ലിയാൻഡർ പേസിനെ ഉൾപ്പെടുത്തി ക്രൊയേഷ്യക്ക് എതിരായ ഇന്ത്യൻ ഡേവിസ് കപ്പ് ടീമിനെ പ്രഖ്യാപിച്ചു

മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന ലോക ഗ്രൂപ്പിലേക്കുള്ള ക്രൊയേഷ്യക്ക് എതിരായ യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഈ വർഷം വിരമിക്കും എന്നു പ്രഖ്യാപിച്ച ലിയാൻഡർ പേസിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. 30 വർഷത്തെ ടെന്നീസ് കരിയറിന് അവസാനം കുറിക്കാൻ ഒരുങ്ങുന്ന പേസിന് ഒപ്പം 39 കാരനായ രോഹൻ ബൊപ്പണ്ണയും ഇന്ത്യൻ ഡബിൾസ് ടീമിൽ ഇടം പിടിച്ചു. ദിവ്ജി ശരൺ ആണ് ഡബിൾസിലെ മൂന്നാമത്തെ താരം.

അതേസമയം ഇന്ത്യൻ ഒന്നാം നമ്പർ ആയ 122 റാങ്ക്കാരൻ പ്രജ്നേഷ് ഗുണേഷരൻ, 125 റാങ്കിലുള്ള സുമിത് നംഗൽ, 185 റാങ്കിലുള്ള രാംകുമാർ രാമനാഥൻ എന്നിവർ ഇന്ത്യൻ ടീമിൽ ഇടം കണ്ടത്തി. നോൺ പ്ലെയിങ് ക്യാപ്റ്റൻ ആയി രോഹിത് രാജ്പാലും ടീമിൽ ഉണ്ട്. സീഷൻ അലി തന്നെയായിരിക്കും ടീമിന്റെ പരിശീലകൻ. ലോക റാങ്കിംഗിൽ മുന്നിലുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ക്രൊയേഷ്യക്ക് എതിരെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ല. മത്സരത്തോട് അടുക്കുമ്പോൾ ആവും ടെന്നീസ് ഫെഡറേഷൻ കളിക്കാനുള്ള അഞ്ചംഗ ടീമിനെ പ്രഖ്യാപിക്കുക.