരങ്ങളിലും പരിശീലന സെഷനുകളിലും അവരുടെ പ്രകടനത്തെ ബാധിച്ചിരുന്നു. പല ചികിത്സകളും പരീക്ഷിച്ചിട്ടും അസ്വസ്ഥത തുടർന്നതിനെത്തുടർന്ന്, മെഡിക്കൽ വിദഗ്ദ്ധരുമായും സപ്പോർട്ട് ടീമുമായും കൂടിയാലോചിച്ച ശേഷം ആർത്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ അവർ തീരുമാനിക്കുകയായിരുന്നു.
2024 അവർക്ക് മികച്ച വർഷമായിരുന്നു, പാരീസ് ഒളിമ്പിക്സിൽ സ്വർണ്ണം നേടുകയും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തുകയും ചെയ്തു. എന്നിരുന്നാലും, 2025 ലെ അവരുടെ ടൂർണമെന്റ് പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല. ഈ മാസം ആദ്യം നടന്ന വിമ്പിൾഡണിൽ കാറ്റെറിന സിനിയാക്കോവയോട് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. സെങ് യുഎസ് ഓപ്പണിൽ നിന്ന് പിന്മാറിയതിനാൽ, ഓഗസ്റ്റ് 24-ന് ന്യൂയോർക്കിൽ ആരംഭിക്കുന്ന സീസണിലെ അവസാന ഗ്രാൻഡ് സ്ലാമിന്റെ പ്രധാന നറുക്കെടുപ്പിലേക്ക് ഫ്രാൻസിന്റെ ലിയോലിയ ജീൻജീൻ ഇടം നേടി.
പൗള ബഡോസയ്ക്ക് യു എസ് ഓപ്പൺ നഷ്ടമായേക്കും
സ്പാനിഷ് ടെന്നീസ് താരം പൗള ബഡോസയ്ക്ക് പുതിയ പരിക്കിനെ തുടർന്ന് വീണ്ടും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിൽ ബഡോസ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇത് സംശയമുയർത്തുന്നുണ്ട്. നടുവിൻ്റെ താഴെ ഭാഗത്തെയും തുടയുടെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന സോസ് പേശിക്ക് പരിക്ക് പറ്റിയെന്ന് ലോക പത്താം നമ്പർ താരം സ്ഥിരീകരിച്ചു. സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ വേണ്ടിവരുമെന്നും അവർ അറിയിച്ചു.
നിരവധി പരിക്കുകളോട് പൊരുതി ഈ വർഷം ലോക റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തിയ താരമാണ് ബഡോസ. വിംബിൾഡണിന് മുൻപ് തന്നെ ഈ പ്രശ്നം ആരംഭിച്ചിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. വേദനയുണ്ടായിട്ടും അവർ ടൂർണമെന്റിൽ കളിച്ചെങ്കിലും ആദ്യ റൗണ്ടിൽ ബ്രിട്ടന്റെ കേറ്റി ബൗൾട്ടറോട് മൂന്ന് സെറ്റുകൾക്ക് പരാജയപ്പെട്ടു. 26 വയസ്സുകാരിയായ ബഡോസയ്ക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിട്ടുമാറാത്ത നടുവേദനയുണ്ട്. ഒരു ഘട്ടത്തിൽ വേദനയുടെ തീവ്രത കാരണം വിരമിക്കൽ പോലും അവർ പരിഗണിച്ചിരുന്നു.
ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെ നടക്കുന്ന യുഎസ് ഓപ്പൺ ഉൾപ്പെടെ സീസണിലെ നിർണായക ഘട്ടത്തിലാണ് ഈ പരിക്ക് വരുന്നത്.
ചരിത്ര നേട്ടം! വിംബിൾഡൺ കിരീടം സിന്നർ സ്വന്തമാക്കി!
സെന്റർ കോർട്ടിൽ നടന്ന വിംബിൾഡൺ ഫൈനലിൽ കാർലോസ് അൽകാരാസിനെ 4-6, 6-4, 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി യാനിക്ക് സിന്നർ തന്റെ കന്നി വിംബിൾഡൺ കിരീടം സ്വന്തമാക്കി ചരിത്രത്തിൽ ഇടംനേടി. നിലവിൽ ലോക ഒന്നാം നമ്പർ താരമായ ഈ ഇറ്റാലിയൻ, വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന തന്റെ രാജ്യത്ത് നിന്നുള്ള ആദ്യ പുരുഷ താരമായി, തന്റെ മികച്ച കരിയറിലെ മറ്റൊരു തിളക്കമാർന്ന നേട്ടമാണിത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം, പക്വതയോടെയും കൃത്യതയോടെയും സിന്നർ തിരിച്ചുവന്നു. ആൽകാരാസിന്റെ വേഗതയെ തന്റെ ആഴത്തിലുള്ള ഗ്രൗണ്ട്സ്ട്രോക്കുകളും സ്ഥിരതയാർന്ന സെർവുകളും ഉപയോഗിച്ച് നിർവീര്യമാക്കി. രണ്ട് തവണ നിലവിലെ ചാമ്പ്യനായി ഫൈനലിലെത്തിയ അൽകാരാസ് ആദ്യ സെറ്റിന് ശേഷം തന്റെ മികവിലേക്ക് ഉയർന്നതേ ഇല്ല.
ഈ വിജയം സിന്നറുടെ നാലാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണ്, ഹാർഡ് കോർട്ടുകൾക്ക് പുറത്ത് നേടുന്ന ആദ്യ കിരീടം കൂടിയാണിത്.
6-0, 6-0! ഒരു ഗെയിം പോലും നഷ്ടപ്പെടാതെ വിംബിൾഡൺ കിരീടം ഉയർത്തി ഇഗ സ്വിറ്റെക്
വിംബിൾഡൺ കിരീടം ആദ്യമായി ഉയർത്തി എട്ടാം സീഡും പോളണ്ട് താരവും ആയ ഇഗ സ്വിറ്റെക്. ഒരു ഗെയിം പോലും നഷ്ടമാവാതെ 6-0, 6-0 എന്ന സ്കോറിന് 13 സീഡ് അമേരിക്കയുടെ അമാന്ത അനിസിമോവയെ ആണ് ഇഗ തകർത്തത്. 1911 നു ശേഷം ആദ്യമായി ആണ് വിംബിൾഡൺ ഫൈനൽ ഈ സ്കോറിന് അവസാനിക്കുന്നത്. ഓപ്പൺ യുഗത്തിൽ 1988 ലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം ഇത്തരം ഒരു ഫൈനൽ സ്കോറും ഇത് ആദ്യമായാണ്. ഫൈനൽ ഒരു മണിക്കൂർ പോലും നീണ്ടു നിന്നില്ല.
പുരുഷ, വനിത വിഭാഗങ്ങളിൽ പോളണ്ടിൽ നിന്നുള്ള ആദ്യ വിംബിൾഡൺ ജേതാവ് ആയും ഇഗ ഇതോടെ മാറി. കരിയറിലെ ആറാം ഗ്രാന്റ് സ്ലാം ആണ് ഇഗക്ക് ഇത്, കളിച്ച 6 ഫൈനലുകളും ഇഗ ജയിച്ചു. മൂന്നു സർഫസുകളിലും ഗ്രാന്റ് സ്ലാം കിരീടവും ഇഗ ഇതോടെ നേടി. കരിയറിലെ 23 മത്തെ കിരീടം ആയിരുന്നു 24 കാരിയായ താരത്തിന് ഇത്. 2024 ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു ശേഷമുള്ള കിരീടനേട്ടത്തോടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കും ഇഗ മുന്നേറും.
വിംബിൾഡൺ 2025: ജൂലിയൻ കാഷും ലോയ്ഡ് ഗ്ലാസ്‌പൂളും പുരുഷ ഡബിൾസ് ചാമ്പ്യൻമാർ
ചരിത്രപരമായ ഒരു വിജയത്തിൽ, ജൂലിയൻ കാഷും ലോയ്ഡ് ഗ്ലാസ്‌പൂളും വിംബിൾഡൺ 2025 പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി. 1936-ന് ശേഷം ഈ ട്രോഫി നേടുന്ന ആദ്യ ഓൾ-ബ്രിട്ടീഷ് സഖ്യമായി ഇവർ മാറി. സെന്റർ കോർട്ടിൽ നടന്ന ഫൈനലിൽ അഞ്ചാം സീഡുകളായ ഇരുവരും, ഫൈനലിസ്റ്റുകളായ റിങ്കി ഹിജികാറ്റയെ (ഓസ്ട്രേലിയ), ഡേവിഡ് പെല്ലിനെ (നെതർലൻഡ്‌സ്) 6-2, 7-6(3) എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.
