ജോക്കോവിച്ച്, നദാൽ, സെറീന രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം ദിവസം മുൻ നിര താരങ്ങൾക്കെല്ലാം വിജയം. പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ ജർമ്മനിയുടെ മേയർക്കെതിരെ മൂന്ന് സെറ്റുകളിൽ അനായാസ വിജയവുമായി രണ്ടാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ (സ്‌കോർ 6-3, 6-4,6-4) നാട്ടുകാരനായ ഡേവിഡ് ഫെറററും ഓസ്‌ട്രേലിയൻ ക്വാളിഫയർക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച് രണ്ടാം റൗണ്ടിൽ കടന്നു. അത്യന്തം ആവേശകരമാകുമെന്ന് ടെന്നീസ് ലോകം വിലയിരുത്തിയ,  കഴിഞ്ഞ വർഷം ആദ്യ റൗണ്ടിൽ റാഫേൽ നദാലിനെ അട്ടിമറിച്ച വെർദാസ്‌കോയും ജോക്കോവിച്ചും തമ്മിലുള്ള ആദ്യ റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്ന് സെറ്റിൽ വെർദാസ്‌കോയെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ ജോക്കോവിച്ചും രണ്ടാം റൗണ്ടിലേക്ക് കടന്നു. കാനഡയുടെ റയോനിച്ച്, ഫ്രാൻസിന്റെ മോൺഫിസ്, ഗാസ്‌കെ, ബൾഗേറിയയുടെ ദിമിത്രോവ്, യുവതാരമായ സ്വരേവ് എന്നിവരും അധികം വിയർപ്പൊഴുകാതെ തന്നെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

വനിതകളിൽ ചരിത്രം കുറിക്കാനൊരുങ്ങുന്ന സെറീന വില്യംസ് സ്വിറ്റ്‌സർലൻഡിന്റെ ബെൻചിച്ചിനെതിരെ നേരിട്ടുള്ള സെറ്റുകളിൽ വിജയിച്ചപ്പോൾ (സ്‌കോർ 6-4, 6-3) ഓസ്‌ട്രേലിയൻ പ്രതീക്ഷയായ സാമന്ത സ്റ്റോസർ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. അമേരിക്കയുടെ ഹെതർ വാട്സനാണ് 6-3, 3-6, 6-0 എന്ന സ്കോറിന് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്. പ്ലിസ്‌കോവ, കോണ്ട, സിബുൽക്കോവ, മുൻ ഒന്നാം സീഡായ വോസ്നിയാക്കി, സഫറോവ, വെസ്‌നിന, പെറ്റ്കോവിച്ച്, മകറോവ മുതലായ പ്രമുഖരും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.

നാളെ രാവിലെയുള്ള സെഷനിൽ റോജർ ഫെഡറർ, കെർബർ, വീനസ് എന്നിവർ മത്സരിക്കാനിറങ്ങുമ്പോൾ ഒന്നാം സീഡായ ആന്റി മറെയുടെ മത്സരം രാത്രിയാണ്.

ഇന്നത്തെ മുഴുവൻ മത്സര ഫലങ്ങൾക്കും ഈ ലിങ്ക് ഉപയോഗിക്കാം : http://www.ausopen.com/en_AU/scores/index.html