ഗോഫൻ × ദിമിത്രോവ് ഫൈനൽ

എടിപി ടൂർ ഫൈനൽസിന്റെ സെമിയിൽ രണ്ടാം സീഡും 6 തവണ ചാമ്പ്യനുമായ റോജർ ഫെഡററെ അട്ടിമറിച്ച് ബെൽജിയത്തിന്റെ ഗോഫൻ ഫൈനലിൽ കടന്നു (സ്‌കോർ 2-6, 6-3, 6-4). ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ഗോഫന്റെ വിജയം. ഫെഡറർക്കെതിരെ മുൻപ് കളിച്ച 6 മത്സരത്തിലും ഒരു സെറ്റ് പോലും നേടാൻ കഴിയാതിരുന്ന ഗോഫൻ ആദ്യമായി സെറ്റ് നേടിയതും ഈ മത്സരത്തിലായിരുന്നു. നേരത്തെ ആദ്യ മത്സരത്തിന് ശേഷം ടൂർണമെന്റിൽ നിന്ന് പിന്മാറിയ നദാലിനെതിരെയും ഗോഫൻ വിജയിച്ചിരുന്നു. കഴിഞ്ഞ ഏഴ് കൊല്ലത്തിൽ ജോക്കോവിച്ചിന് ശേഷം ആദ്യമായാണ് ഒരേ ടൂർണമെന്റിൽ ഒരാൾ നദാലിനെയും ഫെഡററെയും വീഴ്ത്തുന്നത്.

ഇന്നലെ നടന്ന മറ്റൊരു സെമിയിൽ അമേരിക്കയുടെ ജാക്ക് സോക്കിനെ മറികടന്ന് ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവും ഫൈനലിൽ കടന്നു. (സ്കോർ 4-6, 6-0, 6-3). ഇതോടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് എത്താനും ദിമിത്രോവിനായി. ഇന്നലത്തെ സെമി മത്സരങ്ങളോടെ ആദ്യമായി എടിപി ടൂർ ഫൈനൽസിന് യോഗ്യത നേടിയ താരങ്ങൾ ഫൈനലിൽ മത്സരിക്കുന്നു എന്നൊരു പ്രത്യേകതയും ഇക്കൊല്ലത്തെ ടൂർണമെന്റിന് കൈവന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൗരാഷ്ട്രയ്ക്കെതിരെ സഞ്ജുവിനു ശതകം
Next articleസൗരാഷ്ട്രയ്ക്ക് 405 റണ്‍സ് വിജയലക്ഷ്യം