ഈ ഗ്രാസ്-കോർട്ട് സീസണിൽ ക്വീൻസ് ക്ലബ്ബിലും ഈസ്റ്റ്ബോണിലും കിരീടങ്ങൾ നേടി കാഷും ഗ്ലാസ്‌പൂളും ഇതിനകം ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടിക്കൊണ്ട് അവർ ഈ വേനൽക്കാലത്തെ സ്വപ്നതുല്യമായ ഓട്ടത്തിന് ഒരു അന്ത്യം കുറിച്ചു.
ബ്രിട്ടീഷ് സഖ്യം ശക്തമായിട്ടാണ് തുടങ്ങിയത്. പെല്ലിന്റെ തുടക്കത്തിലെ പിഴവുകളും ദുർബലമായ സർവ് ഗെയിമും മുതലെടുത്ത് ആദ്യ സെറ്റിൽ ആധിപത്യം സ്ഥാപിച്ചു. രണ്ടാം സെറ്റിൽ എതിരാളികൾ മികച്ച വെല്ലുവിളി ഉയർത്തി, സെറ്റിനെ ടൈബ്രേക്കറിലേക്ക് എത്തിച്ചു. എന്നാൽ കാഷും ഗ്ലാസ്‌പൂളും ശാന്തത പാലിക്കുകയും തങ്ങളുടെ കളി മെച്ചപ്പെടുത്തുകയും ചെയ്ത് സ്വന്തം കാണികൾക്ക് മുന്നിൽ വിജയം സ്വന്തമാക്കി.
ജ്യോക്കോവിച്ചിനെ തകർത്തു യാനിക് സിന്നർ വിംബിൾഡൺ ഫൈനലിൽ
ഏഴു തവണ വിംബിൾഡൺ ചാമ്പ്യൻ ആയ ആറാം സീഡ് നൊവാക് ജ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഒന്നാം സീഡ് യാനിക് സിന്നർ വിംബിൾഡൺ ഫൈനലിൽ. തുടർച്ചയായ അഞ്ചാം തവണയാണ് സിന്നർ ജ്യോക്കോവിച്ചിനെ തോൽപ്പിക്കുന്നത്. മുമ്പ് റാഫേൽ നദാൽ മാത്രമാണ് ഈ നേട്ടം കൈവരിച്ച ഏക താരം. ഫെഡറർ, നദാൽ, മറെ എന്നിവർക്ക് ശേഷം കളിമണ്ണ്, പുൽ മൈതാനം, ഹാർഡ് കോർട്ട് എന്നീ മൂന്നു സർഫസുകളിലും ജ്യോക്കോവിച്ചിനെ തോൽപ്പിക്കുന്ന താരവുമായി സിന്നർ മാറി.
2 മണിക്കൂർ താഴെ സമയം കൊണ്ട് 6-3, 6-3, 6-4 എന്ന സ്കോറിന് അനായാസം ആണ് ജ്യോക്കോവിച്ചിനെ സിന്നർ തകർത്തത്. കരിയറിലെ അഞ്ചാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ് സിന്നറിന് ഇത്, 2025 യു.എസ് ഓപ്പൺ ഫൈനലിന് ശേഷം തുടർച്ചയായ നാലാം ഗ്രാന്റ് സ്ലാം ഫൈനലും. ഫൈനലിൽ രണ്ടാം സീഡും നിലവിലെ ചാമ്പ്യനും ആയ അൽകാരസ് ആണ് സിന്നറിന്റെ എതിരാളി. 2008 ൽ ഫെഡറർക്കും നദാലിനും ശേഷം ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകളിൽ ഒരേ താരങ്ങൾ ആണ് ഏറ്റുമുട്ടുന്നത് എന്നതും ഈ ഫൈനലിന്റെ പ്രത്യേകതയാണ്. റോളണ്ട് ഗാരോസിൽ ഓപ്പൺ യുഗത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഫൈനലിൽ ഏതാണ്ട് അഞ്ചര മണിക്കൂറിനു ശേഷം അൽകാരാസിന്റെ തിരിച്ചു വരവിൽ വീണ സിന്നർ സ്പാനിഷ് താരത്തോട് ഇത്തവണ പ്രതികാരം ചെയ്യുമോ എന്നത് ആണ് ചോദ്യം.
കാർലോസ് അൽകാരാസ് തുടർച്ചയായ മൂന്നാം വിംബിൾഡൺ ഫൈനലിൽ
തുടർച്ചയായ മൂന്നാം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡും കഴിഞ്ഞ രണ്ടു വർഷത്തെ ചാമ്പ്യനും ആയ കാർലോസ് അൽകാരാസ് ഗാർഫിയ. തുടർച്ചയായ മൂന്നാം വിംബിൾഡൺ കിരീടം ലക്ഷ്യം വെക്കുന്ന സ്പാനിഷ് താരം അഞ്ചാം സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ അൽകാരാസ് രണ്ടാം സെറ്റ് 7-5 നു കൈവിട്ടെങ്കിലും 6-3 നു മൂന്നാം സെറ്റും ടൈബ്രേക്കറിലൂടെ നാലാം സെറ്റും നേടി അൽകാരാസ് ഫൈനൽ ഉറപ്പിച്ചു.
കഴിഞ്ഞ 5 ഗ്രാന്റ് സ്ലാം ഫൈനലുകളും ജയിച്ച അൽകാരാസിന് ഇത് കരിയറിലെ ആറാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ്. തുടർച്ചയായ 24 മത്തെ ജയവും വിംബിൾഡണിലെ തുടർച്ചയായ 20 മത്തെ ജയവും ആണ് അൽകാരാസിന് ഇത്. പുൽ മൈതാനത്ത് ആവട്ടെ തുടർച്ചയായ 18 മത്തെ ജയവും. 2022 നു ശേഷം വിംബിൾഡണിൽ പരാജയം അറിയാത്ത അൽകാരാസ് ഫൈനലിൽ നൊവാക് ജ്യോക്കോവിച്, യാനിക് സിന്നർ മത്സരവിജയിയെ ആണ് നേരിടുക.
കരിയറിൽ ആദ്യമായി വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ഇഗ സ്വിറ്റെക്
5 തവണ ഗ്രാന്റ് സ്ലാം ജേതാവ് ആയ പോളണ്ട് താരം ഇഗ സ്വിറ്റെക് കരിയറിൽ ആദ്യമായി വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി. എട്ടാം സീഡ് ആയ പോളണ്ട് താരം പുൽ മൈതാനത്ത് മികവ് കാട്ടുന്നില്ല എന്ന പരാതി തീർത്താണ് വിംബിൾഡൺ ഫൈനൽ പ്രവേശനം ഉറപ്പിച്ചത്.
സ്വിസ് താരവും മുൻ ഒളിമ്പിക് ജേതാവും ആയ ബെലിന്ത ബെനചിനെ ഒരവസരവും നൽകാതെ തകർത്താണ് ഇഗ ഫൈനലിൽ എത്തിയത്. 6-2, 6-0 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഇഗയുടെ ജയം. ഇത് വരെ കളിച്ച 5 ഗ്രാന്റ് സ്ലാം ഫൈനലുകളും ജയിച്ച ഇഗക്ക് ആദ്യ ഫൈനൽ കളിക്കുന്ന അമേരിക്കൻ താരം അമാന്ത അനിസിമോവയാണ് ഫൈനലിലെ എതിരാളി.
സബലെങ്കയെ ഞെട്ടിച്ചു അനിസിമോവ ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിൽ
ലോക ഒന്നാം നമ്പർ ആര്യാന സബലെങ്കയെ ഞെട്ടിച്ചു 23 കാരിയായ അമേരിക്കൻ താരം അമാന്ത അനിസിമോവ കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിൽ. 13 സീഡ് ആയ അനിസിമോവ 3 സെറ്റ് പോരാട്ടത്തിൽ ആണ് സബലെങ്കയെ വീഴ്ത്തിയത്. ആദ്യ സെറ്റ് 6-4 നു നേടിയ അനിസിമോവക്ക് എതിരെ രണ്ടാം സെറ്റ് 6-4 നു നേടി സബലെങ്ക തിരിച്ചടിച്ചു എങ്കിലും മൂന്നാം സെറ്റ് 6-4 നു നേടി അനിസിമോവ വിംബിൾഡൺ ഫൈനൽ ഉറപ്പിച്ചു.
കരിയറിൽ ആദ്യമായാണ് അനിസിമോവ ലോക ഒന്നാം നമ്പർ താരത്തിന് എതിരെ ജയിക്കുന്നത്. 19 മത്തെ വയസ്സിൽ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ എത്തിയ ശേഷം പരിക്കുകൾ വേട്ടയാടിയ കരിയർ ആയിരുന്നു അനിസിമോവയുടേത്. 2023 ൽ മാനസിക സമ്മർദ്ദം കാരണം ടെന്നീസിൽ നിന്നു ഇടവേള എടുത്ത താരം മാസങ്ങളോളം ടെന്നീസ് റാക്കറ്റ് കൈ കൊണ്ട് തൊട്ടില്ല. തുടർന്ന് അച്ഛന്റെ വിയോഗവും താരത്തെ തളർത്തി. എന്നാൽ അതിൽ നിന്നുള്ള തിരിച്ചു വരവ് ആയി താരത്തിന് ഇത്. സബലെങ്കക്ക് എതിരെ ഒമ്പതാം മത്സരം കളിച്ച അനിസിമോവ ആറാം തവണയാണ് ബലാറസ് താരത്തിന് എതിരെ ജയിക്കുന്നത്.
ക്രിസ് എവർട്ടിന്റെ ഗ്രാൻഡ് സ്ലാം റെക്കോർഡിനൊപ്പമെത്തി ജോക്കോവിച്ച്
വിംബിൾഡൺ 2025-ൽ തന്റെ ചരിത്രപരമായ യാത്ര തുടർന്ന നോവാക് ജോക്കോവിച്ച് ടൂർണമെന്റിൽ 14-ആം തവണയും സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഓപ്പൺ എറയിൽ 52 ഗ്രാൻഡ് സ്ലാം സെമിഫൈനൽ പ്രവേശനമെന്ന ക്രിസ് എവർട്ടിന്റെ എക്കാലത്തെയും റെക്കോർഡിനൊപ്പമെത്തി. സെന്റർ കോർട്ടിൽ മൂന്ന് മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, 6-7 (6-8), 6-2, 7-5, 6-4 എന്ന സ്കോറിന് ജോക്കോവിച് വിജയിച്ചു.
തുടക്കത്തിൽ ഒരു ബ്രേക്ക് നേടിയെങ്കിലും, കോബോളി ആദ്യ സെറ്റ് ടൈബ്രേക്കറിൽ നിന്ന് പിടിച്ചെടുത്ത് സെർബിയൻ താരത്തെ ഞെട്ടിച്ചു. എന്നാൽ ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ ജോക്കോവിച്ച് ശക്തമായി തിരിച്ചെത്തി. രണ്ടാം സെറ്റിൽ ഇരട്ട ബ്രേക്കുകളോടെ ആധിപത്യം സ്ഥാപിച്ച് മത്സരം സമനിലയിലാക്കി. നിർണായകമായ മൂന്നാം സെറ്റിൽ, ജോക്കോവിച്ച് വൈകി നേടിയ ഒരു പ്രധാന ബ്രേക്കിലൂടെ 7-5ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിലും അതേ മാതൃക ആവർത്തിച്ച അദ്ദേഹം 4-4ന് ബ്രേക്ക് നേടി സർവ് നിലനിർത്തി മത്സരം ഉറപ്പിച്ചു.
ഈ വിജയത്തോടെ, ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നറുമായാകും ജോക്കോവിച്ച് സെമിഫൈനലിൽ കളിക്കുക.
നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചു യാനിക് സിന്നർ വിംബിൾഡൺ സെമിഫൈനലിൽ
ഗ്രിഗോർ ദിമിത്രോവിനു എതിരെ വിയർത്തെങ്കിലും ക്വാർട്ടർ ഫൈനലിൽ തന്റെ വിശ്വരൂപം കാണിച്ചു ലോക ഒന്നാം നമ്പർ യാനിക് സിന്നർ. പത്താം സീഡ് അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ഇറ്റാലിയൻ താരം കരിയറിലെ ഏഴാം ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറിയത്. കരിയറിലെ രണ്ടാം വിംബിൾഡൺ സെമിഫൈനൽ കൂടിയാണ് താരത്തിന് ഇത്.
ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലെ അവസാന 7 പോയിന്റുകളും ജയിച്ചു 7-6 സ്വന്തമാക്കിയ സിന്നർ രണ്ടും മൂന്നും സെറ്റുകളിൽ കൂടുതൽ ആധിപത്യം കാണിച്ചു. നിർണായക ബ്രേക്ക് ഓരോ സെറ്റിലും കണ്ടെത്തിയ സിന്നർ 6-4, 6-4 എന്ന സ്കോറിന് ജയം കണ്ടെത്തി വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. സെമിയിൽ നൊവാക് ജ്യോക്കോവിച്, ഫ്ലാവിയോ കൊബോളി മത്സരവിജയിയാണ് സിന്നറിന്റെ എതിരാളി.