
പരിക്ക് മൂലം 23 തവണ ഗ്രാൻഡ് സ്ലാം വിജയിയായ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിൽ നിന്ന് പിന്മാറി. നാലാം റൗണ്ടിൽ ഇന്ന് മരിയ ഷറപ്പോവയെ നേരിടാനിരിക്കെയാണ് സെറീന ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നു എന്ന് അറിയിച്ചത്.
ജൂലിയ ജോർജ്സുമായുള്ള മൂന്നാം റൌണ്ട് മത്സരത്തിനിടെ തന്നെ പരിക്കിന്റെ ലക്ഷണങ്ങൾ തനിക്കുണ്ടായിരുന്നെന്ന് സെറീന വില്യംസ് പറഞ്ഞു. അതിനു ശേഷം നടത്തിയ സ്കാനിലാണ് പരിക്ക് വ്യക്തമായത് എന്നും സെറീന പറഞ്ഞു. തന്റെ ആദ്യ കുട്ടിക്ക് ജന്മം കൊടുത്തതിന് ശേഷം അടുത്തിടെയാണ് സെറീന കളത്തിലേക്ക് തിരിച്ചു വന്നത്.
ഷറപ്പോവയും സെറീന വില്യംസും തമ്മിലുള്ള മത്സരം ഫ്രഞ്ച് ഓപ്പണിൽ ആവേശം സൃഷ്ട്ടിക്കും എന്ന് കരുതപ്പെട്ടിരുന്ന സമയത്താണ് പരിക്കേറ്റ് സെറീന ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. ഇരുവരും അവസാനം ഏറ്റുമുട്ടിയ 21 മത്സരങ്ങളിൽ 19 എണ്ണവും ജയിച്ച സെറീന എതിരാളിയായ ഷറപ്പോവക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial