ടെന്നീസിന്റെ സൗന്ദര്യം

വാച്ചുകൾക്കും, ചോക്ളേറ്റുകൾക്കും പിന്നെ ബാങ്കുകൾക്കും പേരുകേട്ട നാട് ഇന്നൊരു പക്ഷേ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് റോജർ ഫെഡററുടെ നാടെന്ന പേരിലായിരിക്കും. കായികലോകത്ത് തിളങ്ങുന്ന താരമായി ആ പേര് മാറിയിട്ട് ഏകദേശം ഒന്നര ദശാബ്ദക്കാലമായിരിക്കുന്നു. ഒരിക്കൽ പോലും കളിച്ചിട്ടില്ലാത്തവരുടെ ഇടയിൽ പോലും ടെന്നീസിനെ ഇത്രയേറെ ജനകീയമാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് റോജർ ഫെഡറർ എന്ന താരത്തിന്റെ ഏറ്റവും വലിയ നേട്ടം. 2001 ൽ പുൽക്കോർട്ടിലെ ചക്രവർത്തിയായ സാംപ്രാസിനെ തകർത്താണ് റോജർ ഫെഡറർ തന്റെ വരവറിയിച്ചത്. 2003ൽ ഗ്രാൻഡ്സ്ളാമുകളിലെ ഗ്രാൻഡ്സ്ളാമായ വിംബിൾഡൺ, ടെന്നീസ് കണ്ട എക്കാലത്തെയും മഹാപ്രതിഭ അവിടെ ജനിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഫെഡററുടെ അശ്വമേധമായിരുന്നു. ഇതിനിടയിൽ തന്റെ ആരാധനാപാത്രമായ സാംപ്രാസിന്റെ റെക്കോർഡും, കരിയർ സ്ളാമും, ഏറ്റവും അധികക്കാലം ഒന്നാം നമ്പർ സ്ഥാനവും, അങ്ങനെ എല്ലാം ഒന്നൊന്നായി ഫെഡറർ സ്വന്തമാക്കി. (ഒളിമ്പിക് ഗോൾഡ് ഇല്ലാത്തതിനാൽ ഗോൾഡൻ സ്ളാം മാത്രമാണ് ഇപ്പോഴും പൂർത്തിയാകാതെ നിൽക്കുന്നത്)

മനോഹരമായ നൃത്തച്ചുവടുകൾ പോലെ, പാറിപ്പറക്കുന്ന പൂമ്പാറ്റയെപ്പോലെ അനുപമമാണ് ഫെഡററുടെ കളി. ബേസ് ലൈനിന് വാരകൾ അകലെ നിന്ന് കരുത്തുകൊണ്ട് ടെന്നീസ് കളിക്കുന്ന ഈ കാലത്ത് സൗന്ദര്യവും ആക്രമണവും ഏകോപിപ്പിച്ച ശൈലിയിലുള്ള കളിയാണ് ഫെഡറർ എന്ന പ്രതിഭയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വന്യമായ കരുത്തിനെ പ്രതിഭ കൊണ്ട് നേരിട്ടാണ് ഈ നേട്ടങ്ങളെല്ലാം ഫെഡറർ കൊയ്തതും, ഏതൊരാളേയും അസൂയപ്പെടുത്തുന്ന അത്രയും ആരാധകരെ നേടിയതും. അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ഷോട്ടുകൾ അനായാസം ഉതിർക്കാനും, എതിർ കോർട്ടിന്റെ ഏത് ഭാഗത്തേക്കും ഒഴുകുന്ന ഒറ്റക്കയ്യൻ ബാക്ക്ഹാൻഡും, അധികം വേഗതയില്ലാത്ത എന്നാൽ എതിരാളിക്ക് ഒരു പഴുതും നൽകാത്ത സർവ്വുകളും, ടെന്നീസിലെ ഏറ്റവും മികച്ചതെന്ന് വാഴ്ത്തപ്പെടുത്തുന്ന ഫോർഹാൻഡ്‌ ഷോട്ടുകളും, കോർട്ടിലെ ചടുല നീക്കങ്ങളുമാണ് ഫെഡറർ ഗെയിമിന്റെ പ്രത്യേകതകൾ. കോർട്ടിൽ വികാരപ്രകടനങ്ങൾ അധികമൊന്നും പ്രദർശിപ്പിക്കാത്ത, ഏത് പ്രതികൂല സാഹചര്യങ്ങളിലും ഒരു കുലുക്കവുമില്ലാതെ അക്ഷോഭ്യനായി നിൽക്കുന്ന, കോർട്ടിലും പുറത്തും പുലർത്തുന്ന സൗമ്യമായ പെരുമാറ്റവും, കുലീനതയൊക്കെയാവാം എല്ലാത്തിനുമപ്പുറം ഫെഡറർക്ക് ഇന്ന് കാണുന്ന അത്രയും ആരാധകരെ നേടിക്കൊടുത്തത്. എന്തായാലും ടെന്നീസ് അറിയാത്തവരെക്കൊണ്ട് പോലും ഫെഡറർ തന്നെ ജയിക്കണേയെന്ന് പ്രാർത്ഥിപ്പിക്കാൻ തോന്നിപ്പിക്കുന്ന എന്തോ മാന്ത്രികത ആ പേരിലൊളിച്ചിരിക്കുന്നുണ്ട്.

വർഷങ്ങളുടെ ഇടവേള വന്നതോടെ വിജയപീഠത്തിൽ ഇനിയൊരു ആനന്ദക്കണ്ണീരിന്‌ സാധ്യതയില്ലെന്ന് കടുത്ത ആരാധകർ പോലും പറഞ്ഞു തുടങ്ങിയ കാലത്ത്, ആറ് മാസക്കാലത്തെ പരിക്കിന്റെ ഇടവേള കഴിഞ്ഞെത്തുന്ന ആദ്യ ഗ്രാൻഡ്സ്ളാമിൽ തന്നെ ഫെഡറർ എല്ലാവരേയും തിരുത്തിയിരിക്കുന്നു. അതും തനിക്ക് എന്നും ബുദ്ധിമുട്ടുള്ള മത്സരങ്ങളും, തോൽവികളും സമ്മാനിച്ച ഏറ്റവും വലിയ എതിരാളിയായ റാഫേൽ നദാലിനെ തന്നെ തകർത്ത് കൊണ്ട്. ഗ്രാൻഡ്സ്ളാമുകളുടെ എണ്ണത്തിൽ മധുരപ്പതിനേഴെന്ന കൗമാരവും കടന്ന് പതിനെട്ടിന്റെ നിറയൗവ്വനത്തിലേക്ക് ഫെഡറർ കടന്നിരിക്കുന്നു അതും മുപ്പത്തിയഞ്ചാം വയസ്സിൽ! ഫെഡററെപ്പോലെ പ്രതിഭയുള്ള താരത്തിന് പോലും ഒരു ഗ്രാൻഡ്സ്ളാം നേടാൻ അഞ്ചവർഷകാലത്തെ ഇടവേള വന്നെന്ന് പറയുമ്പോൾ തന്നെ പുരുഷ ടെന്നീസ് എത്രത്തോളം ഉയർന്ന തലത്തിലാണെന്നത് ചിന്തിക്കാവുന്നതേയുള്ളൂ. എത്രയൊക്കെ ആത്മവിശ്വാസമുണ്ടെങ്കിലും നേട്ടങ്ങളില്ലാതെ ഇനിയും തുടർന്നിരുന്നെങ്കിൽ വിരമിക്കലെന്ന ചിന്ത സാക്ഷാൽ റോജറിന്റെ മനസ്സിലൂടേയും കടന്നു പോകുമായിരുന്നു എന്ന് തോന്നുന്നു. പക്ഷേ തോൽവികളിലും, വിജയങ്ങളിലും തന്റെ കളികൊണ്ട് ഇനിയുമൊട്ടേറെ ഹൃദയങ്ങൾ കീഴടക്കാൻ ഫെഡറർ തുടരണമെന്നത് കാലത്തിന്റെ ആവശ്യം കൂടിയാകാം. അതുകൊണ്ടു തന്നെ ടെന്നീസ് പ്രേമികൾക്ക് ഈ കിരീടം ഒരനുഗ്രഹവും ഒപ്പം ഭാഗ്യവുമാണ് കാരണം ഇനിയുമേറെകാലം ടെന്നീസ് കോർട്ടിലെ ആ സൗന്ദര്യമാസ്വദിക്കാൻ, ഇതുപോലുള്ള വലിയ മത്സരങ്ങളുടെ ഓർമ്മകൾ സമ്മാനിക്കാൻ ഫെഡറർ തുടരേണ്ടതുണ്ട്. നന്ദി, ഒരു മനോഹര കാലഘട്ടത്തിന്റെ ഭാഗമായതിൽ അഭിമാനിക്കാൻ ഒരു പേര് കൂടെ സമ്മാനിച്ച ദൈവത്തിന്….

Previous articleപൊരുതി തോറ്റ് കേരളം, കര്‍ണ്ണാടകയ്ക്ക് 19 റണ്‍സ് വിജയം
Next articleഈസ്റ്റേണിനെയും തോല്പിച്ച് റൈസിംഗ് സ്റ്റുഡന്റ്സ്