ഗുരുവും ശിഷ്യനും ഏറ്റുമുട്ടുന്ന ഫ്രഞ്ച് ഓപ്പൺ ഫൈനൽ

Picsart 22 06 04 23 13 25 274

ഇതിന് മുൻപ് നദാലിനോട് ഫ്രഞ്ച് ഓപ്പണിൽ ഏറ്റുമുട്ടിയ കളിക്കാർക്കൊന്നും ഇല്ലാത്ത പ്രത്യേകത കാസ്പർ റൂഡിനുണ്ട്. കാസ്പർ കഴിഞ്ഞ നാല് വർഷമായി ടെന്നീസ് പഠിക്കുന്നത് നദാൽ ടെന്നീസ് അക്കാദമിയിലാണ്! ഈ നോർവേക്കാരൻ ഒരു മേജർ ടൂർണമെന്റിൽ പോലും നദാലുമായി കളിച്ചിട്ടില്ലെങ്കിലും, അക്കാദമിയിൽ പല തവണ കളിച്ചു തോറ്റിട്ടുണ്ട്. നദാലിന്റെ കൂടെ പരിശീലിച്ചതിന്റെയാകും, കാസ്പർ ഇതിനകം ജയിച്ച എടിപി ടൂർണമെന്റുകളിൽ അധികവും ക്ലേ കോർട്ടുകളായിരിന്നു. കൂടാതെ ഈയ്യടുത്ത കാലത്ത് നദാലിന്റെ കളി ഇത്ര അടുത്ത് നിന്നു കണ്ട വേറെ കളിക്കാരൻ കാണില്ല.
20220604 231142
ഇതൊക്കെ ഒരു ആശ്വാസത്തിന് വേണ്ടി പറയാമെന്ന് മാത്രം. നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇറങ്ങുമ്പോൾ എതിരാളികൾ എത്ര തയ്യാറെടുപ്പ് എടുത്താലും അത് മതിയാകാതെ വരും. റോളാണ്ട് ഗാറോസ് നദാലിന്റെ ഹോം ഗ്രൗണ്ടാണ് എന്നാണ് പറയാറ്, ടെന്നീസിൽ അങ്ങനെയൊരു പതിവില്ലെങ്കിൽ കൂടി.

കണക്കുകൾ നദാലിന്റെ ഒപ്പമാണ്, 13 തവണ ഈ ക്ലേ കോർട്ടിൽ ഉയർത്തിയ കപ്പുൾപ്പടെ 21 തവണ നദാൽ ഗ്രാൻഡ്സ്ലാം ഫൈനലിൽ വിജയിച്ചിട്ടുണ്ട്. അതേ സമയം ഇത് കാസ്പറിന്റെ ആദ്യ ഫൈനലാണ്. കാസ്പർ 2019ൽ മേജർ കളിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാമിൽ നാലാം റൗണ്ടിനു അപ്പുറം കടക്കുന്നത്.
20220602 102841
പക്ഷെ കഴിഞ്ഞ രണ്ടാഴ്ച്ച ഫ്രഞ്ച് ഓപ്പണിൽ മുൻ നോർവേ എടിപി പ്ലെയറുടെ ഈ മകൻ പുറത്തെടുത്ത കളി കണ്ടാൽ, ആ രാജ്യം ആദ്യമായി ഒരു ഗ്രാൻഡ്സ്ലാം സ്വപ്നം കാണുന്നതിൽ തെറ്റില്ല.

അതേ സമയം പാരീസിൽ നദാൽ ജയിച്ചാൽ, തന്റെ തന്നെ പല റെക്കോർഡുകളും തിരുത്തിയെഴുതും. 14ആം തവണ മസ്കറ്റിയേർസ് ട്രോഫി ഉയർത്തി തന്റെ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 21ൽ നിന്ന് 22 ആക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

Previous articleഅവസാന ഓവറുകളിൽ കളി കളഞ്ഞ് നെതര്‍ലാണ്ട്സ്, മൂന്നാം ഏകദിനത്തിലും വെസ്റ്റിന്‍ഡീസിന് വിജയം
Next articleസൗഹൃദ മത്സരങ്ങളുടെ കാലം അവസാനിച്ചു, ടീമിലെ പരീക്ഷണങ്ങൾക്കുള്ള അവസരങ്ങൾ കുറഞ്ഞു : ലൂയിസ് എൻറിക്വെ