ലുചിച്ച് ബറോണി : ഒരു സ്വപ്നത്തിന്റെ ബാക്കി

ലുചിച്ച് ബറോണി, 1996 ൽ യുഎസ് ഓപ്പൺ ജൂനിയർ കിരീടം, 1997 ൽ പതിനഞ്ച് വയസ്സ് തികയും മുന്നേ ഓസ്‌ട്രേലിയൻ ഓപ്പണിൽ ജൂനിയർ സിംഗിൾസ്, ഡബിൾസ് കിരീടങ്ങൾ, 1998ൽ പതിനഞ്ചാം വയസ്സിൽ മാർട്ടിന ഹിംഗിസിനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം, അതേ വയസ്സിൽ നേടിയ ക്രൊയേഷ്യൻ ബോൾ ലേഡീസ് ഓപ്പൺ കിരീടം പതിനാറാം വയസ്സിൽ നിലനിർത്തുക വഴി അങ്ങനെ ചെയ്യുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, 1999 ൽ നാലാം സീഡായിരുന്ന ഇതിഹാസതാരം മോണിക്ക സെലസിനെ വീഴ്ത്തി വിംബിൾഡണിന്റെ സെമിഫൈനൽ വരെയുള്ള അവിശ്വസനീയമായ കുതിപ്പ്, അതേവർഷം മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ, ടെന്നീസിന്റെ ഭാവിതാരം എന്ന വിശേഷണത്തിൽ നിന്നും അച്ഛന്റെ പീഡനം മൂലമുള്ള വ്യക്തി ജീവിത പ്രശ്നങ്ങൾമൂലം അപ്രതീക്ഷിതമായി സജീവ ടെന്നീസിൽ നിന്ന് പുറത്തേക്ക്. ലുസിച്ച് ബറോനിയുടെ ജീവിതം മുഴുവനാക്കാൻ കഴിയാതെ പോയൊരു സ്വപ്നം പോലെ സുന്ദരവും അതിലുപരി വിചിത്രവുമാണ്.

മാനസികമായും, ശാരീരികമായും പീഡിപ്പിച്ച അച്ഛനിൽ നിന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം അമേരിക്കയിലേക്ക് ഒളിച്ചോടിയ ലുചിച്ച് ഒരു ദശകത്തിന്റെ ഇടവേളക്ക് ശേഷമാണ് സജീവ ടെന്നീസിലേക്ക് മടങ്ങിയെത്തിയത്. ചെറിയ ചില ടൂർണമെന്റുകളിൽ അതിനിടയിലും അവർ കളിച്ചിരുന്നു പക്ഷേ ജീവിതം പോലെ തോൽവികളായിരുന്നു അവയെല്ലാം അവർക്കായി കാത്തുവച്ചത്. സുവർണ്ണകാലത്തിന്റെ ഓർമ്മകളിൽ കഴിയാതെ, വിഷാദരോഗത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ കാലത്തിന് മുന്നിൽ തോൽക്കാൻ തയ്യാറാവാതെ അവർ പൊരുതികൊണ്ടേയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ ഇനിയും കത്തിത്തീർന്നിട്ടില്ലാത്ത ഉള്ളിലെ അഗ്നിയുടെ സ്ഫുരണങ്ങൾ അങ്ങിങ്ങായി ഇടയ്ക്കെല്ലാം കാണാൻ കഴിഞ്ഞെങ്കിലും മുഴുവനാക്കാൻ കഴിയാതെ പോയ ആ സ്വപ്നത്തിന്റെ ബാക്കിയിലേക്ക് നടന്നടുക്കാൻ ലുചിച്ചിന് ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് വേണം പറയാൻ. പതിനെട്ട് വർഷത്തെ ഇടവേളക്ക് ശേഷം മുപ്പത്തിനാലാം വയസ്സിൽ പഴയ ആ പതിനഞ്ച് വയസ്സുകാരിയായി ലുചിച്ച് പുനർജ്ജനിച്ചിരിക്കുന്നു. പ്രായവും നിലവിലെ പരിക്കും അവരുടെ കാലുകളെ അൽപം തളർത്തുന്നുണ്ട് എങ്കിലും മനസ്സ് അവരെ പഴയകൗമാരത്തിലേക്ക് കൊണ്ട് പോയിരിക്കുന്നു അതുകൊണ്ടാവണം സെമിയിലേക്കുള്ള യാത്രയിൽ തന്നേക്കാൾ ഉയർന്ന റാങ്കുകാരികളായ മൂന്നാം സീഡ് റാഡ്‌വാൻസ്കയും, അഞ്ചാം സീഡ് പ്ലിസ്കോവയും അവർക്ക് മുന്നിൽ ഒരു തടസ്സമാകാതിരുന്നത്.

സ്റ്റെഫിയുടെ റെക്കോർഡ് ലക്ഷ്യമിടുന്ന സെറീനയാണ് സെമിയിലെ അവരുടെ എതിരാളി അതുകൊണ്ട് തന്നെ കിരീടമെന്ന സ്വപ്നം ഇപ്പോഴും ഒരുപാട് ദൂരെയാണ്. എങ്കിലും കൗമാരകാലത്തിൽ തന്നെ സ്വപ്‌നങ്ങൾ ഹോമിക്കാൻ നിർബന്ധിതയായ ലുചിച്ചിന് ഇത് സെമി എന്നതിലുപരി അവരുടെ നഷ്ടപ്പെട്ട ജീവിതവും, സ്വപ്നവും അങ്ങനെ എല്ലാമാണ്. ഡബിൾസ് കിരീടം ചൂടിയ ഓർമ്മകളുറങ്ങുന്ന കോർട്ടിൽ ഒരിക്കൽ കൂടെ വിജയിച്ച് അവരുടെ കണ്ണീർ നനവൊപ്പാൻ കാലം അവർക്ക് കൂട്ടുനിൽക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം പാതിയവഴിയിൽ സ്വപ്‌നങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരായ ഒരുപാട് പേർക്ക് അവരുടെ വിജയങ്ങൾ ഊർജ്ജവും, പൊരുതാനുള്ള പ്രചോദനവുമാകട്ടെ എന്നും.