ജന്മദിനം ആഘോഷിച്ചു സിമോണ ഹാലപ്പ്! സ്പാനിഷ് താരത്തെ തകർത്തു ഒന്നാം സീഡ് രണ്ടാം റൗണ്ടിൽ

- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഒന്നാം സീഡും റൊമാനിയൻ താരവും ആയ സിമോണ ഹാലപ്പ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം സാറ ടോർമയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് ജന്മദിനം ആഘോഷിക്കുന്ന ഹാലപ്പ് രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറിയത്. ആദ്യ സെറ്റിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും തിരിച്ചു വന്ന ഹാലപ്പ് എതിരാളിയെ തുടർച്ചയായി ബ്രൈക്ക് ചെയ്തു സെറ്റ് 6-4 നു സ്വന്തമാക്കി. ചടങ്ങ് മാത്രം ആയ രണ്ടാം സെറ്റിൽ ആവട്ടെ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാൻ ഹാലപ്പ് തയ്യാറായില്ല, 6-0 നു സെറ്റും മത്സരവും റൊമാനിയൻ താരം സ്വന്തം പേരിൽ കുറിച്ചു.

ഏതാണ്ട് സമാനമായ ജയം ആണ് ആദ്യ റൗണ്ടിൽ 20 സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയും നേടിയത്. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം ടോംജലോനോവിച്ചിനെ 6-0, 7-5 എന്ന സ്കോറിന് ആണ് സക്കാരി മറികടന്നത്. സീഡ് ചെയ്യാത്ത മറ്റൊരു ഓസ്‌ട്രേലിയൻ താരം മാഡിസൺ ഇൻഗ്ലിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 27 സീഡ് റഷ്യൻ താരം എക്റ്ററിന അലെക്സൻഡ്രോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 3 തവണ ബ്രൈക്ക് വഴങ്ങിയ റഷ്യൻ താരം 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്താണ് 6-3, 6-3 എന്ന സ്കോറിന് ആദ്യ റൗണ്ടിൽ ജയം കണ്ടത്.

Advertisement