സ്റ്റിസ്റ്റിപാസിന്റെ പോരാട്ടം അതിജീവിച്ച് ജ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ,സ്വപ്നഫൈനൽ കാത്ത് ആരാധകർ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ അഞ്ചാം സീഡ് ഗ്രീക്ക് യുവ താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിന്റെ കടുത്ത പോരാട്ടം അതിജീവിച്ച് ഒന്നാം സീഡ് സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ച് ഫൈനലിൽ.കരിയറിലെ 27 മത്തെ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്കും അഞ്ചാമത്തെ റോളണ്ട് ഗാരോസ് ഫൈനലിലേക്കും ആണ് ജ്യോക്കോവിച്ച് മുന്നേറിയത്. മത്സരത്തിന്റെ തുടക്കത്തിൽ തീർത്തും ഏകപക്ഷീയമെന്നു തോന്നിയ മത്സരത്തെ മൂന്നാം സെറ്റിൽ മാച്ച് പോയിന്റുകൾ രക്ഷിച്ചു എടുത്ത സ്റ്റിസ്റ്റിപാസ് അഞ്ച് സെറ്റിലേക്ക് നീട്ടുക ആയിരുന്നു. 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ജ്യോക്കോവിച്ചിനെതിരെ 15 ബ്രൈക്ക് പോയിന്റുകൾ ആണ് സ്റ്റിസ്റ്റിപാസ് സൃഷ്ടിച്ചത് എന്നാൽ ഇതിൽ നാലെണ്ണം മാത്രമേ ഗ്രീക്ക് താരത്തിന് മുതലാക്കാൻ ആയുള്ളൂ. അതേസമയം 5 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ സ്റ്റിസ്റ്റിപാസിനെതിരെ 22 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച ജ്യോക്കോവിച്ച് 8 തവണ ഗ്രീക്ക് താരത്തെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

ആദ്യ സെറ്റ് ആധികാരികം ആയി 6-3 നു നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-2 നു കയ്യിലാക്കി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ 5-4 എന്ന നിലക്ക് പിറകിൽ നിൽക്കുമ്പോൾ മാച്ച് പോയിന്റുകൾ രക്ഷിച്ചു അസാധാരണ തിരിച്ചു വരവ് കാണിച്ച സ്റ്റിസ്റ്റിപാസ് സെറ്റ് 7-5 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്താൻ ആയ സ്റ്റിസ്റ്റിപാസ് സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ അഞ്ചാം സെറ്റിൽ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചു പിടിച്ച ജ്യോക്കോവിച്ച് സ്റ്റിസ്റ്റിപാസിന് സെറ്റിൽ ഒരവസരവും നൽകിയില്ല. സെറ്റ് 6-1 നു നേടിയ താരം ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു.

ഇതോടെ ടെന്നീസ് ആരാധകർ കാത്തിരുന്ന സ്വപ്നഫൈനലിന് റോളണ്ട് ഗാരോസ് വേദിയാകും. 2016 ൽ കിരീടം നേടിയ ശേഷം തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിക്കുന്ന ജ്യോക്കോവിച്ചിനു പതിമൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യം വക്കുന്ന നദാൽ ആണ് എതിരാളി. ഇതിനു മുമ്പ് ഒരിക്കൽ നദാലിനെ ഫ്രഞ്ച് ഓപ്പണിൽ തോൽപ്പിച്ച ചരിത്രം ജ്യോക്കോവിച്ചിനു ആത്മവിശ്വാസം പകരുമ്പോൾ ഇത് വരെ കളിച്ച ഒരു ഫ്രഞ്ച് ഓപ്പൺ ഫൈനലും നദാൽ തോറ്റിട്ടില്ല എന്നത് വസ്‌തുത ആയി നിൽക്കുന്നു. 20 മത്തെ ഗ്രാന്റ് സ്‌ലാമിനു ഒപ്പം നൂറാം റോളണ്ട് ഗാരോസ് ജയം ആണ് ഫൈനലിൽ നദാൽ ലക്ഷ്യം വക്കുന്നത്. എല്ലാ ഗ്രാന്റ് സ്‌ലാമുകളും ഒന്നിൽ കൂടുതൽ നേടുക എന്ന ചരിത്രനേട്ടം ജ്യോക്കോവിച്ചിനു പ്രചോദനം ആവും എന്നുറപ്പാണ്. കരിയറിൽ ഇത് 55 മത്തെ പ്രാവശ്യം ആണ് ചരിത്രം കണ്ട ഏറ്റവും മഹത്തായ ഇരുതാരങ്ങളും നേർക്കുനേർ വരുന്നത്.