വിരലിന് പരിക്കേറ്റിട്ടും ജോക്കോവിച് യു.എസ്. ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി


ന്യൂയോർക്ക്: ചരിത്രത്തിലെ 25-ാമത്തെ ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് യു.എസ്. ഓപ്പണിൽ ഇറങ്ങിയ സെർബിയൻ ഇതിഹാസം നോവാക് ഡ്യോക്കോവിച്ചിന് ആദ്യ മത്സരത്തിൽത്തന്നെ കടുത്ത പോരാട്ടം. കാലിലെ വിരലിനേറ്റ പരിക്കിനെ അവഗണിച്ചുകൊണ്ട്, 19 വയസ്സുകാരനായ അമേരിക്കൻ താരം ലേണർ ടിയനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 7-6 (7/3), 6-2) ജോക്കോവിച് കീഴടക്കി.


ആദ്യ സെറ്റിൽ ഡ്യോക്കോവിച്ചിന്റെ ആധിപത്യമായിരുന്നു കണ്ടത്. വെറും 20 മിനിറ്റുകൊണ്ട് ഡ്യോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ ലേണർ ടിയൻ ശക്തമായി തിരിച്ചുവന്നു. ടൈ-ബ്രേക്കറിലേക്ക് നീങ്ങിയ സെറ്റ്, നിർണായക നിമിഷങ്ങളിൽ പതറാതെ ഡ്യോക്കോവിച്ച് നേടി. തുടർന്ന്, കാലിലെ വിരലിലെ ബ്ലിസ്റ്ററിന് ചികിത്സ തേടിയ ശേഷം മൂന്നാം സെറ്റിൽ ഡ്യോക്കോവിച്ച് വീണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത് മത്സരം സ്വന്തമാക്കി.


രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം സാക്കറി സ്വജ്ദയെയാണ് ജോക്കോവിച് നേരിടുക.

പരിക്ക്: യുഎസ് ഓപ്പണിൽ നിന്ന് നിക്ക് കിരിയോസ് പിന്മാറി


ഓസ്ട്രേലിയൻ ടെന്നീസ് താരം നിക്ക് കിരിയോസ് 2025-ലെ യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി. ഇതോടെ തുടർച്ചയായി മൂന്നാം വർഷമാണ് സീസണിലെ അവസാന ഗ്രാൻഡ് സ്ലാമിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നത്. മുൻ ലോക 13-ാം നമ്പർ താരമായിരുന്ന കിരിയോസ്, 2023-ലും 2024-ലും പരിക്ക് കാരണം മിക്കവാറും എല്ലാ മത്സരങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.


കൈത്തണ്ടയിലും കാൽമുട്ടിലും ശസ്ത്രക്രിയയ്ക്ക് ശേഷം ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിലൂടെ അദ്ദേഹം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2022 യുഎസ് ഓപ്പണിന് ശേഷം ഒരു ഗ്രാൻഡ് സ്ലാമിൽ അദ്ദേഹത്തിന്റെ ഏക സാന്നിധ്യമായിരുന്നു ഇത്. 2022-ൽ വിംബിൾഡൺ ഫൈനലിൽ നോവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടതായിരുന്നു കിരിയോസിന്റെ കരിയറിലെ മികച്ച പ്രകടനം.


മികച്ച ഫോമിൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ച ആരാധകർക്ക് ഈ പിന്മാറ്റം വലിയ നിരാശയാണ് നൽകുന്നത്. അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഇത് ഉയർത്തുന്നു.

യാനിക് സിന്നർ യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ നിന്ന് പിന്മാറി


ലോക ഒന്നാം നമ്പർ ടെന്നീസ് താരം യാനിക് സിന്നർ യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ നിന്ന് പിന്മാറി. സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ കാർലോസ് അൽകാരസിനെതിരായ മത്സരത്തിനിടെ അസുഖം കാരണം പിന്മാറിയതിനെ തുടർന്നാണ് ഈ തീരുമാനം.

ഇതോടെ, സിന്നറും അദ്ദേഹത്തിന്റെ പങ്കാളി കറ്റെറിന സിനിയാകോവയും മിക്സഡ് ഡബിൾസ് മത്സരത്തിൽ നിന്ന് പുറത്തായി.
എന്നാൽ, ഈ ഞായറാഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പൺ സിംഗിൾസ് മത്സരത്തിൽ താൻ പങ്കെടുക്കുമെന്ന് സിന്നർ അറിയിച്ചു. യുഎസ് ഓപ്പൺ സിംഗിൾസ് നിലവിലെ ചാമ്പ്യൻ കൂടിയായ സിന്നർ, തന്റെ കരിയറിലെ പ്രധാനപ്പെട്ട ടൂർണമെന്റാണ് ഗ്രാന്റ്സ്ലാം എന്നും അതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തമാക്കി

സിൻസിനാറ്റി ഓപ്പൺ കിരീടം ഇഗാ സ്വന്തമാക്കി


സിൻസിനാറ്റി: ലോക മൂന്നാം നമ്പർ താരം ഇഗാ സ്വിയാടെക് സിൻസിനാറ്റി ഓപ്പൺ കിരീടം നേടി. തിങ്കളാഴ്ച രാത്രി നടന്ന ഫൈനലിൽ ഇറ്റാലിയൻ താരം ജാസ്മിൻ പാവോളിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 6-4) പരാജയപ്പെടുത്തിയാണ് സ്വിയാടെക് തന്റെ ആദ്യ സിൻസിനാറ്റി ഓപ്പൺ കിരീടം സ്വന്തമാക്കിയത്.


ആദ്യ സെറ്റിൽ 0-3ന് പിന്നിൽ പോയതിന് ശേഷം ഇഗ ശക്തമായി തിരിച്ചുവരുകയായിരുന്നു‌. സ്വിയാടെക്കിന്റെ കരിയറിലെ 24-ാമത്തെ സിംഗിൾസ് കിരീടമാണിത്.

സിന്നർ പരിക്ക് കാരണം പിന്മാറി, സിൻസിനാറ്റിയിൽ കാർലോസ് അൽകാരസ് ചാമ്പ്യൻ


ടെന്നീസ് ചരിത്രത്തിൽ കാർലോസ് അൽകാരസ് ഒരിക്കൽ കൂടി തന്റെ പേര് എഴുതിച്ചേർത്തു. സിൻസിനാറ്റി മാസ്റ്റേഴ്സ് 1000 ഫൈനലിൽ തന്റെ എതിരാളിയായ യാനിക്ക് സിന്നർ പരിക്ക് കാരണം പിന്മാറിയതിനെത്തുടർന്ന് 22-കാരനായ സ്പാനിഷ് താരം കിരീടം നേടി. 5-0 എന്ന സ്കോറിന് അൽകാരസ് മുന്നിട്ട് നിൽക്കുമ്പോഴാണ് സിന്നർ പിന്മാറിയത്. ഈ വിജയത്തോടെ അൽകാരസ് തന്റെ കരിയറിലെ 22-ാമത്തെയും, എട്ടാമത്തെ മാസ്റ്റേഴ്സ് 1000 കിരീടവും നേടി.

യു എസ് ഓപ്പണ് തൊട്ടു മുമ്പ് സിന്നർ അൺഫിറ്റ് ആയി കാണപ്പെട്ടത് ടെന്നീസ് പ്രേമികൾക്ക് ആശങ്ക നൽകുന്നുണ്ട്. എങ്കിലും പരിക്ക് അല്ല അസുഖം കാരണമാണ് സിന്നർ പിന്മാറിയത് എന്നാണ് വിലയിരുത്തൽ.

ഇഗ സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ


സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ ഇടംപിടിച്ച് ലോക മൂന്നാം നമ്പർ താരം ഇഗ സ്വിയാടെക്. സെമിഫൈനലിൽ എലീന റൈബാകിനയെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 6-3) പരാജയപ്പെടുത്തിയാണ് സ്വിയാടെക് ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ തുടക്കത്തിൽ ചെറിയ തിരിച്ചടി നേരിട്ടെങ്കിലും, തകർപ്പൻ പ്രകടനത്തിലൂടെ താരം വിജയം സ്വന്തമാക്കി.


വിംബിൾഡൺ വിജയിയായ സ്വിയാടെക്, ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ അര്യാന സബലെങ്കയെ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ചെത്തിയ റൈബാകിനയ്ക്ക് മത്സരത്തിൽ ആധിപത്യം നേടാൻ അവസരം നൽകിയില്ല. ആദ്യ സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും, രണ്ടാം സെറ്റിൽ സ്വിയാടെക് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. നിർണായക ഘട്ടങ്ങളിൽ ബ്രേക്ക് പോയിന്റുകൾ നേടി ആത്മവിശ്വാസത്തോടെ വിജയം ഉറപ്പിക്കാൻ പോളിഷ് താരത്തിന് സാധിച്ചു.


ഫൈനലിൽ ഇറ്റലിയുടെ ജാസ്മിൻ പാവോലിനിയോ റഷ്യയുടെ വെറോനിക കുഡെർമെറ്റോവയോ ആകും സ്വിയാടെകിന്റെ എതിരാളി.

സിൻസിനാറ്റി ഫൈനലിൽ സിന്നറും അൽകാരസും നേർക്കുനേർ


ലോക ഒന്നാം നമ്പർ താരമായ യാനിക് സിന്നറും സ്പാനിഷ് താരം കാർലോസ് അൽകാരസും സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടും. ശനിയാഴ്ച നടന്ന സെമിഫൈനലുകളിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് ഇരുവരും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഈ സീസണിൽ ഇതിനകം മൂന്ന് പ്രധാന ഫൈനലുകളിൽ ഏറ്റുമുട്ടിയ ഇരുവരുടെയും ആവേശകരമായ പോരാട്ടത്തിന്റെ തുടർച്ചയാണിത്.


തന്റെ 24-ാം പിറന്നാൾ ആഘോഷിക്കുന്ന സിന്നർ, യോഗ്യതാ റൗണ്ടിൽ നിന്ന് വന്ന ടെറൻസ് അറ്റ്മാന്റെ കുതിപ്പിന് 7-6(4), 6-2 എന്ന സ്കോറിന് അന്ത്യം കുറിച്ചു. അതേസമയം, അലക്സാണ്ടർ സ്വെരേവിനെ 6-4, 6-3 എന്ന സ്കോറിന് മറികടന്നാണ് അൽകാരസ് ഫൈനലിൽ പ്രവേശിച്ചത്.
സിൻസിനാറ്റിയിൽ തന്റെ കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന സിന്നർ, 2014-15 കാലഘട്ടത്തിൽ റോജർ ഫെഡററിന് ശേഷം തുടർച്ചയായി ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ പുരുഷ താരമാകാൻ ശ്രമിക്കും.

വിംബിൾഡൺ വിജയത്തിന് ശേഷം കളിക്കാനിറങ്ങിയ ഇറ്റാലിയൻ താരം ഈ ആഴ്ച ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ല. യുഎസ് ഓപ്പണിന് മുന്നോടിയായുള്ള ഈ ടൂർണമെന്റ് അദ്ദേഹത്തിന് നിർണായകമാണ്. 2023-ൽ നോവാക് ജോക്കോവിച്ചിനോട് ഫൈനലിൽ പരാജയപ്പെട്ട അൽകാരസിന്റെ രണ്ടാമത്തെ സിൻസിനാറ്റി ഫൈനലാണിത്. ഈ സീസണിൽ 53 വിജയങ്ങളുമായി എടിപി ടൂറിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച താരമാണ് സ്പാനിഷ് താരം.

അടുത്തിടെ വിംബിൾഡണിൽ സിന്നറിനോടേറ്റ തോൽവിക്ക് പകരം വീട്ടാൻ അൽകാരസ് കാത്തിരിക്കുകയാണ്.

യുഎസ് ഓപ്പണിൽ വീനസ് വില്യംസിന് വൈൽഡ് കാർഡ് എൻട്രി


രണ്ട് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായ വീനസ് വില്യംസ് ഈ വർഷത്തെ ടൂർണമെന്റിൽ വൈൽഡ് കാർഡ് എൻട്രി നേടി പ്രധാന മത്സരത്തിലേക്ക് മടങ്ങിയെത്തും. ഡബ്ല്യുടിഎ ടൂറിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ 45 വയസ്സുകാരിയായ വീനസ്, കഴിഞ്ഞ മാസം വാഷിംഗ്ടൺ ഓപ്പണിൽ പെയ്ട്ടൺ സ്റ്റിയേൺസിനെ പരാജയപ്പെടുത്തി ശ്രദ്ധ നേടിയിരുന്നു.

2004 ന് ശേഷം ഡബ്ല്യുടിഎ സിംഗിൾസ് മത്സരം വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വീനസ്. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീനസ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്.
2023-ലാണ് വീനസ് അവസാനമായി യുഎസ് ഓപ്പൺ സിംഗിൾസിൽ പങ്കെടുത്തത്. അന്ന് ആദ്യ റൗണ്ടിൽ ബെൽജിയത്തിന്റെ ഗ്രീറ്റ് മിന്നനോട് പരാജയപ്പെട്ടിരുന്നു.

സിംഗിൾസിന് പുറമെ, പുതിയതായി പരിഷ്കരിച്ച മിക്സഡ് ഡബിൾസ് മത്സരത്തിൽ വീനസ് തന്റെ സഹതാരമായ റെയ്ലി ഒപെൽക്കയ്‌ക്കൊപ്പം കളിക്കും. വനിതാ സിംഗിൾസിൽ വൈൽഡ് കാർഡ് ലഭിച്ച മറ്റ് താരങ്ങളിൽ ഫ്രാൻസിന്റെ കരോലിൻ ഗാർസിയയും ഉൾപ്പെടുന്നു. ഈ വർഷം വിരമിക്കൽ പ്രഖ്യാപിച്ച കരോലിൻ ഗാർസിയയുടെ അവസാന ന്യൂയോർക്ക് ടൂർണമെന്റായിരിക്കും ഇത്. 2022-ലെ സെമി ഫൈനലിസ്റ്റും ഡബ്ല്യുടിഎ ഫൈനൽസ് ചാമ്പ്യനുമായിരുന്നു കരോലിൻ.

സിൻസിനാറ്റി ഓപ്പൺ: സിന്നർ നാലാം റൗണ്ടിൽ


സിൻസിനാറ്റി: സിൻസിനാറ്റി ഓപ്പണിൽ അപ്രതീക്ഷിതമായ പ്രതിസന്ധികളെ അതിജീവിച്ച് ജാനിക് സിന്നർ നാലാം റൗണ്ടിൽ. കനേഡിയൻ താരം ഗബ്രിയേൽ ഡയാലോയെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 7-6 (8/6)) പരാജയപ്പെടുത്തിയാണ് സിന്നർ മുന്നേറിയത്. കളിക്കിടെ ഉണ്ടായ 75 മിനിറ്റ് നീണ്ട വൈദ്യുതി മുടക്കം, മിന്നുന്ന എൽഇഡി സ്ക്രീനുകൾ, സ്റ്റേഡിയത്തിലെ അലാറം തുടങ്ങിയ തടസ്സങ്ങൾക്കിടയിലും സിന്നർ തന്റെ മികവ് തെളിയിച്ചു.


രണ്ടാം സെറ്റിൽ ഒരു ബ്രേക്ക് വഴങ്ങിയെങ്കിലും, ശക്തമായി തിരിച്ചെത്തിയ സിന്നർ ഒരു ഏസിലൂടെ മത്സരം സ്വന്തമാക്കി. ഇതോടെ ഹാർഡ് കോർട്ടിലെ താരത്തിന്റെ അപരാജിത കുതിപ്പ് 23 മത്സരങ്ങളായി ഉയർന്നു. ലോക റാങ്കിംഗിൽ 35-ാം സ്ഥാനത്തുള്ള ഡയാലോയ്ക്ക് സ്ഥിരത നിലനിർത്താൻ കഴിഞ്ഞില്ല. ആദ്യ സെറ്റിൽ എട്ട് ഡബിൾ ഫോൾട്ടുകളും, മൊത്തത്തിൽ 49 അൺഫോഴ്സ്ഡ് എററും വരുത്തി.



വനിതാ വിഭാഗത്തിൽ, ലോക ഒന്നാം നമ്പർ താരം അര്യാന സബലെങ്ക മൂന്ന് മണിക്കൂർ നീണ്ട പോരാട്ടത്തിൽ എമ്മ റാഡുകാനുവിനെ തോൽപ്പിച്ച് മുന്നോട്ട് പോയി. പവർ, മനോബലം എന്നിവയുടെ പോരാട്ടത്തിൽ 7-6 (7/3), 4-6, 7-6 (7/5) എന്ന സ്കോറിനാണ് സബലെങ്ക വിജയിച്ചത്. തന്റെ പത്താമത്തെ ഡബ്ല്യുടിഎ 1000 കിരീടം ലക്ഷ്യമിടുന്ന സബലെങ്ക അടുത്ത റൗണ്ടിൽ സ്പെയിനിന്റെ ജെസീക്ക ബൗസാസ് മാനെയ്‌റോയെ നേരിടും.

പരിക്ക് പ്രശ്നമായി തുടരുന്നു; യു എസ് ഓപ്പണിൽ നിന്ന് പൗള ബഡോസ പിന്മാറി


സ്ഥിരമായ നടുവേദനയെത്തുടർന്ന് സ്പാനിഷ് ടെന്നീസ് താരം പൗള ബഡോസ യുഎസ് ഓപ്പണിൽ നിന്ന് പിൻമാറി. താരത്തിന് പകരം സ്വിറ്റ്സർലൻഡിന്റെ ജിൽ ടൈക്മാൻ ടൂർണമെന്റിൽ പങ്കെടുക്കും. ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെയാണ് യുഎസ് ഓപ്പൺ നടക്കുന്നത്.
പോസോസ് മസിലിലുണ്ടായ പരിക്ക് വിംബിൾഡണിൽ താരം കളിക്കുന്നതിന് തടസ്സമുണ്ടാക്കിയിരുന്നു. അവിടെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെടുകയും ചെയ്തു. പരിക്ക് കാരണം ഒരു ഘട്ടത്തിൽ വിരമിക്കുന്നതിനെക്കുറിച്ച് പോലും താരം ആലോചിച്ചിരുന്നു.


മിക്‌സഡ് ഡബിൾസിൽ ജാക്ക് ഡ്രെപ്പറുമൊത്തുള്ള മത്സരത്തിൽ നിന്നും താരം പിൻമാറിയിരുന്നു. പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പിൻമാറിയതിന് ശേഷം താരം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചു. തന്റെ പരാജയങ്ങളും വിഷമഘട്ടങ്ങളും തന്നെ കൂടുതൽ ശക്തയാക്കിയെന്ന് താരം കുറിപ്പിൽ പറയുന്നു.


“എളുപ്പമുള്ള ദിവസങ്ങളിലല്ല ഞാൻ വളർന്നത്. എന്നെ തകർത്ത നിമിഷങ്ങളും വിചാരിച്ച പോലെ നടക്കാത്ത തീരുമാനങ്ങളും ഞാൻ പരാജയപ്പെട്ട സമയങ്ങളുമാണ് എന്നെ രൂപപ്പെടുത്തിയത്. ഞാൻ പരാജയങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. കാരണം ഈ പരാജയങ്ങളാണ് എന്നെ ശക്തയും കൂടുതൽ മികച്ച വ്യക്തിയാക്കിയതും,” താരം കുറിച്ചു.

കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം നേടി ബെൻ ഷെൽട്ടൻ

കരിയറിലെ ആദ്യ എ.ടി.പി മാസ്റ്റേഴ്സ് കിരീടം നേടി അമേരിക്കയുടെ 22 കാരനായ ബെൻ ഷെൽട്ടൻ. ടോറന്റോ 1000 മാസ്റ്റേഴ്സ് ഫൈനലിൽ നാലാം സീഡ് ആയ ബെൻ 11 സീഡ് ആയ റഷ്യയുടെ കാരൻ ഖാചനോവിനെ ആണ് മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 നു നഷ്ടമായ ശേഷം ആയിരുന്നു ഷെൽട്ടന്റെ തിരിച്ചു വരവ്.

രണ്ടാം സെറ്റ് 6-4 നു നേടിയ ബെൻ ടൈബ്രേക്കറിൽ മൂന്നാം സെറ്റ് 7-6 നു നേടി കിരീടം ഉറപ്പിച്ചു. കരിയറിലെ മൂന്നാം എ.ടി.പി ടൂർ കിരീടം ആണ് താരത്തിന് ഇത്. ഇതോടെ റാങ്കിങിൽ താരം ആറാം സ്ഥാനത്തേക്കും ഉയരും. കഴിഞ്ഞ 10 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ച ബെൻ മികച്ച ഫോമിലാണ്. 2004 ൽ ആന്റി റോഡിക്കിന്‌ ശേഷം മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരമായി ഇതോടെ ബെൻ മാറി.

പ്രായം വെറും നമ്പർ! 45 മത്തെ വയസ്സിൽ ടൂർ മത്സരം ജയിച്ചു വീനസ് വില്യംസ്

പ്രായം വെറും നമ്പർ ആണെന്ന് തെളിയിച്ചു ഇതിഹാസ ടെന്നീസ് താരം വീനസ് വില്യംസ്. 2024 മാർച്ചിന് ശേഷം ആദ്യമായി കളത്തിൽ ഇറങ്ങിയ വീനസ് വാഷിംഗ്ടൺ 500 ഡബ്യു.ടി.എ ആദ്യ റൗണ്ട് മത്സരത്തിൽ ലോക 35 റാങ്കുകാരിയായ പെയ്റ്റൻ സ്റ്റെർൺസിനെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽപ്പിച്ചത്. മത്സരത്തിൽ 9 ഏസുകൾ ആണ് വീനസ് ഉതിർത്തത്.

2023 ഓഗസ്റ്റിന് ശേഷം ഇത് ആദ്യമായാണ് വീനസ് വില്യംസ് ഒരു ഡബ്യു.ടി.എ ടൂർ മത്സരം ജയിക്കുന്നത്. 2004 ൽ 47 മത്തെ വയസ്സിൽ ഒരു ടൂർ സിംഗിൾസ് മത്സരം ജയിച്ച മാർട്ടിന നവരാതിലോവക്ക് ശേഷം ഒരു ടൂർ മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും 45 കാരിയായ വീനസ് മാറി. തന്റെ കരിയറിലെ ആദ്യ ടൂർ വിജയം 14 മത്തെ വയസ്സിൽ നേടിയ വീനസ് 31 വർഷം ആണ് പ്രഫഷണൽ ടെന്നീസ് രംഗത്ത് തുടരുന്നത് എന്നതും ശ്രദ്ധേയമാണ്.

Exit mobile version