സ്ട്രെയിറ്റ് സെറ്റ് വിജയം, സെമിയില്‍ കടന്ന് റോജര്‍ ഫെഡറര്‍

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍. നേരിട്ടുള്ള സെറ്റുകളിലാണ് നിലവിലെ ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ ബെര്‍ഡിച്ചിനെ തകര്‍ത്തത്. ആദ്യ സെറ്റില്‍ ചെക്ക് താരത്തിന്റെ ചെറുത്ത നില്പുണ്ടായിരുന്നുവെങ്കിലും പിന്നീട് മത്സരം അനായാസം സ്വന്തമാക്കി. സ്കോര്‍: 7-6, 6-3, 6-4.

സെമിയില്‍ റോജര്‍ ഫെഡററും ദക്ഷിണകൊറിയയുടെ ഹ്യോന്‍ ചുംഗും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചുംഗ് ഗ്രാന്‍ഡ് സ്ലാം സെമിഫൈനലിലെത്തുന്ന ആദ്യ കൊറിയന്‍ താരം

മെല്‍ബേണ്‍ പാര്‍ക്കിലെ തന്റെ സ്വപ്നതുല്യമായ ജൈത്രയാത്ര തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ ഹ്യോന്‍ ചുംഗ്. ലോക 58ാം നമ്പര്‍ താരം മറ്റൊരു അണ്‍സീഡഡ് താരമായ അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്ഗ്രെനിനെയാണ ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. 21 വയസ്സുകാരന്റെ ജയം നേരിട്ടുള്ള സെറ്റുകളിലായിരുന്നു. സ്കോര്‍: 6-4, 7-6, 6-3.

സെമിയില്‍ റോജര്‍ ഫെഡറര്‍ ആണ് ചുംഗിന്റെ എതിരാളി. 2004ല്‍ മരട് സാഫിന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കടന്ന ശേഷം ഏറ്റവും കുറവ് റാങ്കിംഗ് ഉള്ള താരം സെമിയില്‍ പ്രവേശിക്കുന്നു എന്ന നേട്ടവും ചുംഗ് ഇന്നത്തെ വിജയത്തോടെ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തോൽക്കാൻ മനസ്സില്ലാത്തവൻ നദാൽ

പരിക്കിന്റെ വേദന കടിച്ചമർത്തിക്കൊണ്ട് റാഫ നദാൽ അഞ്ചാം സെറ്റിൽ ആദ്യ സർവ്വീസ് ചെയ്യുന്നു, 3 ബ്രക്ക് പോയിന്റ് ആദ്യമെ നേടി സിലിച്ച് തന്റെ കരുത്ത് കാണിക്കുകയാണ്. സങ്കടത്തോടെ കമന്റേറ്റർ പറയുന്നു ‘സങ്കടമാണ് ഈ നദാലെ കാണാൻ, ലോക ഒന്നാം നമ്പറെ, ടെന്നീസ് ചരിത്രം കണ്ട എക്കാലത്തേയും മഹാനായ പോരാളിയെ ഇങ്ങനെ കാണാൻ. നദാൽ തോൽക്കട്ടെ പക്ഷെ അത് കഴിഞ്ഞ വർഷം റോജറിനെതിരെ തോറ്റ പോലെ പൊരുതി തന്നെയാവണം.’

കമന്റേറ്റർ ഇത് പറഞ്ഞ് തീരുന്നതിന് മുമ്പ് റാഫ ആരെന്ന് ലോകം വീണ്ടും കാണുകയായിരുന്നു. ഓരോ സർവ്വീസിന് മുമ്പും വേദന കടിച്ചമർത്തി ഓരോ ബ്രക്ക് പോയിന്റും തിരിച്ച് പിടിക്കുന്ന നദാലെ കണ്ടപ്പോൾ എന്തിനാണ് ഈ ചടങ്ങ് തീർക്കലെന്ന് ചെറുതായൊന്ന് സംശയിച്ചു. ഇതാ ബ്രക്ക് കിട്ടിയെന്ന് കരുതിയ സിലിച്ചിനെ പക്ഷെ 7 മിനിറ്റോളം റാഫ പിടിച്ച് നിർത്തിയത് കണ്ടപ്പോൾ തിരിച്ചറിയുകയായിരുന്നു ഇത് റാഫേൽ നദാലാണെന്ന്. സിലിച്ച് ബ്രക്ക് നേടിയപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി തിരിഞ്ഞ് നടക്കുന്ന റാഫയെ കണ്ടപ്പോൾ ഓർത്തതും അതാണ്. അയ്യാൾക്ക് അങ്ങനെയെ പോവാൻ പറ്റു, തോൽക്കുമെന്ന് 100 ശതമാനം ഉറപ്പായെടുത്തും, ശരീരം വേദന കൊണ്ട് തിരിച്ച് വിളിക്കുന്നിടെത്തും, പൊരുതി മാത്രം, മനസ്സും, ശരീരവും എല്ലാം കൊണ്ടും.

അതെ അയ്യാൾക്ക് പകരം അയ്യാൾ മാത്രമേ കാണൂ, റോജർ ഫെഡററിനപ്പുറം ഒന്നുമില്ലെന്ന് കരുതുന്നെവനു പോലും ബഹുമാനം മാത്രമെ അയ്യാളോട് തോന്നുകയുള്ളു. സത്യം പറഞ്ഞാൽ റാഫ എന്നേലും ജയിക്കണമെന്നാഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാവും ഒട്ടുമിക്ക സമയത്തേയും ഉത്തരം, കാരണം സ്വാർത്ഥത തന്നെയാണ്, അത്രത്തോളം ഇഷ്ടപ്പെട്ട് പോയി റോജർ ഫെഡററെ എന്ന സ്വാർത്ഥത. ഇന്നലെ നേരിട്ടുള്ള സെറ്റുകൾക്ക് ദോക്യോവിച്ച് വീണപ്പോൾ ഞെട്ടലായിരുന്നു, പക്ഷെ ഇന്ന് സങ്കടം മാത്രമേയുള്ളു, സങ്കടം മാത്രം.

സിലിച്ചിന്റെ സെമി ഫൈനൽ നേട്ടത്തെ ഒട്ടും കുറച്ച് കാണാതെ പ്രശംസിക്കുമ്പോൾ തന്നെ റാഫയെ പ്രശംസ കൊണ്ട് ചൊരിയാതെ വയ്യ. ഓരോ തവണ കരിയർ അവസാനിക്കും എന്ന് പറയുന്ന പരിക്കുകളിൽ നിന്ന് തിരിച്ച് വന്ന പോലെ ഇനിയും വരാൻ റാഫക്കാവട്ടെ എന്നാശിക്കുന്നു. ഒന്ന് പറഞ്ഞ് നിർത്താം ടെന്നീസിലെന്നല്ല ലോക കായിക ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച താരമാവില്ല നദാൽ പക്ഷെ ഒന്നുറപ്പാണ് ലോക കായിക ചരിത്രത്തിലെ എക്കാലത്തേയും മഹത്തായ പോരാളി അയ്യാൾ തന്നെയാണ്, ആ പോരാട്ടം ജീവിതത്തോടായാലും, പരിക്കിനോടായാലും, എതിരാളിയോടായാലും. തിരിച്ച് വരിക റാഫ, പൂർവ്വാതികം ശക്തിയോടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്ക് വില്ലനായി, ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് പിന്മാറി നദാല്‍

ലോക ഒന്നാം നമ്പര്‍ താരം നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്ന് പരിക്കേറ്റ് പിന്മാറി. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ 2 ഗെയിമുകള്‍ക്ക് പിന്നിട്ട് നില്‍ക്കുമ്പോളാണ് പരിക്ക് വില്ലനായി എത്തുന്നത്. 264 ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ ഇത് വെറും രണ്ടാം തവണയാണ് നദാല്‍ പരിക്ക് മൂലം പിന്മാറുന്നത്. 2010ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറേയോട് ക്വാര്‍ട്ടറിലായിരുന്നു ഇതിനു മുമ്പ് താരം റിട്ടയര്‍ ചെയ്യുന്നത്.

ഇന്നത്തെ മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനോടായിരുന്നു നദാലിന്റെ മത്സരം. മത്സരം 3-6, 6-3, 6-7, 6-2, 2-0 എന്ന നിലയില്‍ സിലിച്ചിനു അനുകൂലമായി നില്‍ക്കവേയാണ് നദാല്‍ പിന്മാറിയത്. സെമി ഫൈനലില്‍ സിലിച്ചിന്റെ എതിരാളി ബ്രിട്ടന്റെ കൈല്‍ എഡ്‍മണ്ട് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെര്‍ട്ടെന്‍സ് സെമിയില്‍, ക്വാര്‍ട്ടര്‍ ജയം എലീന സ്വിറ്റോലിനയ്ക്കെതിരെ

നാലാം സീഡ് എലീന സ്വിറ്റോലിനയ്ക്കെതിരെ അനായാസ ജയം നേടി ബെല്‍ജിയത്തിന്റെ എലിസേ മെര്‍ട്ടെന്‍സ്. ലോക റാങ്കിംഗില്‍ 37ാം സ്ഥാനത്തുള്ള മെര്‍ട്ടെന്‍സ് 73 മിനുട്ടിലാണ് റോഡ് ലേവര്‍ അരീനയില്‍ ഉക്രൈന്റെ സ്വിറ്റോലിനയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-0. ഇത് ആദ്യമായാണ് ലോക റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളൊരു താരത്തെ 22 വയസ്സുകാരി മെര്‍ട്ടെന്‍സ് പരാജയപ്പെടുത്തുന്നത്.

മത്സരത്തില്‍ 26 വിന്നറുകളാണ് വിജയി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അട്ടിമറികളുടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഗ്രിഗോര്‍ ദിമിത്രോവ് പുറത്ത്

മൂന്നാം സീഡ് ബള്‍റേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ കൈല്‍ എഡ്മണ്ട്. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് കൈല്‍ ജയം സ്വന്തമാക്കിയത്. ഗ്ലാന്‍ഡ്സ്ലാം പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആറാമത്തെ ബ്രിട്ടീഷ് താരമാണ് എഡ്മണ്ട്. നാല് സെറ്റ് പോരാട്ടം ജയിച്ചാണ് എഡ്മണ്ട് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം സെമിയ്ക്ക് യോഗ്യത നേടിയത്. രണ്ടാം സെറ്റില്‍ പിന്നില്‍ പോയെങ്കിലും മൂന്നാം സീഡിനെ അക്ഷരാര്‍ത്ഥത്തില്‍ കൈല്‍ ഞെട്ടിക്കുകയായിരുന്നു.

സ്കോര്‍: 6-4, 3-6, 6-3, 6-4. സെമിയില്‍ റാഫേല്‍ നദാല്‍ അല്ലെങ്കില്‍ ആറാം സീഡ് മരിന്‍ സിലിച്ചോ ആവും എഡ്മണ്ടിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീഡില്ലാത്തവരുടേയും ഓപ്പൺ

അട്ടിമറികളോടെ ആയിരുന്നു ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ തുടങ്ങിയത്. പക്ഷേ താരങ്ങൾ അട്ടിമറികൾ ശീലമാക്കുമ്പോൾ പിന്നെയതിനെ അട്ടിമറിയെന്ന് വിളിക്കുന്നതെങ്ങനെ ? ടൂർണമെന്റിന്റെ തുടക്കത്തിൽ വനിതാ വിഭാഗത്തിൽ വലിയ സീഡുകൾ പുറത്താകുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ടൂർണമെന്റ് പുരോഗമിക്കും തോറും അത് പുരുഷന്മാരുടെ വിഭാഗത്തിലേക്ക് പകർന്നു എന്നുവേണം പറയാൻ.

6 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനും മുൻ ഒന്നാം നമ്പർ താരവുമായിരുന്ന നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിലാണ് സീഡ് ചെയ്യപ്പെടാത്ത യുവതാരം ചൊങ് അട്ടിമറിച്ചത് ക്ഷമിക്കണം തകർത്തത്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നൊവാക്കിന് മത്സരത്തിലുടനീളം ഒരു പഴുതും നൽകാതെയാണ് ചൊങ് മത്സരം സ്വന്തമാക്കിയത്. അങ്ങനെ ഏഷ്യാ പസഫിക്കിന്റെ ഗ്രൻഡ്സ്ലാം എന്ന പേരിന് ചേരും പോലെ ഒരേഷ്യാക്കാരൻ അവസാന എട്ടിൽ ഇടം പിടിച്ചു.

ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ഈ താരത്തിന്റെ എതിരാളിയാകട്ടെ മുൻ ചാമ്പ്യനായ സ്റ്റാൻ വാവറിങ്കയെയും, ഇന്നത്തെ മത്സരത്തിൽ ഓസ്‌ട്രേലിയൻ പ്രതീക്ഷയായ ഡൊമിനിക് തിമിനെയും തകർത്ത് അവസാന എട്ടിൽ സ്ഥാനമുറപ്പിച്ച മറ്റൊരു സീഡില്ലാ താരം അമേരിക്കയുടെ സാൻഡ്ഗ്രീനും. ഇന്നലത്തെ മത്സരത്തിൽ സെപ്പിയെ തകർത്ത് സീഡ് ചെയ്യപ്പെടാത്ത ബ്രിട്ടൻ താരം എഡ്മുണ്ടും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ നാലു ഗ്രൻഡ്സ്ലാം കിരീടങ്ങളും പങ്കു വച്ച ഫെഡററിനും നദാലിനും ഇത്തവണ കടുത്ത വെല്ലുവിളികൾ മുന്നിലുണ്ട് എന്നത് ഒരു വസ്തുതയാണ്. പുരുഷ ടെന്നീസിലെ മാറ്റങ്ങൾക്ക് ഈ വർഷം സാക്ഷിയാകും എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ച് സെറ്റ് ത്രില്ലര്‍, അഞ്ചാം സീഡ് പുറത്ത്

അഞ്ചാം സീഡ് ഡൊമിനിക് തീമിനെ പുറത്താക്കി അമേരിക്കയുടെ ടെന്നൈസ് സാന്‍ഡ്ഗ്രെന്‍. ലോക റാങ്കിംഗില്‍ 97ാം റാങ്കുകാരനായ സാന്‍ഡ്ഗ്രെന്‍ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് തീമിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2 4-6 7-6 (7-4) 6-7 (7-9) 6-3. മൂന്ന് മണിക്കൂര്‍ 55 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് അമേരിക്കന്‍ താരത്തിന്റെ വിജയം.

ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ സാന്‍ഡ്ഗ്രെന്‍ പങ്കെടുക്കുന്നത്. 20 വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ആദ്യമായി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഒരു താരം ക്വാര്‍ട്ടറില്‍ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോക്കോവിച്ചിനെ പുറത്താക്കി ചുംഗ്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് നൊവാക് ജോക്കോവിച്ച് പുറത്ത്. ദക്ഷിണ കൊറിയയുടെ ചുംഗ് ഹ്യോണ്‍ ആണ് നേരിട്ടുള്ള സെറ്റുകളില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. 7-6, 7-5, 7-6 എന്ന സ്കോറിനാണ് 21 വയസ്സുകാരന്‍ കൊറിയന്‍ താരം ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റുകളും ടൈ ബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ചുംഗ് ടെന്നൈസ് സാന്‍ഡ്ഗ്രെനേ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറര്‍ ക്വാര്‍ട്ടറില്‍

മാര്‍ട്ടന്‍ ഫുക്സോവിക്സിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍. 6-4, 7-6, 6-2 എന്ന സ്കോറിനു നേരിട്ടുള്ള സെറ്റിലാണ് ഫെഡററുടെ ജയം. തന്റെ 52ാം ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന നേട്ടവും ഫെഡറര്‍ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ 14 തവണയാണ് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീക്വാര്‍ട്ടറില്‍ പുറത്തായി ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യം

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യത്തിനു പ്രീക്വാര്‍ട്ടറില്‍ തോല്‍വി. കഴിഞ്ഞ ദിവസം കൊളംബിയയുടെ ജുവാന്‍ സെബാസ്റ്റ്യന്‍ കാബല്‍-റോബര്‍ട്ട് ഫറ സഖ്യത്തോടാണ് 1-6, 2-6 എന്ന സ്കോറിനു പേസും സഖ്യവും പരാജയം ഏറ്റുവാങ്ങിയത്. കൊളംബിയന്‍ കൂട്ടുകെട്ട് ടൂര്‍ണ്ണമെന്റിലെ 11ാം സീഡുകളാണ്. പേസിനും പങ്കാളിക്കും സീഡിംഗ് ഇല്ലായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണില്‍.

രണ്ടാം റൗണ്ടില്‍ അഞ്ചാം സീഡുകളെ തോല്പിച്ചെത്തിയ പേസ് സഖ്യത്തിനു പ്രീക്വാര്‍ട്ടറില്‍ കേളി മികവ് പുറത്തെടുക്കാനായില്ല. 2017ല്‍ രണ്ട് ചലഞ്ചര്‍ ട്രോഫി ടൈറ്റിലുകള്‍ സ്വന്തമാക്കിയ സഖ്യം ഇത് തങ്ങളുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാമിലാണ് ഒപ്പം ചേരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നദാൽ, കൈരഗൂയിസ് മുന്നോട്ട്

ഒന്നാം സീഡ് നദാൽ, ഓസ്‌ട്രേലിയൻ കിരീട പ്രതീക്ഷയായ കൈരഗൂയിസ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് എന്നിവർ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. നദാൽ അനായാസം ജയിച്ചപ്പോൾ ഫ്രാൻസിന്റെ ജോ വിൽഫ്രെഡ് സോങ്ങയെ കടുത്തൊരു മത്സരത്തിൽ മറികടന്നാണ് ഇത്തവണത്തെ കിരീട പ്രതീക്ഷയായ കൈരഗൂയിസ് മുന്നേറിയത്. യുവതാരം റൂബലെവിനെതിരെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ച ദിമിത്രോവാണ് അടുത്ത റൗണ്ടിൽ നിക്കിന്റെ എതിരാളി. മറ്റുമത്സരങ്ങളിൽ സിലിച്ച് റയാൻ ഹാരിസണെ തോല്പിച്ചപ്പോൾ ഡോൾഗൊപൊളോവിനെ തോൽപ്പിച്ച് ഷ്വാർട്‌സ്മാനും, കാർലോവിച്ചിനെ മറികടന്ന് സെപ്പിയും, മുള്ളറെ മറികടന്ന് ബുസ്റ്റയും, ബ്രിട്ടന്റെ എഡ്മുണ്ടും നാലാം റൗണ്ടിലേക്ക് മുന്നേറി.

അട്ടിമറികൾ തുടരുന്ന വനിതാ വിഭാഗത്തിൽ ഏഴാം സീഡ് ഒസ്റ്റാപെങ്കോയും ടൂർണമെന്റിൽ നിന്ന് പുറത്തായി. മുപ്പത്തിരണ്ടാം സീഡ് കൊണ്ടാവീറ്റ് ആണ് താരത്തെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ രണ്ടാം സീഡ് വോസ്നിയാക്കി, സുവാരസ് നവാരോ, റിബറിക്കോവ, സ്വിറ്റോലിന, മാർട്ടിനെസ് എന്നിവരും നാലാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

പുരുഷ ഡബിൾസിൽ ഇന്ത്യക്കാർ അടങ്ങിയ ബൊപ്പണ്ണ സഖ്യവും ശരൺ സഖ്യവും വിജയം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version