രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി അസരങ്കയും മെർട്ടൻസും അട്ടിമറി ജയവും ആയി ഗാർസിയ

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി പത്താം സീഡ് വിക്ടോറിയ അസരങ്ക. ഈ വർഷത്തെ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച അസരങ്ക തന്റെ സമീപകാലത്തെ മികവ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിലും തുടർന്നു. സീഡ് ചെയ്യാത്ത ഡാങ്ക കോവിനിചിനെ നേരിട്ടുള്ള സ്കോറിന് ആണ് അസരങ്ക തകർത്തത്. 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത അസരങ്ക വെറും 3 പോയിന്റുകൾ മാത്രം ആണ് എതിരാളിക്ക് നൽകിയത്. 6-1, 6-2 എന്ന സ്കോറിന് ആദ്യ റൗണ്ടിൽ നേടിയ ജയം മറ്റൊരു ഗ്രാന്റ് സ്‌ലാമിൽ കൂടി മികവ് തുടരാൻ ബെലാറസ് താരത്തിന് പ്രചോദനം നൽകും. മോശം കാലാവസ്ഥ കാരണം ഇടക്ക് മത്സരം നിർത്തി വെക്കേണ്ടി വന്നത് അസരങ്കയെ ക്ഷുഭിതയാക്കുന്നതും മത്സരത്തിൽ കണ്ടു.

സീഡ് ചെയ്യാത്ത റഷ്യൻ താരം മാർഗരിറ്റ ഗാസ്പയരിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബെൽജിയം താരം എൽസി മെർട്ടൻസ് മറികടന്നത്. 16 സീഡ് ആയ മെർട്ടൻസ് 4 തവണ മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത് മത്സരം 6-2, 6-3 എന്ന സ്കോറിന് സ്വന്തമാക്കി. അതേസമയം 17 സീഡ് അന്നറ്റ് കോന്റവെയിറ്റിനെ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കരോളിൻ ഗാർസിയ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-4 നു നേടിയ ഗാർസിയ രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. മൂന്നാം സെറ്റിൽ ആദ്യം പിറകിൽ പോയ ഫ്രഞ്ച് താരം നിർണായക ബ്രൈക്ക് കണ്ടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. അവസാന സെറ്റ് 6-4 നു സ്വന്തമാക്കിയ ഗാർസിയ കോന്റവെയിറ്റിനെ അട്ടിമറിച്ച് സ്വന്തം മണ്ണിൽ രണ്ടാം റൗണ്ട് ഉറപ്പിച്ചു.