സ്വരേവ്, ജോക്കോവിച്ച് പുറത്ത്

- Advertisement -

രണ്ടാം സീഡ് ജർമ്മനിയുടെ അലക്‌സാണ്ടർ സ്വരേവ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്തായി. ഏഴാം സീഡ് ഓസ്‌ട്രേലിയയുടെ ഡൊമിനിക് തിം ആണ് സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തത്. (സ്‌കോർ: 6-4,6-2,6-1) കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 5 സെറ്റുകൾ കളിച്ചതിന്റെ ക്ഷീണം സ്വരേവിനെ തളർത്തി എന്നുവേണം പറയാൻ. മറുഭാഗത്ത് ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ ഏറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ഓസ്‌ട്രേലിയയുടെ ക്ലേകോർട്ട് സ്പെഷ്യലിസ്റ്റിന്റെ വിജയം.

മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ സീഡില്ലാ താരം മാർക്കോ ചെച്ചിനാറ്റി മുൻ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് സെമിയിൽ പ്രവേശിച്ചു. അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ നാലാം സെറ്റിൽ പിന്നിൽ നിന്ന് തിരിച്ചു വന്നാണ് മാർക്കോ വിജയം പിടിച്ചെടുത്തത്. ക്ലേകോർട്ടിലെ സമീപകാലത്തെ ഏറ്റവും മികച്ച മാച്ചായി പണ്ഡിതർ ഈ മാച്ചിനെ വിശേഷിപ്പിക്കാൻ ആരംഭിച്ചു. ആദ്യ രണ്ടു സെറ്റുകളും അടിയറ വച്ച നൊവാക് മൂന്നാം സെറ്റ് നേടുകയും നാലാം സെറ്റിൽ പഴയ മികവ് പുറത്തെടുക്കുകയും ചെയ്‌തെങ്കിലും മാർക്കോയുടെ അസാമാന്യ മികവിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. ടൈബ്രേക്കറിൽ സെറ്റും ആദ്യ സെമി ടിക്കറ്റും ഇറ്റാലിയൻ താരം സ്വന്തമാക്കി.

വനിതകളിൽ അമേരിക്കയുടെ മാഡിസൺ കീസും സഹതാരമായ സ്റ്റീഫൻസും സെമിയിൽ പ്രവേശിച്ചു. സീഡില്ലാ താരം പുറ്റിനിസേവയെ നേരിട്ടുള്ള സെറ്റുകളിൽ തകർത്താണ് കീസ് സെമിയിൽ ഇടം നേടിയത്. പതിനാലാം സീഡ് കസാറ്റ്കിനയെ നിഷ്പ്രയാസം തകർത്താണ് പത്താം സീഡ് സ്റ്റീഫൻസ് സെമിയിൽ സ്ഥാനം ഉറപ്പിച്ചത്. പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ പരാജയപ്പെട്ടതോടെ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement