
സ്പെയിനിന്റെ റാഫേൽ നദാൽ മിയാമി ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചു. അമേരിക്കയുടെ സോക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്കോർ:6-2,6-3) നിഷ്പ്രയാസം മറികടന്നാണ് നദാൽ സെമിയിൽ കടന്നത്. ജപ്പാന്റെ കീ നിഷികോരിയെ അട്ടിമറിച്ചെത്തിയ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ് നദാലിന്റെ സെമിയിൽ എതിരാളി. ഇന്ന് നടക്കുന്ന മറ്റ് ക്വാർട്ടർ പോരാട്ടങ്ങളിൽ സ്വിറ്റ്സർലാൻഡിന്റെ റോജർ ഫെഡറർ ചെക്കിന്റെ തോമർ ബെർഡിച്ചിനെ നേരിടുമ്പോൾ പുരുഷ ടെന്നീസിന്റെ ഭാവിതാരങ്ങൾ എന്ന വിശേഷണം ഇതിനോടകം സ്വന്തമാക്കിയ യുവതാരങ്ങളായ സ്വരേവും നിക് കൈരഗോസും തമ്മിലാണ് മറ്റൊരു ക്വാർട്ടർ.
പുരുഷ ഡബിൾസിന്റെ സെമിയിൽ അമേരിക്കൻ ജോഡികളായ ബ്രയാൻ ബ്രദേഴ്സ് മറ്റൊരു അമേരിക്കൻ ജോഡിയായ ജാക്ക് സോക്ക്-നിക്കോളാസ് മൻറോ സഖ്യത്തെ നേരിടും. രണ്ടാം സെമിയിൽ നെസ്റ്റർ-ബേക്കർ സഖ്യം കുബോട്ട്-മാഴ്സെലോ സഖ്യത്തെ നേരിടും.
വനിതകളുടെ മത്സരത്തിൽ പതിനൊന്നാം സീഡ് അമേരിക്കയുടെ വീനസ് വില്യംസ് ഒന്നാം സീഡ് കെർബറെ അട്ടിമറിച്ച് സേമിയത്തിൽ കടന്നപ്പോൾ മറ്റൊരു അട്ടിമറിയിലൂടെ കോണ്ട മൂന്നാം സീഡ് ഹാലെപ്പിനെ തോൽപ്പിച്ച് സെമിയിൽ പ്രവേശിച്ചു. സഫറോവയെ തോൽപ്പിച്ച് മുൻ ഒന്നാം നമ്പർ താരം വോസ്നിയാക്കിയും ബറോണിയെ തോൽപ്പിച്ച് പ്ലിസ്ക്കോവയും സെമിയിൽ കടന്നിട്ടുണ്ട്.
വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ അടങ്ങിയ സാനിയ സ്ട്രൈക്കോവ സഖ്യം മുൻ പാർട്ട്ണർ ഹിംഗിസ് സഖ്യത്തെ സെമിയിൽ നേരിടും. ഹുങ്-ഹ്ലവക്കോവ സഖ്യവും യിഫാൻ-ഡബ്രോവ്സ്കി സഖ്യവും തമ്മിലാണ് രണ്ടാം സെമി.