ടെന്നീസില്‍ ഇനി മറേ യുഗം

- Advertisement -

തുടര്‍ച്ചയായ ടൂര്‍ണമെന്റുകള്‍, മാച്ച് പോയിന്റിനെ അതിജീവിച്ച കടുത്ത സെമി ഫൈനല്‍ മത്സരം, ജയിച്ചാല്‍ ഒന്നാം സ്ഥാനമെന്ന സമ്മര്‍ദ്ദം, പരസ്പരം മത്സരിച്ച 34 ല്‍ 24 തവണയും തോല്‍വി, ജോക്കോവിച്ചെന്ന മഹാമേരു അങ്ങനെ വീണുപോയേക്കാവുന്ന കടമ്പകള്‍ ഏറെയുണ്ടായിരുന്നു മറേക്ക് മുന്‍പില്‍. പക്ഷേ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കാലിടറി വീണ്ടുമൊരിക്കല്‍ കൂടി രണ്ടാം സ്ഥാനക്കാരന്റെ കുപ്പായത്തില്‍ ഒതുങ്ങിക്കൂടാന്‍ മറെ ഒരുക്കമായിരുന്നില്ല. തന്റെ ഒന്നാം സ്ഥാനത്തെ ന്യായീകരിക്കുന്ന വണ്ണം നേരിട്ടുള്ള സെറ്റുകളില്‍, വ്യക്തമായ ആധിപത്യത്തോടെ തന്നെ മറെ ജയിച്ചു കയറി. തുടര്‍ച്ചയായ 24 വിജയങ്ങളും, ആദ്യ എടിപി വേള്‍ഡ് ടൂര്‍ കിരീടവും ഒപ്പം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും ഫൈനല്‍ വിജയത്തോടെ കൈപ്പിടിയിലൊതുക്കി ഈ ബ്രിട്ടീഷ് താരം.

ഒരു ഫൈനല്‍ എന്നതിലുപരി ഒന്നാം സ്ഥാനം നിര്‍ണ്ണയിക്കുന്ന മാച്ച് എന്നതുകൊണ്ട്‌ തന്നെ ഇരുവരെയും സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതായിരുന്നു ഈ മത്സരം. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തിന്റെ ആനുകൂല്യം ജോക്കോവിച്ച് മുതലാക്കുമെന്ന് കരുതിയിരുന്നവരാണ് അധികവും. പരസ്പരം മത്സരിച്ചപ്പോഴുള്ള വിജയങ്ങളുടെ മുന്‍തൂക്കവും ജോക്കോവിച്ചിന് അനുകൂലമായിരുന്നു. പക്ഷേ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് പ്രതിരോധത്തിലൂന്നി കളിക്കുന്ന പഴയ ആന്റിയെ മത്സരത്തില്‍ ഒരിടത്തും കണ്ടില്ല. കൃത്യമായ ഗെയിം പ്ലാനോടെ തന്നെയായിരുന്നു ആന്റി മത്സരിക്കാനിറങ്ങിയത്. ആദ്യ സെറ്റില്‍ കൃത്യതയാര്‍ന്ന സര്‍വ്വീസ് ഗെയിമുകളിലൂടെ തുടങ്ങിയ ജോക്കോവിച്ചിനെ ആറാം ഗെയിമില്‍ ബ്രേക്ക് ചെയ്യാനുള്ള രണ്ടു ചാന്‍സുകള്‍ ലഭിച്ചെങ്കിലും അത് മുതലാക്കുന്നതില്‍ മറെ പരാജയപ്പെട്ടു. പക്ഷേ തൊട്ടടുത്ത ഗെയിമില്‍ തന്നെ അതിന് പകരം വീട്ടി വെറും 46 മിനിറ്റില്‍ ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് സ്വന്തമാക്കി ഈ സ്കോട്ട്.

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ ജോക്കൊവിച്ചിന്‍റെ സര്‍വ്വീസ് ഗെയിം ബ്രേക്ക് ചെയ്ത് ലീഡ് നേടിയ മറെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പുറകോട്ടു പോയില്ലെന്ന് വേണം പറയാന്‍. രണ്ടാം സെറ്റില്‍ മറെയുടെ സര്‍വ്വീസ് ജോക്കോവിച്ച് ഒരുതവണ ബ്രേക്ക് ചെയ്തെങ്കിലും തിരിച്ചുവരാന്‍ മാത്രം അത് മതിയാകുമായിരുന്നില്ല. ഒരു മണിക്കൂര്‍ നാല്‍പ്പത്തിരണ്ട് മിനിറ്റില്‍ 6-3, 6-4 എന്ന സ്കോറിന് മാച്ചും, 1500 പോയിന്റുകളും മറെ സ്വന്തമാക്കി.

ടെന്നീസില്‍ ജോക്കോവിച്ച് യുഗത്തിന് തിരശ്ശീല വീഴുകയാണോ എന്ന് തോന്നിപ്പിക്കും വിധമാണ് മറെയുടെ മുന്നേറ്റം. അവസാന ആറുമാസക്കാലം ടെന്നീസിന്റെ തലപ്പത്ത് ഈ സ്കോട്ടിഷ് താരത്തിന്റെ ആശ്വമേധത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കിരീടധാരണത്തോടെ ഈ അശ്വത്തെ പിടിച്ച് കെട്ടുക എന്നത് ഇനി അത്ര എളുപ്പമുള്ള കാര്യവുമായിരിക്കില്ല. പരിക്കുകള്‍ വലച്ചില്ലെങ്കില്‍ വരുന്നത് മറെയുടെ കാലമായിരിക്കും. തോല്‍വികളില്‍ തളരാതെ പോരാടിയ പഴയ ഒരു രണ്ടാം സ്ഥാനക്കാരന്റെ അഥവാ പുതിയ ഒന്നാമന്റെ യുഗം. സ്പോര്‍ട്സിനെ അനുപമമാക്കുന്നത് കാലം കാത്തുവയ്ക്കുന്ന ഇതുപോലുള്ള വിജയഗാഥകളാണ്. അവ ഇനിയും അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും.

ഹൈലൈറ്റ്സ്:

Advertisement