‘ക്ലേ ആർട്ടിലെ’ കുലപതി

- Advertisement -

കളിമണ്ണ് കൊണ്ട് ശില്പങ്ങൾ നിർമ്മിക്കുന്ന ശിൽപിയെ പോലെയാണ് നദാൽ. കളിമണ്ണിനെ ഇത്രയും അടുത്തറിഞ്ഞ ഒരു കളിക്കാരൻ ഉണ്ടാവുകയില്ല ഇനിയിട്ട് ഉണ്ടാകാനും സാധ്യതയില്ല. കുഴച്ച മണ്ണിനെ തൊട്ട് തലോടി ശില്പമാക്കുന്ന ചാരുതയോടെയാണ് നദാലിന്റെ റായ്ക്കറ്റിൽ നിന്ന് ഓരോ ഷോട്ടും പ്രവഹിക്കുന്നത്. അതിലൊരു ശിൽപിയുടെ കരവിരുതുണ്ട്, കുഴച്ച് തന്റെ സൃഷിടിക്കായി പാകപ്പെടുത്തുന്ന കരുത്തുണ്ട്.

കളിമൺ കോർട്ടിൽ നദാൽ ഇറങ്ങുമ്പോൾ അയാൾ വേറെ ഏതോ ലോകത്ത് നിന്ന് വന്നതാണെന്ന് തോന്നിപ്പോകും. അവസാനിച്ചെന്ന് തോന്നുന്ന റാലികളിൽ അയാൾ എവിടെ നിന്നൊക്കെയോ സ്ലൈഡ് ചെയ്ത് എത്തും, കോർട്ടിന്റെ എല്ലായിടത്തും ഓരോ നദാലുണ്ടെന്ന് എതിർ കളിക്കാരന് മാത്രമല്ല കളികാണുന്ന ഓരോരുത്തർക്കും തോന്നിപ്പോകും.

നദാലിന്റെ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനലാണ്. ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ പതിനൊന്ന് തവണയെത്തുന്ന കളിക്കാരൻ എന്ന ഫെഡററുടെ റെക്കോർഡിന് ഒപ്പം എത്താനും ഇതോടെ നദാലിനായി. നാളെ പക്ഷേ നദാലിനെ കാത്തിരിക്കുന്നത് ഓസ്ട്രിയയുടെ ഡൊമിനിക് തിം എന്ന കളിക്കാരന്റെ വെല്ലുവിളിയാണ്. കളിമണ്ണിൽ നദാലിനെ കഴിഞ്ഞ കൊല്ലവും, ഇക്കൊല്ലവും കീഴടക്കിയ ഏക താരമെന്നത് തന്നെ നാളത്തെ മത്സരത്തിന് കൊഴുപ്പ് കൂട്ടും.

കളിമണ്ണിൽ നദാൽ പുതിയ ശില്പങ്ങൾ നിർമ്മിച്ച് കൊണ്ടേ ഇരിക്കുകയാണ്. റായ്ക്കറ്റ് കയ്യിലേന്തുന്ന കാലം വരെ അത് അനസ്യൂതം തുടർന്ന് കൊണ്ടേയിരിക്കും എന്ന് വിശ്വസിക്കാനേ തൽക്കാലം നിവൃത്തിയുള്ളൂ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement