നദാലും അങ്കിൾ ടോണിയും വഴി പിരിയുന്നു

റാഫേൽ നദാലിന്റെ കോച്ചും അമ്മാവനുമായ ടോണി നദാൽ റാഫയുടെ പരിശീലകസ്ഥാനം ഒഴിയുന്നു. മൂന്നാം വയസ്സ്‌ മുതൽ നദാലിന്റെ പരിശീലകനാണ്‌ അങ്കിൾ ടോണി. വലം കൈ കൊണ്ട്‌ ടെന്നീസ്‌ കളിക്കുന്നവർക്കിടയിൽ ഇടം കൈയ്യിന്റെ ആനുകൂല്യം കിട്ടാൻ വേണ്ടി ജന്മനാ വലംകൈയ്യനായ നദാലിനെ ഇടം കൈയ്യനാക്കി മാറ്റിയത്‌ ടോണിയുടെ ദീർഘ വീക്ഷണമായിരുന്നു എന്നത്‌ മാത്രം മതി ടോണിയെന്ന പരിശീലകന്റെ മികവ്‌ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ.

തുടക്കങ്ങളിൽ കളിമൺ കോർട്ട്‌ സ്പെഷ്യലിസ്റ്റ്‌ എന്ന ലേബലിൽ നിന്ന് ടെന്നീസ്‌ ലോകം കണ്ട ഏറ്റവും കരുത്തനായ പോരാളിയിലേക്ക്‌ നദാലിനെ വളർത്തിയത്‌ അങ്കിൾ ടോണിയുടെ തന്ത്രങ്ങളായിരുന്നു. പതിനാല്‌ ഗ്രാൻഡ്‌സ്ലാമുകളിൽ നദാലിനെ ചാമ്പ്യനാക്കുന്നതിലെ നിർണ്ണായക ശക്തിയും ഇദ്ദേഹം തന്നെയായിരുന്നു. അതുകൊണ്ട്‌ തന്നെയാവണം കുറച്ച്‌ വർഷങ്ങളായി വലിയ കിരീടങ്ങൾ ഇല്ലാതിരുന്നപ്പോൾ പരിശീലകനെ മാറ്റണമെന്ന ടെന്നീസ്‌ പണ്ഡിതരുടെ വാക്കുകൾ നദാൽ മുഖവിലക്കെടുക്കാതിരുന്നതും. എന്നാൽ പരിക്കിൽ നിന്ന് മുക്തനായി തിരികെ വന്ന് ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെത്തി ഫോമിലേക്ക്‌ തിരിച്ചെത്തിയിരിക്കുമ്പോഴാണ്‌ നദാൽ ക്യാമ്പിനെ ഞെട്ടിച്ച്‌ കൊണ്ട്‌ ടോണിയുടെ പ്രഖ്യാപനം. ഇതോടേ കഴിഞ്ഞ വർഷം അവസാനം നദാലിനൊപ്പം ചേർന്ന മുൻ ഒന്നാം നമ്പർ താരം കാർലോസ്‌ മോയ നദാലിന്റെ മുഖ്യ പരിശീലകനാവും.

അടുത്ത സീസൺ മുതൽ നദാലിനൊപ്പം ഉണ്ടാവില്ലെന്ന് അറിയിച്ചെങ്കിലും നദാലിന്റെ ടെന്നീസ്‌ അക്കാദമിയിൽ പരിശീലകനായി താൻ ഉണ്ടാവുമെന്നും ടോണി അറിയിച്ചു.