തിരിച്ചു വന്നു ബുസ്റ്റയോട് പ്രതികാരം ചെയ്തു ജ്യോക്കോവിച്ച് പത്താം ഫ്രഞ്ച് ഓപ്പൺ സെമിയിൽ

20201008 100439
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ ഇത്തവണ തന്റെ ആദ്യ സെറ്റ് വഴങ്ങിയെങ്കിലും 17 സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ മറികടന്നു സെമിഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. ബുസ്റ്റക്ക് എതിരെയായിരുന്നു വിവാദമായ യു.എസ് ഓപ്പണിലെ പുറത്താകൽ എന്നതിനാൽ തന്നെ ജ്യോക്കോവിച്ചിനു ഈ ജയം മധുരപ്രതികാരം കൂടിയായി. ഇത് പത്താം തവണയാണ് ജ്യോക്കോവിച്ച് റോളണ്ട് ഗാരോസിൽ സെമിഫൈനൽ കളിക്കുക. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയ ജ്യോക്കോവിച്ച് ബുസ്റ്റയെ ആറു തവണയാണ് ബ്രൈക്ക് ചെയ്തത്. 5 തവണ സർവീസ് ഇരട്ടപ്പിഴവുകൾ മത്സരത്തിൽ വരുത്തിയ ജ്യോക്കോവിച്ച് ആദ്യ സെറ്റ് 6-4 നു കൈവിട്ടു കൊണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ മത്സരം പുരോഗമിക്കുന്ന പോലെ കരുത്തൻ ആവുന്ന ജ്യോക്കോവിച്ചിനെ ആണ് മത്സരത്തിൽ കാണാൻ ആയത്.

രണ്ടാം സെറ്റിൽ ബുസ്റ്റയെ 2 തവണ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. പൊരുതാൻ ഉറച്ച് ഇറങ്ങിയ ബുസ്റ്റ മൂന്നാം സെറ്റിലും പൊരുതി നോക്കിയെങ്കിലും 6-3 നു സെറ്റ് കൈവിട്ടു. തുടർന്ന് സെമിഫൈനൽ ദൂരം ഒരൊറ്റ സെറ്റിലേക്ക് മാത്രം ആക്കിയ ജ്യോക്കോവിച്ച് 6-4 നു നാലാം സെറ്റ് നേടി സെമിഫൈനലിലേക്ക് മുന്നേറി. നാലു കൊല്ലം മുമ്പ് കിരീടം ചൂടിയ ജ്യോക്കോവിച്ച് ഇനിയൊരു കിരീടം കൂടി ഉയർത്തി നാലു ഗ്രാന്റ് സ്‌ലാമുകളും ഒന്നിൽ കൂടുതൽ തവണ നേടുക എന്ന അപൂർവ റെക്കോർഡ് ആണ് പാരീസിൽ ലക്ഷ്യം വക്കുന്നത്. ഇത് വരെ ആരും കൈവരിക്കാത്ത ഈ നേട്ടത്തിൽ ജ്യോക്കോവിച്ച് എത്തുമോ എന്നു കാത്തിരുന്നു കാണാം.

Advertisement