
ഫ്രഞ്ച് ഓപ്പണിൽ ഇന്ന് നടക്കാനിരിക്കുന്നത് തീ പാറുന്ന പോരാട്ടമാണ്. വിലക്കിന് ശേഷം പഴയ ഫോമിന്റെ മിന്നലാട്ടങ്ങൾ അങ്ങിങ്ങായി കാണിച്ചു തുടങ്ങിയ ഷറപ്പോവ ഒരു ഭാഗത്ത്, മറുഭാഗത്ത് അമ്മയായ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തുന്ന സെറീന. മത്സരം കടുകട്ടി ആകുമെന്നതുറപ്പ്. സെപ്റ്റംബറിൽ മരിയയുടെ ‘അൺസ്റ്റോപ്പബിൾ:മൈ ലൈഫ് സൊ ഫാർ’ എന്ന ഓട്ടോബയോഗ്രാഫി ഇറങ്ങിയതിന് ശേഷം ആദ്യമായാണ് ഇരുവരും നേർക്കുനേർ വരുന്നത്. സെറീനയ്ക്കെതിരെ നിരവധി പരാമർശങ്ങൾ ഉള്ളത് കൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിന് ഒരു വൈകാരിക തലം കൂടെ കൈവരുമെന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.
ഇരുവരും ഏറ്റുമുട്ടിയ ആദ്യ വിംബിൾഡൺ ഫൈനലിൽ ഷറപ്പോവയോട് തോറ്റ ശേഷം ‘ഇനി ആ എല്ലുന്തിയ പിശാചിനോട് തോൽക്കില്ല’ എന്ന് സെറീന ഒരു സുഹൃത്തിനോട് പറഞ്ഞെന്നാണ് മരിയ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രധാനം. ഒരു ആരാധിക എന്ന നിലയിൽ പുസ്തകം വാങ്ങിയെന്നും എന്നാൽ അതിൽ തന്നെ കുറിച്ചാണ് അധികവും എന്നതിനാൽ പുസ്തകം വായിക്കേണ്ടതില്ല എന്നുമാണ് ആരോപണങ്ങളോട് സെറീന പ്രതികരിച്ചത്. കാര്യങ്ങൾ ഇങ്ങനൊക്കെ ആണെങ്കിലും പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ 18 മത്സരങ്ങളുടെ ഫലങ്ങൾ നോക്കുമ്പോൾ ‘ഷറപ്പോവയോട് ഇനി തോൽക്കില്ല’എന്ന് സെറീന പറഞ്ഞിട്ടുണ്ട് എന്നുതന്നെ വിശ്വസിക്കാനേ തൽക്കാലം നിർവ്വാഹമുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial