പേസ് ഇല്ല ‍ഡേവിസ് കപ്പിനു, യൂകി ബാംബ്രി, രോഹന്‍ ബൊപ്പണ്ണ ടീമില്‍

ലിയാണ്ടര്‍ പേസില്ലാതെ ഡേവിസ് കപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ. ഡബിള്‍സ് താരം രോഹന്‍ ബൊപ്പണ്ണ ടീമിലിടം നേടിയിട്ടുണ്ട്. തൃശ്ശൂരില്‍ എഐടിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി മീറ്റിംഗിനു ശേഷമാണ് തീരുമാനം അറിയിച്ചത്. ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ കാനഡയാണ് ഇന്ത്യയുടെ എതിരാളികള്‍. സെപ്റ്റംബറിലാണ് മത്സരം അരങ്ങേറുക.

യൂകി ബാംബ്രി, സാകേത് മൈനേനി, രാംകുമാര്‍ രാംനാഥന്‍, രോഹന്‍ ബൊപ്പണ്ണ എന്നിവരാണ് ടീമിലിടം നേടിയ നാലു പേര്‍. പ്രജ്നേഷ് ഗണ്ണേശ്വരന്‍, ശ്രീറാം ബാലാജി എന്നിവരെ റിസര്‍വ്വ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉസ്ബൈക്കിസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ പേസിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസാന നാലില്‍ നിന്ന് ടീമിന്റെ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റന്‍ ഒഴിവാക്കിയത് താരത്തെ ചൊടിപ്പിച്ചിരുന്നു. ഇത് പേസിനെ മത്സരസ്ഥലത്ത് നിന്ന് സ്ഥലം വിടുന്നതിലേക്കും പ്രേരിപ്പിച്ചു. ഇത്തരം അവസ്ഥ ഒഴിവാക്കാനും ഡബിള്‍സില്‍ മറ്റു ഇന്ത്യന്‍ താരങ്ങളെക്കാള്‍ റാങ്കിംഗില്‍ പിന്നിലാണെന്നതുമാണ് കമ്മിറ്റിയെ പേസിനെ ഒഴിവാക്കിയുള്ള ടീം പ്രഖ്യാപനത്തിലേക്ക് നയിച്ചത്.

18 ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകളുടെ ജേതാവായ 44 വയസ്സുകാരന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെന്നീസ് താരമാണെങ്കിലും തന്റെ റാങ്കിംഗ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ടീമിലേക്ക് പരിഗണിക്കപ്പെടുകയുള്ളു എന്ന് ടെന്നീസ് അസോസ്സിയേഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡേവിസ് കപ്പ് ഡബിള്‍സില്‍ ഒരു വിജയം കൂടി സ്വന്തമാക്കാനായാല്‍ പേസിനു ഏറ്റവുമധികം വിജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനാകുമായിരുന്നു. നിലവില്‍ 42 വിജയങ്ങളുമായി പേസ് ഇറ്റാലിയന്‍ താരമായ നിക്കോള പീറ്ററാംഗലിയോടൊപ്പമാണ് നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial