മിയാമി ഓപ്പൺ ഫെഡറർ-നദാൽ ഫൈനൽ

ഓസ്‌ട്രേലിയൻ ഓപ്പണും, ഇന്ത്യൻ വെൽസ് ടൂർണമെന്റിലെ മത്സരത്തിനും ശേഷം നദാലും ഫെഡററും ഒരിക്കൽ കൂടെ ഏറ്റുമുട്ടുന്നു. മിയാമി ഓപ്പൺ ഫൈനലിലാണ് ടെന്നീസ് സൂപ്പർ താരങ്ങൾ തമ്മിലുള്ള മത്സരം. ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ നദാൽ ഇറ്റലിയുടെ ഫോഗ്നിനിയെ അനായാസം മറികടന്ന് ഫൈനലിലേക്ക് പ്രവേശിച്ചപ്പോൾ ടെന്നീസിലെ ഭാവി താരമെന്ന വിശേഷണം പ്രകടനത്തിലൂടെ അന്വർത്ഥമാക്കുന്ന ഓസ്‌ട്രേലിയയുടെ നിക് കൈരഗൂയിസിനെ മൂന്ന് സെറ്റുകകളും ടൈബ്രേക്കറിൽ അവസാനിച്ച മാരത്തോൺ പോരാട്ടത്തിൽ മറികടന്ന് റോജർ ഫെഡറർ ഫൈനലിൽ പ്രവേശിച്ചു. ക്വർട്ടർ ഫൈനൽ മത്സരത്തിൽ രണ്ട് മാച്ച് പോയിന്റുകൾ അതിജീവിച്ച് സെമിയിൽ കടന്ന ഫെഡറർക്ക് ആദ്യ സെറ്റ് നേടാനായെങ്കിലും രണ്ടാം സെറ്റിൽ പിഴച്ചു. ഇരുവരും ഒരു ബ്രേക്ക് പോലും നൽകാതെ മത്സരിച്ചപ്പോൾ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ നേടിയ വിജയം നിക്കിന് ആവർത്തിക്കാനായില്ല. ഇതിന് മുൻപ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും മൂന്ന് സീറ്റുകൾ നീണ്ട ടൈബ്രേക്കറിൽ മാച്ച് പോയിന്റുകൾ അതിജീവിച്ച് നിക്ക് വിജയിച്ചിരുന്നു.

നദാലിനെതിരെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ വിജയിച്ച ആത്മവിശ്വാസവുമായാവും ഫെഡറർ മത്സരത്തിനിറങ്ങുക പക്ഷേ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും കോർട്ടിൽ കുറച്ചധികം നേരം വിയർപ്പൊഴുക്കേണ്ടി വന്നത് ഫെഡററെ തെല്ലൊന്ന് തളർത്തിയേക്കാം എങ്കിലും ടെന്നീസ് പ്രേമികൾ കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടം തന്നെയാവും തിങ്കളാഴ്ച  പുലർച്ചെ നടക്കുക എന്നുറപ്പ്. മത്സരങ്ങൾ ഇന്ത്യയിൽ സോണി ഇഎസ്പിഎന്നിൽ തത്സമയം കാണാം.

Leave a Comment