‘നദാലിന് എതിരെ ഡ്രോപ്പ് ഷോട്ടുകൾ ഉപയോഗിച്ചത് തിരിച്ചടിച്ചു, നദാൽ കളിച്ചത് പിഴവില്ലാത്ത മത്സരം’ ~ ജ്യോക്കോവിച്ച്

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഏറ്റ നിരാശജനകമായ തോൽവിയിൽ പ്രതികരണവും ആയി നൊവാക്‌ ജ്യോക്കോവിച്ച്. പലപ്പോഴും സാഹചര്യങ്ങൾ അനുകൂലം ആയതും 2020 തിലെ അവിശ്വസനീയമായ മികച്ച ഫോമും പലരും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ജ്യോക്കോവിച്ചിനു വലിയ സാധ്യതകൾ ആണ് നദാലിന് എതിരെ നൽകിയത്. എന്നാൽ നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം അടിയറവ് പറഞ്ഞ ജ്യോക്കോവിച്ച് ആദ്യ രണ്ടു സെറ്റുകളിൽ മത്സരത്തിൽ പോലും ഉണ്ടായിരുന്നില്ല. കളിമണ്ണ് മൈതാനത്ത് നദാൽ തന്നെക്കാൾ മികച്ച താരം ആണെന്ന് പറഞ്ഞ ജ്യോക്കോവിച്ച് നദാൽ പുറത്ത് എടുത്തത് പിഴവില്ലാത്ത ടെന്നീസ് ആണെന്നും പ്രതികരിച്ചു. ഇത്തരം പ്രകടനങ്ങൾ ആണ് നദാലിനെ കളിമണ്ണ് മൈതാനത്തിലെ രാജാവ് ആണെന്ന് വിളിക്കാൻ കാരണം എന്നും ജ്യോക്കോവിച്ച് കൂട്ടിച്ചേർത്തു.

ആദ്യ രണ്ടു സെറ്റിൽ തനിക്ക് കുറച്ച് കൂടി നന്നായി കളിക്കാം ആയിരുന്നു എന്ന് സമ്മതിച്ച ജ്യോക്കോവിച്ച് പക്ഷെ നദാൽ ആദ്യ രണ്ടു സെറ്റിൽ പുറത്ത് എടുത്ത അസാമാന്യ ടെന്നീസിൽ താൻ തീർത്തും കീഴടങ്ങിയതിൽ അതിശയം അല്ലെന്നും പറഞ്ഞു. അതേസമയം നദാലിന് എതിരെ ഡ്രോപ്പ് ഷോട്ടുകൾ കളിച്ച് പോയിന്റുകൾ എളുപ്പത്തിൽ നേടാനുള്ള തന്ത്രം തനിക്ക് വലിയ തിരിച്ചടി ആയത് ആയി ജ്യോക്കോവിച്ച് സമ്മതിച്ചു. പലപ്പോഴും നദാൽ വളരെ എളുപ്പം ജ്യോക്കോവിച്ചിന്റെ ഡ്രോപ്പ് ഷോട്ടുകൾ വായിച്ച് എടുത്തത് മത്സരത്തിൽ കണ്ടു. അതേസമയം തനിക്ക് നേരെ ഉയർന്ന കളത്തിനു അകത്തും പുറത്തും ഏറ്റ വിമർശനങ്ങളോടും ജ്യോക്കോവിച്ച് പ്രതികരിച്ചു. എല്ലാവരാലും ഇഷ്ടപ്പെടാൻ തനിക്ക് ആവില്ലെന്ന് പറഞ്ഞ ജ്യോക്കോവിച്ച് താൻ തന്റെ ജീവിതത്തിലും കളത്തിലെ നേട്ടങ്ങളിലും തൃപ്തൻ ആണെന്നും കൂട്ടിച്ചേർത്തു.

Exit mobile version