മിയാമിയില്‍ ഫെഡറര്‍ക്ക് മൂന്നാം കിരീടം

റോജർ ഫെഡററെന്ന ടെന്നീസ് ഇതിഹാസത്തിന്റെ സ്വപ്നതുല്യമായ യാത്ര ഒരു തുടർക്കഥയായിരിക്കുന്നു. നേരിട്ടപ്പോഴൊക്കെ കയ്പ്പേറിയ അനുഭവങ്ങൾ സമ്മാനിച്ചിട്ടുള്ള ഏറ്റവും ശക്തനായ എതിരാളിക്കെതിരെ തുടർച്ചയായി നാലാം വിജയം നേടിക്കൊണ്ട് മുപ്പത്തിയഞ്ചാം വയസ്സിൽ തന്റെ മധുരപ്രതികാരങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ആദ്യം ഓസ്‌ട്രേലിയൻ ഓപ്പണിലും പിന്നീട് ഇന്ത്യൻ വെൽസിലും ഇപ്പോഴിതാ മിയാമി ഓപ്പണിലും നദാലിനെ തകർത്ത് ഫെഡറർ കുതിപ്പ് തുടരുകയാണ്. കരിയറിലെ തൊണ്ണൂറ്റിയൊന്നാം കിരീടം, ഇരുപത്തിയാറാമത്തെ മാസ്റ്റേഴ്സ് കിരീടം, ഇന്ത്യൻ വെൽസും, മിയാമിയും ഒരുമിച്ച് നേടി മൂന്നാം സൺഷൈൻ ഡബിൾ.

ആദ്യ ഗെയിമുകളിൽ പരസ്പരം ബ്രേക്ക് പോയിന്റ് സാധ്യതകൾ നൽകിയാണ് മത്സരം തുടങ്ങിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടേയും ക്ഷീണം ഫെഡററെ ബാധിക്കുമെന്ന് തോന്നിയിരുന്നെങ്കിലും നദാൽ ഉയർത്തിയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ ആദ്യ സെറ്റിലെ എട്ടാം ഗെയിമിൽ നദാലിനെ ബ്രേക്ക് ചെയ്ത് സ്വന്തം സർവ്വ് നിലനിർത്തി സെറ്റ് 6-4 എന്ന സ്കോറിന് സ്വന്തമാക്കിയ ഫെഡറർ രണ്ടാം സെറ്റിൽ ഒമ്പതാം ഗെയിമിൽ നദാലിനെ ബ്രേക്ക് ചെയ്ത ആനുകൂല്യത്തിൽ സെറ്റും മത്സരവും സ്വന്തമാക്കി. ഈ വിജയത്തോടെ ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് എത്താനും ഫെഡറർക്കായി. ഇനി തുടങ്ങുന്ന ക്ലേകോർട്ട് സീസൺ ഒഴിവാക്കുമെന്ന് സൂചന നല്കയ ഫെഡറർ പക്ഷേ ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കും.

പുരുഷ ഡബിൾസ് ഫൈനലിൽ മാഴ്സെലോ-കുബോട്ട് സഖ്യം അമേരിക്കൻ ജോഡികളായ സോക്ക്-മൺറോ സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു. വനിതാ സിംഗിൾസ് മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ താരമായ കരോളിൻ വോസ്നിയാക്കിയെ തോൽപ്പിച്ച് ജോഹന്നാസ് കോണ്ട ജേതാവായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം. വനിതകളുടെ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സാനിയ-സ്ട്രൈക്കോവ സഖ്യത്തെ അട്ടിമറിച്ച് ഡബ്രോവ്സ്കി-യിഫാണ് സഖ്യം കിരീടം ചൂടി.

Previous articleമെയിൻസിനെ തകർത്ത് ഇൻഗോൽസ്റ്റാഡ്, ഗോമസിന്റെ ഹാട്രിക്കിൽ വോൾഫ്സിന് സമനില
Next articleThis season is Mumbai Indians real test