മറെയുടെ മടങ്ങിവരവ് പരാജയത്തോടെ

നീണ്ട 342 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ബ്രിട്ടന്റെ മുൻ ലോക ഒന്നാം നമ്പർ താരം ആന്റി മറെ ടെന്നീസിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം 11 മാസത്തോളം മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ക്വീൻസ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ മാച്ചിൽ ഓസ്‌ട്രേലിയയുടെ നിക് കൈരഗൂയിസിനെയുള്ള മത്സരത്തിൽ ആദ്യ സെറ്റ് നേടിയ മറെ പക്ഷേ മത്സരത്തിൽ പരാജയപ്പെട്ടു. ഫോമിലേക്ക് തിരികെ എത്തുന്ന നൊവാക് ജോക്കോവിച്ച് അടുത്ത മാച്ചിൽ ദിമിത്രോവിനെ നേരിടും. ക്രൊയേഷ്യയുടെ മരിയൻ സിലിച്ചും ക്വീൻസ് ടെന്നീസിൽ ജയത്തോടെ തുടങ്ങി.

മറുവശത്ത് ജർമ്മനിയിൽ നടക്കുന്ന ഹാലെ ഓപ്പണിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ ജയത്തോടെ തുടങ്ങി. ഒന്നാം സ്ഥാനത്ത് തുടരാൻ ഫെഡറർക്ക് കിരീടം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഫ്രാൻസിന്റെ പെയ്റെയാണ് അടുത്ത റൗണ്ടിൽ ഫെഡററുടെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial